അനുരാഗ ശീലിന്റെ അംബാസിഡർ

രണ്ടായിരത്തിൽ പരം പാട്ടുകളെഴുതിയ സർഗ ധന്യമായ ജീവിതമാണ് അബൂ മുഫീദ എന്ന ഹനീഫ മുസ്‌ലിയാരുടെത്. സാഹിത്യം കൊണ്ടും ഈണ വിന്യാസം കൊണ്ടും സമകാല പാട്ടുകളിൽ നിന്നെല്ലാം അദ്ദേഹത്തിന്റെ രചനകൾ രാജകീയമായി തന്നെ വേറിട്ടു നിൽക്കുന്നു.
വ്യക്തി
Posted on: July 28, 2019 11:38 am | Last updated: July 28, 2019 at 11:42 am

‘മ്പരത്തമ്പിളി പോലെ
വിണ്ണിലെ താരകം പോലെ
അമ്പിയ രാജന്റെ ഇമ്പർ ഹബീബിന്റെ
പൊന്നൊളി ഫാത്വിമാ…’

കോഴിക്കോട് വെള്ളിമാടുകുന്നിലെ ഷൈൻ സ്റ്റുഡിയോയിൽ ശ്രുതി മധുരിമയുടെ ശീലൊഴുകുകയാണ്. അരികിൽ രചയിതാവ് ഹനീഫ മുസ്‌ലിയാരും പ്രൊഡ്യൂസർ റസാഖ് കാവപ്പുരയും ശ്വസമടക്കിയിരിക്കുന്നുണ്ട്. കൂട്ടുകാരുടെ പ്രേരണയുണ്ടെങ്കിൽ പോലും തികഞ്ഞ ആശങ്കയോടെയാണ് ഹനീഫ മുസ്‌ലിയാരിരിക്കുന്നത്. ഒമ്പത് വർഷം മുമ്പ് ചന്തപ്പടി ബുക്‌സിൽ നിന്നും അന്വേഷിച്ചു വന്ന പോസ്റ്റ് കാർഡിലെ വരികൾ ഇന്നും മറന്നിട്ടില്ല. “താങ്കളുടെ രചനകൾ പ്രസിദ്ധീകരണ യോഗ്യമല്ല. തിരിച്ചു കൊണ്ടുപോകണം’. ഇത് വായിക്കുമ്പോൾ ഹനീഫ മുസ്‌ലിയാരുടെ മനസ്സിൽ എന്തോ രൂപപ്പെടുന്നുണ്ടായിരുന്നു. ഒരു തരം സാമ്പ്രദായിക കൈകൊട്ടിപ്പാടലുകളോടുള്ള വിരസത. ഏറെ പ്രതീക്ഷകളോടെയായിരുന്നു തന്റെ പാട്ടുകളുമായി ചന്തപ്പടി ബുക്‌സിനെ സമീപിച്ചത്. നിലവിലെ രചനാ സമ്പ്രദായങ്ങളുടെയും ഈണ വിന്യാസങ്ങളുടെയും വാലിൽ തൂങ്ങി നിൽക്കാതെ പുതിയൊരു വിലാസം തേടുന്ന രചനകൾ എന്തായാലും അച്ചടി മഷി പുരളുമെന്ന ഉറപ്പിലായിരുന്നു അദ്ദേഹം. ആദ്യക്കാരന്റെ ആധിപോലെ ആശയും ആശങ്കയും ഇഴചേർന്നൊരുക്കിയ കിനാവള്ളികളെയാണ് കാർഡിലെ ഓരോ അക്ഷരവും അറുത്തു മുറിച്ചത്. വായിച്ചു കഴിഞ്ഞപ്പോൾ ഒന്നുറപ്പിച്ചിരുന്നു. പ്രതീക്ഷകൾ കെടുത്തിക്കളഞ്ഞ പ്രസാധകരോട് പ്രതികാരം ചെയ്യണം; മധുമായി. മനസ്സിൽ ശപഥം ചെയ്തു. ആ വാശിയുടെ വിജയമാണ് നിങ്ങളിപ്പോൾ കേൾക്കുന്നത്. അന്ന് മടക്കിയയച്ച അതേ വരികൾ. 1999 ജൂൺ ഒമ്പത് ബുധൻ വെള്ളിമാടുകുന്നിലെ ഷൈൻ സ്റ്റുഡിയോയിലേക്കൊന്ന് കാതോർത്ത് നോക്കൂ…

