ഉന്നാവോ പെണ്‍കുട്ടി അയച്ച കത്ത് കിട്ടിയില്ല; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Posted on: July 31, 2019 9:51 am | Last updated: July 31, 2019 at 1:37 pm

ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി ബിജെപി എംഎല്‍എയില്‍നിന്നുണ്ടായ ഭീഷണി സംബന്ധിച്ച് ഇരയായ പെണ്‍കുട്ടിയുടെ കുടുംബം അയച്ച കത്ത് തനിക്ക് കിട്ടാന്‍ വൈകുന്നതില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വിശദീകരണം ആവശ്യപ്പെട്ടു. ജൂലായ് 12ന് അയച്ച കത്ത് ഇതുവരെ ലഭിക്കാത്തതില്‍ അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടു.

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ കുല്‍ദീപ് സിങ് സേംഗര്‍ എംഎല്‍എയുടെ കൂട്ടാളികള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് കത്തയച്ചത്. പെണ്‍കുട്ടിയുടെ മാതാവും സഹോദരിയും ഒരു ബന്ധുവും ചേര്‍ന്നാണ് ചീഫ് ജസ്റ്റിസിന് കത്തയച്ചത്. എന്നാല്‍ ജൂലായ് 12ന് അയച്ച കത്ത് ഇന്നലെ ഉച്ചവരെ ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ ലഭിച്ചിട്ടില്ല. അതേ സമയം പെണ്‍കുട്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത് സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തും. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.