ടാക്‌സിനെ മലർത്തിയടിക്കുമ്പോൾ ജാരൻ പിറക്കുന്നു!

കിട്ടേണ്ട ശമ്പളത്തിന്റെ നല്ലൊരു ഭാഗം ടാക്‌സ് ചാലിലേക്ക് ഒഴുകിയങ്ങനെ ഒടുങ്ങും. ഇതിനെ തടയാനാണ് പി എഫ് നിരക്ക് ആവത് ഉയർത്തിയിടുന്നത്. പ്രഥമദൃഷ്ട്യാ കുഴപ്പമില്ലെന്ന് തോന്നിയേക്കാമെങ്കിലും ഉള്ളുപൊളിച്ചു നോക്കുമ്പോൾ അപായം കണ്ടെത്താനാകും. മറ്റൊന്നുമല്ല; പലിശയുടെ പശിമ പറ്റുക എന്നത് തന്നെ.
വഴിവിളക്ക്
Posted on: July 28, 2019 10:58 am | Last updated: July 28, 2019 at 10:58 am

അടിസ്ഥാന ശമ്പളത്തിന്റെ ആറ് ശതമാനമാണ് അനിവാര്യമായും പി എഫിൽ ഇടേണ്ടത്- അതിൽ യാതൊരു അപ്പീലുമില്ല. എന്നാൽ, അതെത്രയും കൂട്ടിയിടാം. അപ്പോൾ രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്, സമ്പാദ്യം മുഴുവൻ ഉപ്പും മുളകും വാങ്ങി തീർക്കുന്നതിന് പകരം ഒരു നിക്ഷേപശീലം വളർത്തിയെടുക്കാം. മാത്രമല്ല, ആ ഫണ്ടിൽ നിന്ന് ആറാറ് മാസം കൂടുമ്പോൾ പലിശയില്ലാ ലോൺ എടുക്കാം. അങ്ങനെ ലോണെടുക്കാൻ മാത്രം ഒരു സംഖ്യ വേണമെങ്കിൽ കാര്യമായി എന്തെങ്കിലും ഇട്ടെങ്കിലേ ഒക്കൂ.

മറ്റൊരു കാര്യം ടാക്‌സിനെ പ്രതിരോധിക്കുക എന്നതാണ്. വരുമാനത്തിന്റെ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ടാക്‌സ് കണക്കാക്കുന്നത്. അതിന് ഒരു സ്റ്റേജ് സ്വഭാവം ഉണ്ട്. വാർഷിക വരുമാനം ഒരു സ്റ്റേജ് വിട്ട് ഒരല്പം അധികമായാൽ പോലും വമ്പൻ ടാക്‌സ് അടക്കേണ്ടി വരും. ചിലർ അടക്കുന്ന ടാക്‌സിന്റെ കണക്ക് കേട്ടാൽ നമ്മൾ ഞെട്ടും. 28000വും 30000വും ഒക്കെ ടാക്‌സ് അടക്കുന്നവരെ കണ്ടിട്ടുണ്ട്. പക്ഷേ, ഐ പി എഫിന്റെ കണ്ണൂർ ചെയർമാൻ ഡോ. ഹുസൈൻ തങ്ങൾ പറഞ്ഞത് എഴുപതിനായിരത്തിനടുത്ത് ടാക്‌സ് അടക്കുന്നുണ്ടെന്നാണ്. ടാക്‌സിന്റെ പെരുപ്പം മാത്രം നോക്കി അയാളുടെ ശമ്പളത്തിന്റെ പൊക്കം അളക്കാൻ കഴിയില്ല. മറിച്ച് അതിൽ ചില ചെപ്പടിവിദ്യകളുണ്ട്. അവ ഉപയോഗിച്ച് ടാക്‌സ് നിരക്ക് ഒരു പരിധി വരെ താഴ്ത്തിക്കൊണ്ടു വരാം. എന്നാൽ, അതിനൊന്നും നിൽക്കാതെ മാസശമ്പളത്തെ പച്ചക്ക് കാണിച്ച്, ടാക്‌സ് പെരുച്ചാഴിക്ക് കരളാൻ കൊടുക്കാം. കിട്ടേണ്ട ശമ്പളത്തിന്റെ നല്ലൊരു ഭാഗം ടാക്‌സ് ചാലിലേക്ക് ഒഴുകിയങ്ങനെ ഒടുങ്ങും. ഇതിനെ തടയാനാണ് പി എഫ് നിരക്ക് ആവത് ഉയർത്തിയിടുന്നത്.