നിനക്കാതെയാണ് ഫോൺ റിംഗ് ചെയ്യുന്നത്. ഹനീഫ മുസ്‌ലിയാർക്കാണ്. വീട്ടിൽ നിന്നാണ്. ഉള്ള് പിടച്ചു. ഭാര്യ പൂർണഗർഭിണിയാണ്. അങ്ങേത്തലക്കൽ ബേജാറ് കലർന്ന സ്വരം. ആശുപത്രിയിൽ വരണം. ഭയക്കാനൊന്നുമില്ല. നഫീസത്ത് മാല നീട്ടിപ്പാടിയ മോഹത്തിന്റെ പൂർത്തീകരണമാണ്. ഭാര്യ പ്രസവിച്ചു. നല്ല ഓമനത്തുളള പെൺകുട്ടി. മുഫീദ. അവർ സ്‌നേഹത്തോടെ വിളിച്ചു. പ്രിയ കൂട്ടുകാരൻ റസാഖ് കാവപ്പുരയെ വിളിച്ച് സന്തോഷം പങ്കുവെക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ഹനീഫ മുസ്‌ലിയാരുടെ മനസ്സിലും വീട്ടിലും കുഞ്ഞുമോളുടെ കളിയും കരച്ചിലും നിറഞ്ഞു. ഒരാഴ്ച കഴിഞ്ഞാണ് കാസറ്റിറങ്ങുന്നത്. കാസറ്റ് ടേപ്പിലിട്ട് കേൾക്കുകയാണ് ഹനീഫ മുസ്‌ലിയാർ.

“ശുഹദാ ഇസ്‌ലാമിക് ഗാനങ്ങൾ
രചന: അബൂ മുഫീദ താനാളൂർ’
വിശ്വസിക്കാനായില്ല. അകതാരിലൂടെ എന്തോ ഒരു ഉൾപ്രവാഹം അറിയാതെ കടന്നുപോയി. പൊന്നുമോളെ വാരിയെടുത്ത് ചുംബിച്ചു. കഥയറിയാതെ മുഫീദ മോൾ മാലാഖയെന്നപോലെ ചിരിച്ചു. പേരിലും സർഗാത്മകതയുടെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു ഹനീഫ മുസ്‌ലിയാർ.

