കലാ വിരുന്നൊരുക്കി സാഹിത്യോത്സവുകള്‍; ഡിവിഷന്‍ മത്സരങ്ങള്‍ക്ക് തുടക്കമായി

Posted on: July 28, 2019 11:33 am | Last updated: July 28, 2019 at 6:54 pm

കോഴിക്കോട്: ഗ്രാമങ്ങള്‍ക്ക് സര്‍ഗവസന്തത്തിന്റെ ദിനരാത്രങ്ങള്‍ സമ്മാനിച്ച് എസ് എസ് എഫ് സാഹിത്യോത്സവുകളുടെ ഡിവിഷന്‍തല മത്സരങ്ങള്‍ക്ക് തുടക്കമായി.

കാല്‍നൂറ്റാണ്ട് പിന്നിടുന്ന സാഹിത്യോത്സവിന്റെ ഇരുപത്തിയാറാം പതിപ്പാണ് ഈ വര്‍ഷം നടക്കുന്നത്. പാടിയും പറഞ്ഞും വരച്ചും രചിച്ചും നാട്ടിന്‍ പുറങ്ങളില്‍ സാഹിത്യോത്സവ് പുത്തനുണര്‍വ്വാണ് സമ്മാനിക്കുന്നത്.

ബ്ലോക്ക്, യൂനിറ്റ്, സെക്ടര്‍ ഘടകങ്ങളില്‍ പ്രതിഭാത്വം തെളിയിച്ചവരാണ് 106 കേന്ദ്രങ്ങളിലായി നടന്നു വരുന്ന
ഡിവിഷന്‍ തല മത്സരങ്ങളില്‍ മാറ്റുരക്കുന്നത്.

വിദ്യാര്‍ഥികളുടെ കലാസാഹിത്യ രംഗങ്ങളിലെ കഴിവുകള്‍ കണ്ടെത്തി സര്‍ഗവാസനകളെ പരിപോഷിപ്പിക്കാനും സമൂഹത്തിലെ സൃഷ്ടിപരമായ ഉണര്‍വ്വിന്ന് വേണ്ടി സര്‍ഗാത്മകതയെ പ്രയോഗിക്കാനുമാണ് എസ് എസ് എഫ് സാഹിത്യോത്സവ് നടത്തുന്നത്. 1993 ല്‍ തുടക്കം കുറിച്ച സാഹിത്യോത്സവുകള്‍ കേരളത്തിലെ ഏറ്റവും ജനകീയമായ കലാ മേളയായി ഇതിനകം മാറിയിട്ടുണ്ട്.

മാപ്പിള കലകളില്‍ വെള്ളം ചേര്‍ക്കാതെ പഴമയുടെ തനത് രൂപത്തിലും ഭാവത്തിലും ഒപ്പം ആധുനികതയുടെ പുത്തന്‍ സാങ്കേതികതയും സമന്വയിപ്പിച്ചാണ് എസ് എസ് എഫ് സാഹിത്യോത്സവങ്ങള്‍ അണിയിച്ചൊരുക്കുന്നത്.

26 തികയുന്ന സാഹിത്യോത്സവിന് ഇത്തവണ പുതുമകളേറെയാണ്. എട്ട് വിഭാഗങ്ങളിലായി നൂറ്റി ഇരുപതിലേറെ മത്സരങ്ങളാണ് ഈ വര്‍ഷമുള്ളത്.

മൗലിദ് പാരായണം, മാലപ്പാട്ട്, ദഫ്, അറബന, സീറാ പാരായണം, ഖവാലി, ഖസീദ പാരായണം, തുടങ്ങിയ കലകള്‍ക്കു പുറമെ പുതിയ കാലത്തിന്റെ ഗതിയും വേഗതയുമറിയുന്ന സോഷ്യല്‍ ട്വീറ്റ്, ഹൈക്കു തുടങ്ങിയ പുതുമയുള്ള ഒട്ടേറെ ഇനങ്ങളും  ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ 14 ജില്ലകളിലെയും തമിഴ്‌നാട്ടിലെ നീലഗിരിയിലെയും ജില്ലാതല മത്സരങ്ങള്‍ക്ക് ശേഷം മൂവായിരത്തിലേറെ പ്രതിഭകള്‍ മാറ്റുരക്കുന്ന സംസ്ഥാനതല സാഹിത്യോത്സവ് സെപതംബര്‍ 13, 14 തിയതികളില്‍ ചാവക്കാടാണ് നടക്കുന്നത്.