Kerala
ബസിൽ പാട്ടുവെച്ചാൽ നടപടിയെടുക്കാൻ നിർദേശം

തിരുവനന്തപുരം: മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കണമെന്ന് പോലീസിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദേശം.
കേരള മോേട്ടാർ വാഹന നിയമം സെക്‌ഷൻ 53ലെ ചട്ടം 289 പ്രകാരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ ദൃശ്യ- ശ്രവ്യ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല.
ചട്ടപ്രകാരമുള്ള നടപടികൾ ശക്തവും ഫലപ്രദവുമായി നടപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കമ്മീഷൻ ട്രാഫിക് ഐ ജി, ഗതാഗത കമ്മീഷണർ എന്നിവരിൽ നിന്ന് റിപ്പോർട്ട് വാങ്ങി. ദൃശ്യ- ശ്രവ്യ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഫീൽഡ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഗതാഗത കമ്മീഷനർ അറിയിച്ചു. ദൃശ്യ- ശ്രവ്യ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ശബ്ദമലിനീകരണത്തിനും അപകടങ്ങൾക്കും കാരണമാകുമെന്ന് ട്രാഫിക് ഐ ജി അറിയിച്ചു.
ഇക്കാര്യത്തിൽ സുക്ഷ്മ നിരീക്ഷണം നടത്താൻ ട്രാഫിക് എസ് പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ഡ്രൈവർമാരെ ബോധവത്കരിക്കാൻ ശുഭയാത്ര എന്ന പദ്ധതി നടപ്പാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കുറ്റം ചെയ്ത് പിഴയടച്ച ശേഷവും കുറ്റങ്ങൾ ആവർത്തിക്കുന്നതായി കമ്മീഷൻ ചൂണ്ടിക്കാട്ടി. ബെന്നി മാത്യു നൽകിയ പരാതിയിലാണ് നടപടി.