ജീവ വായുവിലും
താളവും ലയവും

ചെറുപ്പം തൊട്ടേ സാഹിത്യത്തിലും സർഗാത്മകതയിലും താത്പര്യം കാണിച്ചിരുന്നു അബൂ മുഫീദ. 1986ൽ താനൂർ യു പി സ്‌കൂൾ ഏഴാം ക്ലാസിലെ മുഹമ്മദ് ഹനീഫയെന്ന അറബിക് വിദ്യാർഥിയെ അബൂബക്കർ മാഷ് പുറത്താക്കിയത് മലയാളം ക്ലാസിലിരുന്നതിനായിരുന്നു. മലയാളം സെക്കൻഡ് വായിച്ച് കേൾപ്പിച്ചപ്പോൾ അഡ്മിഷൻ നൽകിയത് ഇന്നും ഓർമയിലുണ്ട്. കൂട്ടുകാർക്കൊത്തുളള സൗഹൃദ സംഭാഷണങ്ങളിൽ പ്രാസ ഭംഗിയോടെ സംസാരിച്ചു തുടങ്ങിയത് ഏതോ വലിയ ഭാവത്തിലൊന്നുമായിരുന്നില്ല. കൂട്ടുകാരുടെ അകമഴിഞ്ഞ പ്രചോദനം വലിയ ഉത്തേജനമായി. മലയാളം ക്ലാസുകളും തഥൈവ. കൂട്ടുകാർക്ക് വേണ്ടി പ്രണയ കവിതകളും കത്തും ലേഖനങ്ങളും എഴുതിക്കൊടുത്ത് മിഠായി കൂലി നിശ്ചയിച്ചിരുന്ന ബാല്യ കാലം ഓർക്കുമ്പോൾ ഒരു കുടന്ന ചിരിവരും മുഖത്ത്. പാട്ടുകളോടന്നും പ്രണയമായിരുന്നു. റേഡിയോയിൽ വരുന്ന ശാസ്ത്രീയ സംഗീതം നിരന്തരം കേട്ടു. യേശുദാസും മാർക്കോസും ചിന്തകളെ ഹരം പിടിപ്പിച്ചു. മനസ്സിൽ ശോക ഗാനം പോലെ പെയ്തിറങ്ങുന്നവയോടായിരുന്നു ഏറെ പ്രിയം. ഇഷ്ട ഗാനങ്ങളുടെ ഗായകരെ തേടി പലപ്പോഴും ചുറ്റിയലഞ്ഞു. സൗഹൃദങ്ങളിൽ പാട്ടുകാർ പരന്നു നിന്നു. ജീവ വായുവിലും താളവും ലയവും സ്വരവും ശ്രുതിയും മത്ത് പിടിപ്പിച്ചു. ഈ മത്ത് പിടിപ്പിക്കലിൽ നിന്നാണ് അബൂ മുഫീദയെന്ന പ്രതിഭക്ക് ചിറകും തൂവലും മുളക്കുന്നത്; വിജയത്തിന്റെ അചുംബിതമായ ആകാശങ്ങളിലേക്ക് പറന്നുയരുന്നതും.


എസ് വൈ എസ് എറണാകുളം സമ്മേളനം അടുത്തുവരുന്ന സമയം. പ്രസ്ഥാന സംബന്ധിയായ ഗാനങ്ങളെഴുതി അച്ചടിച്ചു. ആവേശം അലകടലുയർത്തിയ സമ്മേളന നഗരിയിൽ ഒന്നും രണ്ടും രൂപക്ക് മുഴുവൻ വിറ്റഴിച്ചു. പതിനെട്ടുകാരൻ ഹനീഫയുടെ ആദ്യ രചന പതിനായിരങ്ങൾ ഏറ്റുപിടിച്ചു. അന്നു മുതൽ ആ ഹൃദയ ഭിത്തിയിൽ നിന്ന് പാട്ടിന്റെ നീരൊഴുക്ക് നിലക്കാതെ ഉറവ പൊട്ടി. റബീഉൽ അവ്വൽ അടുത്താൽ അബൂ മുഫീദക്ക് ഒഴിവില്ലാത്ത നാളുകളാണ്. മദ്‌റസയിലെ ഓരോ കുട്ടിക്കും പുതിയ പാട്ടുകൾ നൽകി പരിശീലിപ്പിക്കണം. എല്ലാം സ്വന്തമായി എഴുതിയത്. പുതിയ ഈണത്തിലും താളത്തിലുമുള്ളവ. കേട്ടുമടുത്ത പാട്ടുകൾക്ക് പിന്നാലെ പോകുന്ന രീതി അബൂ മുഫീദക്കില്ല. സേവനം ചെയ്യുന്ന മഹല്ലിലെ ഓരോ റബീഉൽ അവ്വലും ഹനീഫ ഉസ്താദിന്റെ സ്വന്തമെന്ന് പറയുന്നതാകും ശരി. പുതുമയുളള ഓരോ പരിപാടിയും വീക്ഷിക്കാൻ പരിസര മഹല്ലുകളിൽ നിന്ന് പോലും ആളുകളെത്തും. പലരും ടേപ് റെക്കോർഡുമായി വന്ന് പരിപാടികൾ പിടിച്ചെടുത്ത് അവരുടെ മഹല്ലിൽ അവതരിപ്പിക്കാറുണ്ടെന്ന് അബൂ മുഫീദ.
സാഹിത്യം കൊണ്ടും ഈണ വിന്യാസം കൊണ്ടും സമകാല പാട്ടുകളിൽ നിന്നെല്ലാം അദ്ദേഹത്തിന്റെ രചനകൾ രാജകീയമായി തന്നെ വേറിട്ടു നിന്നു. രണ്ടായിരം തൊട്ട് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവുകളിൽ പാട്ടെഴുതി സജീവ സാന്നിധ്യമായി. രണ്ടായിരത്തിൽ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്ന “ശാന്തി പൂക്കും നാടാണ്…’ എന്നു തുടങ്ങുന്ന പാട്ട് സീനിയർ സംഘ ഗാനത്തിൽ ശിഹാബ് പുത്തൻതെരുവിൽ നയിച്ച ഗ്രൂപ്പ് ഒന്നാം സ്ഥാനം നേടി. തൊട്ടടുത്ത വർഷം രചിച്ച “ശുഭ സ്വബാഹ് സുമമേ…’ എന്ന പാട്ട് പാടി അതേ ഇനത്തിൽ തന്നെ ജലീൽ താനാളൂരും സംഘവും ഒന്നാം സ്ഥാനക്കാരായി.

