തീരശ്രീ പദ്ധതിക്ക് തുടക്കമായി

Posted on: July 28, 2019 8:25 am | Last updated: July 28, 2019 at 1:28 pm


തൃശൂർ: സമൂഹത്തിൽ ഏറ്റവും അരക്ഷിതാവസ്ഥ അനുഭവിക്കുന്ന വിഭാഗങ്ങളിലൊന്നായ തീരദേശവാസികൾക്ക് ഊന്നൽ നൽകി നടപ്പാക്കുന്ന തീരശ്രീ പദ്ധതിക്ക് കയ്പമംഗലത്ത് തുടക്കമായി.

കയ്പമംഗലം ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീൻ തീരശ്രീ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചു.
ജാതി മതവിശ്വാസങ്ങൾക്കപ്പുറത്ത് മനുഷ്യരെ ഒന്നിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് കുടുംബശ്രീയുടെ പ്രത്യേകതയെന്നും കുടുംബശ്രീയെ ഭിന്നിപ്പിക്കാൻ ആരെയും അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീക്കുള്ള സ്വാധീനം കേരളത്തിലെ ഒരു രാഷ്ട്രീയപാർട്ടിക്ക് പോലുമില്ല. കുടുംബശ്രീയെ വിഭജിക്കാൻ ശ്രമിക്കുന്നവർക്ക് പ്രത്യേക ലക്ഷ്യങ്ങളുണ്ട്. അന്തർദേശീയ തലത്തിൽ കേരളത്തിന്റെ അഭിമാനമാണ് കുടുംബശ്രീ.

ഈ മാതൃകയിലുള്ള സംരംഭങ്ങൾക്ക് രൂപം നൽകാനുള്ള ശ്രമത്തിലാണ് ഇതര സംസ്ഥാനങ്ങൾ. തീരദേശ പഞ്ചായത്തുകളിലെ തീരദേശ വാർഡുകളിലെ കുടുംബശ്രീ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തി ഈ മേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടേയും പൊതുജീവിത നിലവാരം ഉയർത്തുന്നതിനും ഉപജീവന പ്രവർത്തനങ്ങൾ ഇതുവഴി ശക്തിപ്പെടുത്തും. നിലവിലെ അവസ്ഥ, ആവശ്യകതാ പഠനം, സാമൂഹിക -സാംസ്‌കാരിക- ആരോഗ്യ മേഖലകളുടെ ഉന്നമനം, ഉപജീവന പ്രവർത്തനങ്ങൾ, തീരദേശ മേഖലയിലെ വട്ടിപ്പലിശക്കാരെ ഒഴിവാക്കുന്നതിന് വേണ്ടി സഹകരണ ബേങ്കുകളുമായി മൈക്രോ ഫിനാൻസ് സാമ്പത്തിക സാക്ഷരതാ പ്രവർത്തനങ്ങൾ, പ്രതിഭാ തീരം കായിക തീരം പദ്ധതികളുടെ നടത്തിപ്പ്, ഈ മേഖലയിലെ സർക്കാർ, സർക്കാരേതര ഏജൻസികളുമായുള്ള സംയോജന സാധ്യതകൾ ഉപയോഗപ്പെടുത്തുക എന്നിവയെല്ലാം പദ്ധതി ലക്ഷ്യമിടുന്നു.

ജില്ലയിലെ നാല് പഞ്ചായത്തുകളിൽ നിലവിൽ തീരശ്രീയുടെ കീഴിൽ വരുന്ന പ്രതിഭാതീരം കായികതീരം പദ്ധതിക്ക് തുടക്കമിട്ടു. തീരദേശത്തെ അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സൗകര്യമൊരുക്കുക എന്നതാണ് പ്രതിഭാതീരം കൊണ്ടുദ്ദേശിക്കുന്നത്. കായിക മേഖലയിൽ കഴിവുള്ളവരെ അതത് കായിക ഇനങ്ങളിൽ പ്രഗത്ഭരാക്കുക എന്നതാണ് കായികതീരത്തിന്റെ ലക്ഷ്യം. എറിയാട് പഞ്ചായത്തിൽ 30 കുട്ടികളും രണ്ട് അധ്യാപകരുമുൾപ്പടെ ഈ പദ്ധതി ആരംഭിച്ചു കഴിഞ്ഞു. മതിലകം പഞ്ചായത്തിൽ 20 കുട്ടികളും, കയ്പമംഗലം പഞ്ചായത്തിൽ 15 കുട്ടികളും ആയി പദ്ധതിക്ക് തുടക്കമിട്ടു.

വലപ്പാട് പഞ്ചായത്തിൽ 20 വിദ്യാർഥികളും ഒരു അധ്യാപകനെയും തിരഞ്ഞെടുത്ത് പദ്ധതി നടപ്പാക്കാൻ ആവശ്യമായ സ്ഥലവും കണ്ടെത്തിയിട്ടുണ്ട്.
തീരദേശം മുഴുവനും പദ്ധതി വ്യാപിപ്പിച്ച് അതുവഴി സ്ത്രീകകളെ സ്വയംപര്യാപ്തരാക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. തീരദേശ അയൽക്കൂട്ടങ്ങൾക്കുള്ള മുറ്റത്തെമുല്ല പദ്ധതിയുടെ ആദ്യവായ്പാ വിതരണം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി നിർവഹിച്ചു.