എം ബി ബി എസ് അഴിമതി: ഹൈക്കോടതി ജഡ്ജിക്കെതിരെ കേസെടുക്കാന്‍ സുപ്രീം കോടതി അനുമതി

Posted on: July 31, 2019 12:16 pm | Last updated: July 31, 2019 at 2:20 pm

ന്യൂഡല്‍ഹി: എം ബി ബി എസ് പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന കോഴക്കേസില്‍ ആരോപണ വിധേയനായ അലഹബാദ് ഹൈക്കോടതി ജസ്റ്റിസ് എസ് എന്‍ ശുക്ലക്കെതിരെ കേസെടുക്കാന്‍ സി ബി ഐക്ക് സുപ്രീം കോടതിയുടെ അനുമതി. സുപ്രീം കോടത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് ശുക്ലക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കിയത്. ഇതാദ്യമായാണ് ഒരു സിറ്റിംഗ് ജഡ്ജിക്കെതിരെ കേസെടുക്കാന്‍ സി ബി ഐക്ക് സുപ്രീം കോടതി ഉത്തരവു നല്‍കുന്നത്.

സിറ്റിംഗ് ജഡ്ജിമാര്‍ക്കെതിരെ കേസെടുക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി വേണമെന്നതിനാല്‍ ഈ ആവശ്യമുന്നയിച്ച് സി ബി ഐ സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു. ശുക്ലയെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയം പാര്‍ലിമെന്റില്‍ അവതരിപ്പിക്കണമെന്ന് പ്രധാന മന്ത്രി ക്കയച്ച കത്തില്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ഉത്തരവുകളെ പോലും മറികടന്ന് സ്വകാര്യ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥി പ്രവേശനത്തിനുള്ള സമയ പരിധി നീട്ടി നല്‍കിയെന്നതാണ് ശുക്ലക്കെതിരായ കേസ്.

2017ലാണ് ശുക്ലക്കെതിരെ ആരോപണമുയര്‍ന്നത്. ഇതേ തുടര്‍ന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജഡ്ജിമാരുടെ പാനല്‍ രൂപവത്കരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയ സമിതിയുടെ ശിപാര്‍ശ പ്രകാരം ശുക്ല രാജിവെക്കുകയോ സ്വയം വിരമിക്കുകയോ വേണമെന്ന് മിശ്ര ആവശ്യപ്പെട്ടെങ്കിലും ശുക്ല അനുസരിച്ചില്ല. തുടര്‍ന്ന് നടപടിയുടെ ഭാഗമായി 2018 മുതല്‍ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് ശുക്ലയെ മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.