മദ്ഹ് ഗാനം മത്സര ഇനമായി വരാൻ തുടങ്ങിയതോടെ “ഖൈറിൻ മരം പൂക്കും നാട്ടിലെ…., രാക്കിളി പാട്ടിന്റെ ശ്രുതിയിൽ…., കാലം പല അലകളിൽ…., നക്ഷത്ര മേഘമാണോ…,’ തുടങ്ങി സാര സമ്പൂർണ ശീലൊഴുക്കുകൊണ്ട് മത്സരവേദികളെ പുളകം കൊള്ളിക്കുന്നു ഈ സർഗ സ്‌നേഹിയുടെ തൂലിക.

സബീന എന്നാണ്
മാപ്പിളപ്പാട്ടായത്?

സർഗധന്യമായ ഈ കാലത്തിനിടക്ക് രണ്ടായിരത്തിൽ പരം പാട്ടുകളെഴുതി. പലതും പാടി വരുമ്പോൾ അവകാശം പറയാൻ ആളുണ്ടാകും. “ബഹറിന്റെ അക്കരെ പോയി ഞാനെന്റെ….’ എന്ന പാട്ട് അതിലൊന്നാണ്. വിധി വൈപരീത്യം എന്നു പറയാം, “കരയിക്കും കർബല പോലെ’ പലതും തലയിൽ കെട്ടി വെക്കുകയും ചെയ്തു. എഴുതിയ പാട്ടിലെ വരികൾ മായ്ച്ചും മുറിച്ചും ചേർത്തിയും പാടുന്നത് കേൾക്കുമ്പോൾ വല്ലാത്ത വിഷമം തന്നെയെന്ന് രചയിതാവ്. പാട്ടെഴുത്തിന് പുറമെ കഥാ പ്രസംഗം, സീറാ പാരായണം, പാടിപ്പറയൽ എന്നിവയിലെല്ലാം സജീവമായിരുന്നു. “ഉമ്മയെ തേടി ഒരു ബാലൻ’ എന്ന കഥാ പ്രസംഗം തരംഗമായി. മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്ന മക്കളേയും മക്കളെ ബുദ്ധിമുട്ടിക്കുന്ന മാതാപിതാക്കളേയും ഒരേസമയം അലോസരപ്പെടുത്തുന്നതായി അത്. ആംഗ്യപാട്ടായി മാറുന്ന ഖവാലി മത്സരങ്ങളോട് അത്ര യോജിക്കാനാകില്ല അദ്ദേഹത്തിന്. “ആറടി മണ്ണ് കുഴിച്ച് കുഴിച്ച് ഖബറുണ്ടാക്കി….’ എന്ന ഭക്തി ഗാനം പാടിയപ്പോൾ നൃത്തം ചെയ്തവരോടാണ് കഥയറിയാതെ ആടുന്ന ഖവാലിക്കാരെ ഉപമിക്കാറ്.

