National
എതിര്‍പ്പ് തുടരുന്നതിനിടെ വിവാദ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയും പാസാക്കി

ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്യുന്നതിന് അവസാന വര്‍ഷ ദേശീയ പരീക്ഷക്ക് ശിപാര്‍ശയുള്ള മെഡിക്കല്‍ കമ്മീഷന്‍ ബില്‍ രാജ്യസഭയും പാസാക്കി. ആരോഗ്യ രംഗത്ത് ഗുരുതര പ്രത്യാഘാതത്തിന് ഇടയാക്കുന്നതാണ് ബില്ലെന്ന് പറഞ്ഞ് ഐ എം എയും സംസ്ഥാനങ്ങളിലെ അധികാരത്തിലേക്കുള്ള കേന്ദ്രത്തിന്റെ കൈകടത്തലാണ് ബില്ലെന്ന് വിവിധ സംസ്ഥാന സര്‍ക്കാറുകളും വിമര്‍ശിക്കുന്നതിനിടെയാണ് ബില്‍ ലോക്‌സഭക്ക് പിന്നാലെ രാജ്യസഭയും പാസാക്കിയത്. ഇനി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില്‍ നിയമമാകും.
രാജ്യസഭയില്‍ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അവതരിപ്പിച്ച ബില്‍ 51നെതിരെ 101 വോട്ടിനാണ് പാസായത്. പ്രതിപക്ഷത്തിന്റെ ഭേദഗതി വോട്ടിനിട്ട് തള്ളുകയായിരുന്നു.
സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ അമ്പതു ശതമാനം സീറ്റുകളിലെ ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
എം ബി ബി എസ് അവസാന വര്‍ഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. ഇതേ പരീക്ഷയുടെ മാര്‍ക്കാവും എം ഡി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനും ആധാരം. ദേശീയതല മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ അടിസ്ഥാനത്തിലാവും എയിംസ് ഉള്‍പ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം.
പ്രാഥമിക ശുശ്രൂഷക്കും പ്രതിരോധ കുത്തിവെപ്പുകള്‍ക്കും, മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്ത വിദഗ്ധര്‍ക്കും നിയന്ത്രിത ലൈസന്‍സ് നല്‍കും. 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാവും മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി.
ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇല്ലാതാകും. പകരം മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മെഡിക്കല്‍ കമ്മീഷനു കീഴില്‍ സ്വതന്ത്ര ബോര്‍ഡുകള്‍ സ്ഥാപിക്കും.
ബില്ലിനെതിരായ പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്ന് ഐ എം എ അറിയിച്ചു. ഇതിന്റെ ഭാഗമായി നാളെ രാജ്യവ്യാപക പണിമുടക്ക് നടത്താനും കേരളത്തില്‍ ഇന്ന് രാത്രി മുതല്‍ ഉപവാസം തുടങ്ങാനും യുവഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.