രാജ്യവ്യാപകമായി നാളെ ഡോക്ടര്‍മാര്‍ പണിമുടക്കും

Posted on: July 30, 2019 11:55 am | Last updated: August 4, 2019 at 9:12 pm

ന്യൂഡല്‍ഹി: രാജ്യവ്യാപകമയി നാളെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ – ഐ എം എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ പണിമുടക്കും. ദേശീയ മെഡിക്കല്‍ ബില്‍ ലോക്‌സഭയില്‍ പാസാക്കിയതിനെതിരെയാണ് ഐ എം എയുടെ പ്രതിഷേധം.

ബുധനാഴ്ച രാവിലെ ആറ് മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്. അത്യാഹിത, തീവ്രപരിചരണ, അടിയന്തര ശസ്ത്രക്രിയ വിഭാഗങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഐ എം എ അംഗങ്ങളായ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ മേഖലയുമായി ബന്ധമുള്ള പ്രാക്ടീഷണര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ പരിമിത ലൈസന്‍സ് നല്‍കുന്നതടക്കമുള്ളതാണ് പുതിയ ബില്‍. മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പി ജി അവസാന വര്‍ഷ പരീക്ഷയുടെ ഫലം പ്രവേശനത്തിന് മാനദണ്ഡമാക്കാനും മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലുണ്ട്. ലോക്‌സഭയില്‍ വോട്ടിനിട്ട ബില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് പാസായത്.

ബില്ലിനെതിരെ ഐ എം എ നേരത്തെയും സമര രംഗത്തുണ്ടായിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവന്‍ മാര്‍ച്ചടക്കമുള്ള പ്രതിഷേധങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലും പ്രതിഷേധം സംഘടിപ്പിച്ചുവെങ്കിലും ഫലം കണ്ടില്ല. ആയുര്‍വേദ, സിദ്ധ, യൂനാനി തുടങ്ങിയ വിവിധ മേഖലകളില്‍ ചികിത്സ നടത്തുന്നവര്‍ക്ക് 6 മാസത്തെ ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ അലോപതിയിലും മോഡേണ്‍ മെഡിസിനിലും ചികിത്സ നടത്താന്‍ ലൈസന്‍സ് നല്‍കുന്ന ബില്ലിനെതിരെ കേരളത്തിലും സമരം പൂര്‍ണമാകുമെന്നാണ് ഐ എം എ അവകാശപ്പെടുന്നത്. എന്നാല്‍ കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ സമരത്തെ എങ്ങനെ അഭിമുഖീകരിക്കണമെന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.