ഖവ്വാൽ എന്നാൽ അധികമായി വിളിച്ചു പറയുന്നവൻ എന്നാണർഥമെങ്കിലും പറയുന്നതും ആവേശവും തമ്മിലൊരു ബന്ധം വേണ്ടേ എന്നാണ് ചോദ്യം. മാപ്പിളപ്പാട്ടുകളിൽ പ്രാസവൃത്താദികൾ പാലിക്കേണ്ടതില്ലെന്ന അയഞ്ഞ വാദത്തോടും സമരസപ്പെടാനാകില്ല അദ്ദേഹത്തിന്. പൂർവ കാലത്തെ സഫീന (സബീന) പാട്ടുകളെന്നാണ് പേരുമാറി പ്രചരിച്ചതെന്നദ്ദേഹം ഉറക്കെ ചോദിക്കും. മോയിൻകുട്ടി വൈദ്യരടക്കമുള്ള മാപ്പിള കവികൾ രചനയിൽ സ്വീകരിച്ചിരുന്ന പാരമ്പര്യ വിശ്വാസത്തിന്റെ സ്പർശങ്ങളായ തവസ്സുലും ഇസ്തിഗാസയും വരും തലമുറയിൽ നിന്ന് മാറ്റിനിർത്താനും പരിഷ്‌കാരമെന്ന പുറംലേപനത്തിലൂടെ പ്രണയവും ശോകവും കടത്തിക്കൂട്ടി ഒരു സംസ്‌കാരത്തിന്റെ തനിമ നശിപ്പിക്കാനുമുള്ള കുടിലതന്ത്രമാണ് മാപ്പിളപ്പാട്ടെന്ന പേരിന് പിന്നിൽ എന്നാണദ്ദേഹം നിരീക്ഷിക്കുന്നത്.
കാഴ്ചപ്പാടുകളുടെ സമ്പന്നതയാണ് അബൂ മുഫീദയെ വ്യതിരിക്തനാക്കുന്നത്. തിരുനബിയുടെ ഒളിവിനേയും അഴകിനേയും മാത്രം വർണിച്ച് പാടുന്ന മദ്ഹ് ഗാന രചനാ രീതികളെ മറികടന്നാണ് കൂടുതൽ സാഹിത്യ ബോധത്തോടെയും കവിത്വ വിചാരങ്ങളോടെയും പാട്ടുകൾ എഴുതിക്കാണിച്ചത്. ‘മോനേ…എഴുതുമ്പോൾ ഇത്രയേ ഉള്ളൂ നബിമദ്‌ഹെന്ന രീതി വരരു’തെന്ന ഉപ്പയുടെ നിർദേശം അണയാ വിളക്കാണദ്ദേഹത്തിന്. അതായിരിക്കണം ഇത്ര മികവിൽ മദ്‌ഹെഴുതാൻ കാരണമായി ഭവിക്കുന്നതും.

‘മാപ്പിള കല: ഒരു ആദർശ വായന’ എന്ന പുസ്തകത്തിന്റെ പണിപ്പുരയിലാണിപ്പോൾ. നമ്മൾ കേട്ടു പഠിച്ച മാപ്പിള കലാ വിചാരങ്ങളുടെ അല്ലെങ്കിൽ നമ്മെ പറഞ്ഞു പഠിപ്പിച്ച കലാ പരിസരങ്ങളുടെ അടിവേരറുക്കാൻ മാത്രം കെൽപ്പും കരുത്തുമുള്ള രചനയായി പുസ്തകത്തെ മാറ്റാനുളള തീവ്ര യത്‌നത്തിലാണദ്ദേഹം. നമുക്ക് അന്യമായ, മാപ്പിളത്തമുളള കലയുടെ തനിമയും മഹിമയും വരച്ചു കാട്ടുന്ന പുസ്തകത്തിന് ഇനിയും പ്രസാധകരെ ലഭിച്ചിട്ടില്ല.

റൈഹാൻ വൃന്ദാവനം • [email protected]