പ്രഥമദൃഷ്ട്യാ കുഴപ്പമില്ലെന്ന് തോന്നിയേക്കാമെങ്കിലും ഉള്ളുപൊളിച്ചു നോക്കുമ്പോൾ അപായം കണ്ടെത്താനാകും. മറ്റൊന്നുമല്ല; പലിശയുടെ പശിമ പറ്റുക എന്നത് തന്നെ മെയ്‌നായിട്ട്. പലിശ എങ്ങനെ നമ്മുടെ അക്കൗണ്ടിലേക്ക് വഴുതിയെത്തിയാലും അതിനെ വേറെ കണ്ണോടെ കണ്ട് മാറ്റിവെക്കുകയും നിഷ്‌കരുണം വർജിക്കുകയും വേണം. ബേങ്കുകൾ തരുന്ന പാസ് ബുക്കുകളിൽ Interest എന്ന കോളത്തിൽ അത് വേറെ തന്നെ കാണിക്കുന്നത് കൊണ്ട് കൂട്ടിക്കണ്ടുപിടിക്കാൻ എളുപ്പമാണ്. അങ്ങനെ കൂട്ടി വേർതിരിക്കാനും പുച്ഛത്തോടെ മാറ്റിനിർത്താനുമുള്ള ഊക്ക് വിശ്വാസികൾ കാണിക്കണം.

ഹലാലും ഹറാമും കൂട്ടിക്കുഴച്ചുണ്ണുന്നത് വലിയ ആപത്താണ്. നമ്മൾ വെറും സാധാരണക്കാരല്ലേ. നല്ല കരുതലില്ലെങ്കിൽ ഹറാം ഹലാലിലേക്ക് കുത്തിയൊലിച്ചുവരും. ഒടുക്കം നമ്മുടെ ഉൾവിശുദ്ധി കുത്തിയൊലിച്ചുപോകും. മഹാന്മാർക്ക് കലപ്പിൽ വിളിമ്പിക്കൊടുത്താലും ഹറാമിനെ വേർതിരിച്ച് മാറ്റാൻ പറ്റും. ഒരു കഥ കേട്ടിട്ടുണ്ട്. ഇബ്‌നുഹജർ (റ) തങ്ങൾ കേരളത്തിൽ വന്നപ്പോൾ ആഹാരം വിളമ്പി. ഉപ്പേരി കൈപ്പക്കയായിരുന്നു. അടുത്ത ബന്ധമുള്ള അയൽവാസിയുടെ പറമ്പത്ത് നിന്ന് പറിച്ചതായിരുന്നു. അയാൾക്ക് അത് നൂറ്റുക്ക് നൂറ് തൃപ്തിയായിരിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ നേരിട്ട് ചോദിച്ച് സമ്മതം വാങ്ങിയിരുന്നില്ല. സുപ്രക്ക് ചുറ്റുമിരുന്നപ്പോൾ ‘ഇത് ഹലാൽ; ഇത് ഹറാം’ എന്ന് പറഞ്ഞ് അത് മാറ്റിവെച്ചത്രെ! ഗ്രന്ഥത്തിൽ വായിച്ചതല്ല; പറഞ്ഞുകേട്ടതാണ്.

