National
ഉന്നാവോ: അപകടം വരുത്തിയ ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു; പ്രതി യു പി മന്ത്രിയുടെ മരുമകന്‍

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ ഇരക്ക് ഗുരുതരമായി പരുക്കേല്‍ക്കാനിടയായ അപകടം വരുത്തിയ ട്രക്കിന്റെ ഉടമ ബി ജെ പി നേതാവും മന്ത്രിയുടെ മരുമകനും. കേസില്‍ ഏഴാം പ്രതിയായ ട്രക്ക് ഉടമ അരുണ്‍ സിംഗ് യു പിയിലെ കൃഷി സഹ മന്ത്രി രണ്‍വേന്ദ്ര പ്രതാപ് സിംഗിന്റെ മരുമകനും ഉന്നാവോയിലെ ബി ജെ പി ബ്ലോക്ക് പ്രസിഡന്റുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ അരുണ്‍ സിംഗ് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ, ഉന്നാവോ ബി ജെ പി എം പി. സാക്ഷി മഹാരാജ് തുടങ്ങിയവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു.
കേസിലെ മുഖ്യ പ്രതി കുല്‍ദീപ് സിംഗ് സെനഗര്‍ എം എല്‍ എക്കെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ അരുണ്‍ സിംഗ് ഇരയുടെ രക്ഷിതാക്കളില്‍ സമ്മര്‍ദം ചെലുത്തിയതായി ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇരയായ പെണ്‍കുട്ടിയുടെ അമ്മാവന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.