Connect with us

Gulf

ഭാര്യയുടെ വിസയിലുള്ളയാള്‍ക്കും വര്‍ക് പെര്‍മിറ്റ്

Published

|

Last Updated

ദുബൈ: കുടുംബത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ രാജ്യത്ത് താമസിക്കുന്ന പുരുഷന്മാര്‍ക്ക് വര്‍ക് പെര്‍മിറ്റുകള്‍ നല്‍കി മാനവ വിഭവ ശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയം. മികച്ച തൊഴില്‍ നൈപുണ്യം പുലര്‍ത്തുന്ന പുരുഷന്മാരായ ആശ്രിതര്‍ക്കാണ് ഇത്തരത്തില്‍ തൊഴില്‍ വിസ ലഭിക്കുക. വര്‍ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുന്നതിനായി യു എ ഇ മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രി പുറത്തിറക്കിയ പുതിയ ഉത്തരവിന്റെ ചുവട് പിടിച്ചാണ് നടപടികള്‍.

നിലവില്‍ ഭര്‍ത്താവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള ഭാര്യക്ക് മാത്രമേ ഇത്തരത്തില്‍ വര്‍ക് പെര്‍മിറ്റ് കരസ്ഥമാക്കി ജോലി ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. ഇത്തരം വിസകളില്‍ നോട്ട് ഫോര്‍ വര്‍ക് എന്ന് പ്രത്യേകം സ്റ്റാംപ് ചെയ്യുമെങ്കിലും ജോലിക്കെടുക്കുന്ന സ്ഥാപനം മന്ത്രാലയത്തില്‍നിന്ന് പ്രത്യേക അനുമതി എടുക്കുകയായിരുന്നു. പുതിയ നിയമത്തിലൂടെ ഈ ആനുകൂല്യമാണ് ഭര്‍ത്താക്കന്മാര്‍ക്കും ലഭ്യമായിരിക്കുന്നത്.
പുതിയ പാശ്ചാതലത്തില്‍ കൂടുതല്‍ തൊഴില്‍ അന്വേഷകര്‍ക്ക് മികച്ച ജീവിത സാഹചര്യമൊരുക്കാന്‍ കഴിയുമെന്ന് അധികൃതര്‍ വിശദീകരിച്ചു.

കുടുംബങ്ങളുടെ മാസ വരുമാനം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ഭദ്രത ഉറപ്പുവരുത്തുന്നതിനുമാണ് ഇത്തരത്തിലുള്ള പുതിയ നടപടികള്‍. രാജ്യത്ത് താമസിക്കുന്നവരില്‍ നിന്ന് കൂടുതല്‍ പേരെ തൊഴില്‍ മേഖലയിലേക്ക് എത്തിക്കുന്നതിന് കമ്പനികള്‍ക്ക് മികച്ച സൗകര്യമൊരുക്കുന്നതിലൂടെ അവരുടെ പ്രവര്‍ത്തന ചെലവ് കുറക്കുന്നതിനും കുറഞ്ഞ ചെലവില്‍ തൊഴില്‍ ശക്തി വിപുലപ്പെടുത്തുന്നതിനും കഴിയുമെന്ന് മന്ത്രാലയം അണ്ടര്‍ സക്രട്ടറി സൈഫ് അഹ്മദ് അല്‍ സുവൈദി പറഞ്ഞു. തൊഴിലാളികളുടെ നൈപുണ്യമനുസരിച്ച് 300 മുതല്‍ 5000 ദിര്‍ഹം വരെയാണ് വര്‍ക് പെര്‍മിറ്റ് ലഭിക്കുന്നതിന് ഫീസായി നല്‍കേണ്ടത്. ഇവ തൊഴില്‍ ദാതാവാണ് മന്ത്രാലയത്തില്‍ അപേക്ഷയോടൊപ്പം ഒടുക്കേണ്ടത്.
ഈ മാസം ആദ്യത്തില്‍ മന്ത്രാലയത്തിന്റെ 145 ഓളം സേവനങ്ങളുടെ ഫീസ് 50 മുതല്‍ 94 ശതമാനം വരെ കുറച്ചിരുന്നു.

Latest