Kerala
അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളെ മര്‍ദിച്ച സംഭവം: രണ്ടാം പ്രതി അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും മര്‍ദിച്ച സംഭവത്തില്‍ രണ്ടാം പ്രതി അറസ്റ്റില്‍. മുഖ്യ പ്രതി സജീവാനന്ദന്റെ കൂട്ടാളി വിജയകുമാറിനെയാണ് പോലീസ് നേമത്തു നിന്ന് അറസ്റ്റു ചെയ്തത്. അമ്പലവയലില്‍ ഇയാള്‍ നടത്തുന്ന ലോഡ്ജില്‍ വച്ചാണ് ഊട്ടിക്കാരനായ യുവാവിനും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിക്കും ആദ്യം മര്‍ദനമേറ്റത്.
സജീവാനന്ദനൊപ്പം ലോഡ്ജിലെത്തിയ വിജയകുമാറും മറ്റൊരാളും, യുവാവും യുവതിയും താമസിച്ചിരുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറി അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതിയെ ശല്യപ്പെടുത്തിയതായും പറയുന്നു. എതിര്‍ത്തതോടെ ബഹളമുണ്ടാവുകയും ലോഡ്ജ് ജീവനക്കാര്‍ യുവാവിനെയും യുവതിയെയും ഇറക്കിവിടുകയും ചെയ്തു. പിന്നീട് ഇവരെ പുറത്തുവച്ച് മര്‍ദിക്കുമ്പോള്‍ സജീവാനന്ദനൊപ്പം വിജയകുമാറും ഉണ്ടായിരുന്നതായി യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു.
കേസിലെ മുഖ്യ പ്രതി സജീവാനന്ദന്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടി ഊര്‍ജിത തിരച്ചിലാണ് പോലീസ് നടത്തിവരുന്നത്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.