ചാവക്കാട് കൊലപാതകം രാഷ്‌ട്രീയ ആയുധമാക്കി സി പി എം

Posted on: August 1, 2019 9:00 am | Last updated: August 1, 2019 at 11:38 am

തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തിൽ പ്രതിരോധത്തിലായിരുന്ന സി പി എം, ചാവക്കാട് കൊലപാതകം ആയുധമാക്കി പ്രത്യാക്രമണത്തിന്. കോൺഗ്രസ് പ്രവർത്തകൻ നൗഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് എസ് ഡി പി ഐ ആയതിനാൽ വിമർശങ്ങളിൽ മൃദുസമീപനം കാണിക്കുന്നുവെന്നാണ് ആക്ഷേപം. കൊലപാതകത്തിൽ പ്രതിഷേധിച്ച കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ടി എൻ പ്രതാപൻ എം പിയും സംഭവത്തിൽ പ്രതിഷേധിച്ചപ്പോൾ എസ് ഡി പി ഐയുടെ പേര് പരാമർശിച്ചില്ലെന്ന് ചൂണ്ടിയാണ് സി പി എമ്മിന്റെ ആക്രമണം. രാവിലെ പ്രതികരിച്ചപ്പോൾ എസ് ഡി പി ഐയെക്കുറിച്ച് മൗനം പാലിച്ച മുല്ലപ്പള്ളി, സംഭവം വിവാദമായതോടെ നിലപാട് തിരുത്തി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ സുധാകരൻ എം പി, വി എം സുധീരൻ തുടങ്ങിയവരും എസ് ഡി പി ഐക്കെതിരെ നിലപാടെടുത്തു. അതേസമയം, സംഭവത്തിൽ സി പി എമ്മിന്റെ പങ്ക് അന്വേഷിക്കണമെന്നായിരുന്നു അനിൽ അക്കര എം എൽ എയുടെ പ്രതികരണം.

കൊലപാതക രാഷ്ട്രീയം വലിയ ചർച്ചയാക്കാറുള്ള കോൺഗ്രസ് എസ് ഡി പി ഐ പ്രതിസ്ഥാനത്ത് വന്നതോടെ പ്രതിഷേധം തണുപ്പിക്കുന്നുവെന്ന ആരോപണമാണ് സി പി എം ഉന്നയിച്ചത്. മുല്ലപ്പള്ളിയുടെയും പ്രതാപന്റെയും അനിൽഅക്കരെയുടെയും പ്രതികരണം ചൂണ്ടിക്കാട്ടിയായിരുന്നു ആക്ഷേപം. കോൺഗ്രസ്- എസ് ഡി പി ഐ ബന്ധമാണിതിന് പിന്നിലെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ വ്യക്തമാക്കി. കോടിയേരിയുടെ പ്രതികരണം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതോടെ വൈകുന്നേരത്തോടെ മുല്ലപ്പള്ളി എസ് ഡി പി ഐക്കെതിരെ രംഗത്തുവന്നു.

എസ് ഡി പി ഐ മതേതര കേരളത്തിന് തന്നെ ആപത്താണെന്നും ഈ വർഗീയ കൂട്ടത്തെ ഒറ്റപ്പെടുത്താൻ എല്ലാവരും ഒന്നിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാവിലെ ജാഗ്രതയോടെയാണ് പ്രതികരിച്ചത്. പ്രതികളെ സംബന്ധിച്ച് പിന്നീടാണ് മാധ്യമങ്ങളിലൂടെ അറിഞ്ഞത്. കോടിയേരിയുടെ പ്രസ്താവന കുറ്റബോധം കൊണ്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
പോലീസ് അതീവ ജാഗ്രതയോടെ കേസ് അന്വേഷിക്കണം.
കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നിത്യസംഭവമായിരിക്കുന്നു. ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി. സാധാരണ ജനങ്ങൾ പരിഭ്രാന്തിയിലാണ്. സി പി എം കൊലയാളികൾക്കു മാത്രമാണ് ഈ ഭരണം കൊണ്ട് നേട്ടമുള്ളത്. കണ്ണൂരിൽ സി പി എം പ്രവർത്തകർ വെട്ടിക്കൊന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കേസ് സി ബി ഐക്ക് വിടാതിരിക്കാൻ 56.4 ലക്ഷം രൂപ കൊടുത്താണ് ഡൽഹിയിൽ നിന്ന് അഭിഭാഷകനെ കൊണ്ടുവന്നത്. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഡസൻ കണക്കിന് സ്റ്റാൻഡിംഗ് കൗൺസിലർമാർ ഉള്ളപ്പോഴാണ് സിപിഎം ക്രിമിനലുകളെ രക്ഷിക്കാൻ നികുതിദായകന്റെ പണം ദുർവ്യയം ചെയ്യുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സംഭവത്തെക്കുറിച്ച് ഉന്നതതല പോലീസ് അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എസ് ഡി പി ഐ കാരാണ് കൊലപാതകത്തിന് പിന്നിലെന്ന് ചാവക്കാട് നിന്ന് കോൺഗ്രസ് പ്രവർത്തർ പറഞ്ഞത്. ഈ അക്രമി സംഘത്തെ ഇനിയും അഴിഞ്ഞാടാൻ അനുവദിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വർഗീയവിഘടനവാദികളായ എസ് ഡി പി ഐ കാപാലികരുടെ മനുഷ്യത്വ രഹിതമായ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് മുൻ കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞു. നിന്ദ്യവും നീചവും ആസൂത്രിതവുമാണ് ഈ കൊലപാതകം. ജനാധിപത്യ മതേതര പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്ന കർമ ധീരരായ പ്രവർത്തകരെ ഇല്ലായ്മ ചെയ്യുക എന്ന നയത്തിന്റെ ഭാഗമാണിത്.

കേരളത്തെ നടുക്കിയ മഹാരാജാസ് കോളജിലെ എസ് എഫ് ഐ പ്രവർത്തകനായ അഭിമന്യുവിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ എസ് ഡി പി ഐക്കാരായ പല പ്രധാന പ്രതികളെയും പിടികൂടുന്നതിൽ വീഴ്ച്ച വരുത്തിയ പോലീസിന്റെ സമീപനമാണ് വീണ്ടും ഇഷ്ടമില്ലാത്തവരെ കൊലപ്പെടുത്താൻ ഇവർക്ക് പ്രേരകമായതെന്നും സുധീരൻ ആരോപിച്ചു.