ഖുർആനും ഹദീസും കഠിനഭാഷയിൽ എതിർത്തതാണ് പലിശയെ. ഇസ്‌ലാമിന്റെ ആവിർഭാവ കാലത്ത് അറേബ്യ പലിശയിൽ പൊതിർന്നിരുന്നു. ഒറ്റയടിക്ക് ആ അറേബ്യയെ അലക്കിയുണക്കുക എളുപ്പമായിരുന്നില്ല. നാല് ഘട്ടങ്ങളിലായാണ് ഖുർആൻ അറേബ്യയെ പലിശമാലിന്യത്തിൽ നിന്ന് കുടഞ്ഞെടുത്തത്. ചെറിയൊരു നാണയം പലിശയായി സ്വീകരിക്കുന്നത് പോലും നികൃഷ്ടമായ വ്യഭിചാരത്തോടാണ് ഹദീസ് ഉപമിച്ചിരിക്കുന്നത്. പലിശ തിന്നുന്നവൻ, തീറ്റിക്കുന്നവൻ, ഗുമസ്തൻ, സാക്ഷി- ഒക്കെ ആറ്റൽ റസൂലിന്റെ ശാപവൃത്തത്തിൽ നാളുകഴിക്കുന്നവരാണ്.
ഉദ്യോഗസ്ഥരുടെ ശമ്പളം ബേങ്ക്ത്രൂ ആകയാൽ ച്ചിരിപ്പശ പലിശ അക്കൗണ്ടിലൂറാൻ സാധ്യതയുണ്ട്. ശമ്പളം പിൻവലിക്കാതെ വെച്ചാൽ പലിശ തടിച്ച് വരും.

ഇതുപോലെത്തന്നെ പി എഫിന്റെ കാര്യവും. നാം അടക്കുന്ന പി എഫിന്റെ തലയിലെ പേനായി പലിശ വളരും. നമ്മുടെ ബോധപൂർവമായ ഒരു തീരുമാനം പലിശയെ വളർത്തുന്നതാവാമോ? പറ്റില്ല. അപ്പോൾ നിർവാഹമില്ലായ്മയുടെ ഘട്ടം പോലെയല്ല ഇത്. നിവൃത്തികേട് കൊണ്ടുവരുന്നത് ആറ് ശതമാനം മാത്രമാണ്. അത്രയേ സർക്കാർ പറയുന്നുള്ളൂ. അതിന്റെ മുകളിൽ- നിക്ഷേപം കൂട്ടാമല്ലോ, ലോണെടുക്കാമല്ലോ, ടാക്‌സിനെ മലർത്തിയടിക്കാമല്ലോ എന്നീ കാരണങ്ങളാൽ നമ്മൾ നിക്ഷേപിക്കുന്ന തുകകൾ പലിശപ്പരിപാടിയെ പാലൂട്ടുന്നതാണ്. നമ്മളാ പലിശ സ്വീകരിക്കില്ലെന്നുറപ്പാണെങ്കിൽ പോലും സാമ്പത്തിക കുടുംബത്തിലേക്ക് ഒരു ജാരസന്താനത്തിന്റെ പിറവിക്ക് പരോക്ഷമായെങ്കിലും നമ്മൾ ഒത്താശക്കാരാകുക എന്നത് കുറ്റകരം തന്നെ. കോടമ്പുഴ ബാവ ഉസ്താദുമായുള്ള സംശയനിവാരണ ചർച്ചയിൽ നിന്നാണ് ഈ അറിവ് വെളിവായത്. അതിൽ പിന്നെ പി എഫ് നിരക്ക് അടിച്ച് താഴ്ത്തി ആറിലെത്തിക്കാനുള്ള ശ്രമത്തിലാണ്. അങ്ങനെയാണ് വേണ്ടത്. ടാക്‌സ് കൂടട്ടെ, എന്നിട്ട് ആകാശം വീഴട്ടെ, ഫും!

ഫൈസൽ അഹ്‌സനി ഉളിയിൽ
[email protected]