ഐ എസില്‍ ചേര്‍ന്ന മലപ്പുറം സ്വദേശി കൊല്ലപ്പെട്ടതായി വിവരം

Posted on: July 31, 2019 7:44 pm | Last updated: August 1, 2019 at 9:46 am

മലപ്പുറം: തീവ്രസംഘടനയായ ഐ എസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലെത്തിയെന്ന് സംശയിക്കുന്ന എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്‌സിന്‍ കൊല്ലപ്പെട്ടതായി സന്ദേശം. കഴിഞ്ഞ ജൂലൈ 18ന് അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മുഹ്‌സിനും ഐ എസ് കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടുവെന്നാണ് വിവരം.

നിങ്ങളുടെ സഹോദരന്‍ ആഗ്രഹിച്ചത് നടന്നുവെന്നും അമേരിക്ക നടത്തിയ ഡ്രോണ്‍ അക്രമണത്തില്‍ മുഹ്‌സിന്‍ കൊല്ലപ്പെട്ടുവെന്നുമാണ് ബന്ധുക്കള്‍ക്ക് വാട്ട്‌സാപ്പ് സന്ദേശം ലഭിച്ചത്. ഇക്കാര്യം പോലീസിനേയോ, അന്വേഷണ ഏജന്‍സിയേയോ അറിയിച്ചാല്‍ കുടുംബത്തിന് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും വാട്ട്‌സാപ്പ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയതായുമാണ് വിവരം.

മുഹ്‌സിന്റെ മരണം സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ച അന്വേഷണ ഏജന്‍സി വൃത്തങ്ങള്‍ മലപ്പുറത്ത് എത്തി കുടുംബത്തെ കണ്ടുവെന്നും റിപ്പോര്‍ട്ടുണ്ട്.
2017 ഒക്ടോബറിലാണ് മുഹ്‌സിന്‍ ഐ എസില്‍ ചേര്‍ന്നത്. അഫ്ഗാനിസ്ഥാനിലെത്തിയ മുഹ്‌സിന്‍ ഖോറോസാന്‍ പ്രവിശ്യയിലാണ് ഐ എസിനൊപ്പം പ്രവര്‍ത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.