Connect with us

National

ഉന്നാവോ: എം എല്‍ എയെ ബി ജെ പി സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

ലഖ്‌നോ: ഉന്നാവോ പീഡന കേസിലെ പ്രതിയായ എം എല്‍ എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ ബി ജെ പി സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായ അപകടം പെണ്‍കുട്ടിക്ക് നേരെയുണ്ടായ കൊലപാതക ശ്രമമാണെന്നും ഇക്കാര്യത്തില്‍ എം എല്‍ എക്ക് പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ എം എല്‍ എക്കെതിരെ കൊലപാതക ശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ഈ സാഹചര്യത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ എം എല്‍ എയെ സസ്‌പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

എം എല്‍ എക്കെതിരെ ബി ജെ പി നടപടി സ്വീകരിക്കാത്തതില്‍ പാര്‍ലിമെന്റിലടക്കം വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ ഉണ്ടായിരിക്കുന്നത്.
കുല്‍ദീപിനെ സംരക്ഷിക്കുന്ന ഒരു നിലപാടും പാര്‍ട്ടി എടുത്തിട്ടില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സ്വാന്താന്ദ്ര ദേവ് സിംഗ് പറഞ്ഞു.

കുല്‍ദീപിനെതിരെ പാര്‍ട്ടിക്ക് പരാതി ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിഷയത്തില്‍ സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. വിഷയത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെ കോണ്‍ഗ്രസും എസ് പിയും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.