എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ രാവിലെ നടത്തണം: ബാലാവകാശ കമ്മീഷൻ

Posted on: July 30, 2019 6:59 am | Last updated: September 20, 2019 at 8:05 pm


തിരുവനന്തപുരം: എസ് എസ് എൽ സി, പ്ലസ് ടു വർഷാവസാന പരീക്ഷകൾ രാവിലെ നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നിർദേശം. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കാലാവസ്ഥ കണക്കിലെടുത്ത് ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകൾ എല്ലാം ഉച്ചക്ക് മുമ്പ് പൂർത്തിയാക്കുന്ന കാര്യം പരിഗണിക്കണമെന്നും കമ്മീഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. ഇതിന് കഴിയാത്ത സാഹചര്യമുണ്ടായാൽ രാവിലെയും വൈകുന്നേരവുമായി പരീക്ഷ നടത്തണം. കമ്മീഷൻ ചെയർമാൻ പി സുരേഷ്, അംഗം ഫാ. ഫിലിപ്പ് പരക്കാട്ട് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് ശിപാർശ.

പരീക്ഷാ ഹാളിൽ ആവശ്യത്തിന് ഫാനുകളും ചൂട് കുറക്കാനുള്ള സംവിധാനങ്ങളും വെളിച്ചം, ശുദ്ധമായ കുടിവെള്ളം എന്നിവയും സജ്ജീകരിക്കാൻ സർക്കാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണം. പരീക്ഷക്ക് മുമ്പോ ശേഷമോ കുട്ടികൾക്ക് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യം ഇല്ലെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ഉച്ച ചൂടിൽ വാർഷിക പരീക്ഷ നടത്തുന്നതിനെ പറ്റിയുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ എടുത്ത കേസിന്റെ അടിസ്ഥാനത്തിലാണ് ശിപാർശ.

കൂലിപ്പണിക്കാർക്ക് പോലും ഉച്ചക്ക് 11 മുതൽ മൂന്ന് മണി വരെ ജോലി ചെയ്യേണ്ടെന്ന സർക്കാർ ഉത്തരവ് അവഗണിച്ച് വിദ്യാർഥികൾ നട്ടുച്ചക്ക് പരീക്ഷ എഴുതേണ്ടിവരുന്നത് ക്രൂരതയാണ്. ഉച്ച സമയത്ത് സ്‌കൂൾ ബസ് ഉണ്ടാവില്ലെന്നും വിയർത്തൊലിച്ച് തളർന്ന് മൂന്ന് മണിക്കൂർ പരീക്ഷ എഴുതേണ്ടിവരുന്നത് കുട്ടിയുടെ ഗുണനിലവാരത്തെ ബാധിക്കുമെന്നും ഇത് കൊടുംപീഡനവും ബാലാവകാശ ലംഘനവുമായി കണക്കാക്കണമെന്നും വാർത്തയിൽ പറയുന്നു. പത്ത് വർഷത്തെ പഠനത്തിന്റെയും പരിശീലനത്തിന്റെയും മികവ് തെളിയിക്കപ്പെടേണ്ടത് പത്താം ക്ലാസ് പരീക്ഷയിൽ ആയതിനാൽ അത് എഴുതുന്നതിന് കുട്ടിക്ക് അവസരം ഒരുക്കിക്കൊടുക്കേണ്ടത് വിദ്യാഭ്യാസ വകുപ്പിന്റെ കടമയാണെന്ന് കമ്മീഷൻ വ്യക്തമാക്കി. നിർഭാഗ്യവശാൽ വാർഷികപരീക്ഷകൾ നടത്തുന്നത് കേരളത്തിൽ അതികഠിന ചൂട് അനുഭവപ്പെടുന്ന മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ്.

ഓരോ വർഷവും ചൂട് ഏറുന്ന സാഹചര്യം കണക്കിലെടുത്ത് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി തൊഴിലെടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ കാര്യം ഇവിടെ പരിഗണനാർഹമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.