ജയ്പാല്‍ റെഡ്ഡിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Posted on: July 28, 2019 4:25 pm | Last updated: July 28, 2019 at 4:25 pm

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ജയ്പാല്‍ റെഡ്ഡിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ജനാധിപത്യ സംരക്ഷണത്തിനായി പോരാട്ടം നയിച്ച പാരമ്പര്യമുളള അദ്ദേഹം വർഗീയതക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്നു. അടിയന്തിരാവസ്ഥക്കെതിരെ രാജ്യത്ത് ഉയർന്ന പ്രധാന ശമ്പ്ദങ്ങളിലൊന്ന് അദ്ദേഹത്തിന്റേതായിരുന്നു. പിന്നീട് കോൺഗ്രസിൽ ചേർന്നെങ്കിലും വർഗീയ വിരുദ്ധനിലപാട് മുറുകെ പിടിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഒന്നും രണ്ടും യു പി എ സര്‍ക്കാരുകളില്‍ വാര്‍ത്താ വിതരണം, നഗരവികസനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന ജയ്പാല്‍ റെഡ്ഡി രാജ്യം കണ്ട മികച്ച ഭരണതന്ത്രജ്ഞരില്‍ ഒരാളായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ മതേതര ചേരിയുടെ ശക്തനായ വക്താവെന്ന നിലയില്‍ വര്‍ഗീയ ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ഉജ്വലമായ നേതൃത്വമാണ് അദ്ദേഹം നല്‍കിയത്. മികച്ച പാര്‍ലമെന്റേറിയന്‍ കൂടിയായിരുന്ന അദ്ദേഹം ലോക്സഭയിലും രാജ്യസഭയിലും എന്നും മതേതര ജനാധിപത്യ ചേരിയുടെ ശക്തമായ ശബ്ദവും സാന്നിധ്യവുമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ കോണ്‍ഗ്രസിനും, ഇന്ത്യയിലെ മറ്റു ജനാധിപത്യ മതേതര പ്രസ്ഥാനങ്ങള്‍ക്കും കനത്ത നഷ്ടമാണുണ്ടായിരിക്കുന്നത്- അനുശോചനക്കുറിപ്പില്‍ ചെന്നിത്തല പറഞ്ഞു.