Connect with us

Gulf

ദുബൈ-ഷാര്‍ജ-ദുബൈ ഫെറി സര്‍വീസ് ആരംഭിച്ചു; ഷാര്‍ജയിലെത്താന്‍ 35 മിനിറ്റ്

Published

|

Last Updated

ദുബൈ: ആര്‍ ടി എ ദുബൈ-ഷാര്‍ജ ഫെറി സര്‍വീസ് ആരംഭിച്ചു. ദുബൈ അല്‍ ഗുബൈബ മറൈന്‍ സ്റ്റേഷനില്‍ നിന്ന് ഷാര്‍ജ അക്വേറിയം മറൈന്‍ സ്റ്റേഷനിലേക്കാണ് സര്‍വീസ്. ഓരോ അര മണിക്കൂറും ഇടവിട്ട് പ്രതിദിനം 42 സര്‍വീസുകളാണുള്ളത് ഓരോ ഭാഗത്തേക്കും 21 വീതം സര്‍വീസുകള്‍ ആണ്. 35 മിനിറ്റ് ദൈര്‍ഘ്യമുള്ള യാത്രക്ക് 15 (സില്‍വര്‍ ക്ലാസ്), 25 (ഗോള്‍ഡ് ക്ലാസ്) ദിര്‍ഹം ആണ് ടിക്കറ്റ് നിരക്ക്. ആര്‍ ടിഎ ചെയര്‍മാന്‍ മതര്‍ അല്‍ തായര്‍ വെള്ളി രാവിലെ ഫെറി സര്‍വീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
സുരക്ഷക്ക് ഉയര്‍ന്ന നിലവാരമുള്ള സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ടെന്ന് മതര്‍ അല്‍ തായര്‍ പറഞ്ഞു. പരിചയ സമ്പന്നരായ ജീവനക്കാരെയാണ് നിയമിച്ചിട്ടുള്ളത്. രാജ്യാന്തര സുരക്ഷാ അംഗീകാരം നേടിയ ഫെറികളാണ് ഉപയോഗിക്കുന്നത്, അല്‍ തായര്‍ വ്യക്തമാക്കി. ഷാര്‍ജയില്‍ താമസിച്ച് ദുബൈയില്‍ ജോലി ചെയ്യുന്ന സാധാരണക്കാര്‍ക്ക് ട്രാഫിക് തടസ്സങ്ങളില്‍പെടാതെ യാത്ര ചെയ്യാന്‍ ഫെറി സര്‍വീസ് ഉപയോഗപ്പെടും. ആദ്യമായാണ് ദുബൈയെ മറ്റൊരു എമിറേറ്റുമായി ബന്ധിപ്പിച്ചുള്ള ജലയാത്രാ സംവിധാനം.

പ്രതിവര്‍ഷം 13 ലക്ഷം പേര്‍ക്ക് ഈ ഫെറി സര്‍വീസിലൂടെ യാത്രചെയ്യാന്‍ സാധിക്കും. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സര്‍വീസും അധികമാക്കും. ആര്‍ ടി എയുടെ മേല്‍നോട്ടത്തില്‍ നിലവില്‍ അല്‍ ഗുബൈബ, മറീന മാള്‍, ജദ്ദാഫ്, വാട്ടര്‍ കനാല്‍, ശൈഖ് സായിദ് റോഡ്, വാട്ടര്‍ ഫ്രണ്ട്, മറാസി, ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ട് സ്റ്റേഷനുകളില്‍ നിന്ന് ഒന്‍പത് ഫെറികള്‍ സര്‍വീസ് നടത്തുന്നുണ്ട്. പൊതു ഗതാഗത ചരിത്രത്തിലെ പുത്തന്‍ ഏടാണ് ദുബൈ-ഷാര്‍ജ ഫെറി സര്‍വീസെന്ന് നഗരാസൂത്രണ കൗണ്‍സിലിലെ പ്ലാനിങ് ആന്‍ഡ് സര്‍വേ വിഭാഗം വൈസ് ചെയര്‍മാന്‍ സലാഹ് ബിന്‍ ബുത്തി പറഞ്ഞു.
രാവിലെ അഞ്ചിന് ഷാര്‍ജയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. 35 മിനിറ്റാണ് യാത്രാ സമയം. ദുബൈയില്‍ നിന്നുള്ള ആദ്യ ബോട്ട് രാവിലെ 5.15ന് പുറപ്പെടും. അവസാനത്തെ സര്‍വീസ് രാത്രി എട്ടിനും. ഷാര്‍ജയില്‍ നിന്നുള്ള ആദ്യ സര്‍വീസ് രാവിലെ അഞ്ചിനും അവസാന സര്‍വീസ് രാത്രി 7.30നുമായിരിക്കും.

പ്രത്യേക പരിഗണന വേണ്ടവര്‍ക്കും അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്കും സൗജന്യയാത്ര അനുവദിക്കും. തുടര്‍ യാത്രാ സൗകര്യം ഫെറി സര്‍വീസ് ദുബൈ മെട്രോ, ബസ്, ടാക്‌സിയുമായി ബന്ധിപ്പിക്കും. ഷാര്‍ജ മറൈന്‍ സ്റ്റേഷനില്‍ നിന്ന് മറ്റു ഭാഗങ്ങളിലേക്ക് ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും. അല്‍ മജാസിലൂടെ കോര്‍ണിഷ് വഴിയായിരിക്കും സര്‍വീസ്. ഭാവിയില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഷട്ടില്‍ ബസ് സര്‍വീസുകള്‍ ഏര്‍പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു.
ഫെറി ഉപയോഗിക്കുന്നവരുടെ സൗകര്യത്തിനായി 300 സൗജന്യ പാര്‍ക്കിങ് സ്ലോട്ടുകള്‍ ഒരുക്കിയിട്ടുണ്ട്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കാത്തിരിപ്പു കേന്ദ്രങ്ങളും ശുചിമുറി, ടിക്കറ്റ് കൗണ്ടറുകള്‍, ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളാണ് ഫെറികളില്‍ ഏര്‍പെടുത്തിയിട്ടുള്ളത്. പരിചയ സമ്പന്നരായ ജീവനക്കാര്‍, രക്ഷാ പ്രവര്‍ത്തകര്‍, അഗ്‌നിപ്രതിരോധ ഉപകരണങ്ങള്‍, ജല മലിനീകരണ നിര്‍മാര്‍ജനം എന്നിവ ശ്രദ്ധേയമായിരിക്കും. കൂടാതെ, 125 യാത്രക്കാരെ ഉള്‍കൊള്ളുന്ന 5 രക്ഷാ ചങ്ങാടങ്ങള്‍, 110 ലൈഫ് ജാക്കറ്റുകള്‍, രാജ്യാന്തര നിലവാരമുള്ള മറൈന്‍ റഡാര്‍, കടലാഴം അളക്കാനുള്ള ഉപകരണം, ഇലക്ട്രോണിക് മാപ്പുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍ തുടങ്ങിയവയുമുണ്ടായിരിക്കും.

Latest