കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ ഇല്ലാതാക്കാന്‍ മാസങ്ങള്‍ക്ക് മുമ്പ് എസ് ഡി പി ഐ ഗ്രൂപ്പില്‍ ആഹ്വാനം

Posted on: July 31, 2019 7:19 pm | Last updated: July 31, 2019 at 10:10 pm

തൃശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ ഇല്ലാതാക്കാന്‍ എസ് ഡി പി ഐക്ക് നേരത്തെ പദ്ധതിയുണ്ടെന്ന് സംശയിക്കുന്ന തെളിവുകള്‍ പുറത്ത്. ഒരു മാസം മുമ്പ് എസ് ഡി പി ഐ കേരളം എന്ന ഫേസ്ബുക്ക് പേജില്‍ നൗഷാദിനെ ഇല്ലാതാക്കാന്‍ ആഹ്വാനം ഉണ്ടായിരുന്നു. പുന്നയില്‍ ഭാഗത്ത് എസ് ഡി പി ഐ- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നിലനിന്നരുന്ന സംഘര്‍ഷം വ്യക്തമാക്കുന്നതാണ് പോസ്റ്റുകളേറെയും. ഇതില്‍ നൗഷാദിനെതിനെ ഇല്ലാതാക്കുന്നതിന് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുന്ന നിരവധി കമന്റുകളാണ് ഫേസ്ബൂക്ക് പേജിലുള്ളത്.

നൗഷാദിന്റെയും ടീമിന്റെയും പരലോക വാസം നാഥന്റെ ഇച്ചക്കു നടക്കട്ടെ. ഇവനെയൊന്നും ഈ ഭൂമിക്ക് ഇനി വേണ്ട തുടങ്ങിയ കമന്റുകളാണുള്ളത്. എത്രയും പെട്ടെന്ന് അവിടെ ജിന്നുകള്‍ ഇറങ്ങട്ടെ അപ്പോള്‍ ശരിയാവും. ഇവന്റെ ബ്ലഡ് ഏതാണെന്ന് നോക്കിയിട്ട് ഹിറാ സെന്ററില്‍ അറിയിക്കാന്‍ ജ:അമീര്‍ പറഞ്ഞിട്ടുണ്ടെന്നും കമന്റുകളുണ്ട്. വെട്ടാന്‍ പറ്റിയ തടിയാണ്. അരക്ക് താഴെ വണ്ണം കുറയും. ആവേശം നല്ലതാണ് അത് ജിന്നുകളോടാവരുതെന്നും ഭീഷണികളുണ്ട്.

ഇന്നലെയാണ് തൃശ്ശൂര്‍ ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇതില്‍ വെട്ടേറ്റ പുന്ന ബൂത്ത് പ്രസിഡന്റ് നൗഷാദ് ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.
ബിജേഷ്, നിഷാദ്, സുരേഷ് എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലണ്.