ശുഹൈബ് വധം: സിംഗിള്‍ ബെഞ്ചിന്റെ വിധി റദ്ദാക്കി;സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

Posted on: August 2, 2019 9:26 am | Last updated: August 2, 2019 at 7:14 pm

കൊച്ചി: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാറിന്റെ അപ്പീല്‍ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി. കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്.

കേസ് രേഖകളോ ഡയറികളോ സിംഗിള്‍ ബെഞ്ച് പരിശോധിച്ചിട്ടില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് സിബിഐ അന്വേഷണം സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ നീക്കിക്കിട്ടാന്‍ ഹരജിക്കാരന്‍ തുടര്‍ നപടി സ്വീകരിച്ചിട്ടില്ല. പോലീസ് കുറ്റപത്രം സമര്‍പ്പിച്ച ഘട്ടത്തിലും തടസങ്ങള്‍ ഉന്നയിച്ചില്ലെന്നും സിബിഐ അന്വേഷണം തള്ളാന്‍ കാരണമായി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

സിപിഎം നേതാക്കള്‍ പ്രതികളായ കേസ് സിബിഐക്ക് കൈമാറുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തിരുന്നു. പ്രാദേശിക തലത്തിലുള്ള വൈര്യത്തെ തുടര്‍ന്ന് നടന്ന കൊലപാതകമാണിതെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഏതെങ്കിലും നേതാക്കള്‍ക്കൊപ്പം പ്രതികള്‍ നില്‍ക്കുന്ന ചിത്രം മാത്രം പരിഗണിച്ച് നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് പറയാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ശുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് അന്വേഷണം സിബിഐക്ക് കൈമാറിയത്. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. കേസിലെ അന്വേഷണം പൂര്‍ത്തിയായെന്നും ഗൂഢാലോചന അടക്കം വിശദമായി അന്വേഷിച്ചതിനാല്‍ കേന്ദ്ര ഏജന്‍സി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. 2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായുണ്ടായ ആക്രമണത്തില്‍ ശുഹൈബ് കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബിനെ കണ്ണൂര്‍ തെരൂരിലെ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അക്രമിസംഘം വെട്ടിക്കൊല്ലുകയായിരുന്നു.