അമ്പൂരിയിലെ രാഖി വധം: മുഖ്യപ്രതി അഖില്‍ പിടിയില്‍

Posted on: July 27, 2019 9:31 pm | Last updated: July 28, 2019 at 9:52 am

തിരുവനന്തപുരം: അമ്പൂരിയിയില്‍ രാഖി എന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട കേസില്‍ മുഖ്യപ്രതി അഖില്‍ പിടിയില്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അഖിലിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പേരും പോലീസിന്റെ പിടിയിലായി. അഖിലിന്റെ സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കൊലപാതകത്തില്‍ അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് രാഖിയുടെ കുടുംബം ആരോപിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

കേസില്‍ ഇന്ന് ഉച്ചയോടെ പിടിയിലായ അഖിലിന്റെ സഹോദരന്‍ രാഹുല്‍ പോലീസിന് മുമ്പില്‍ കുറ്റസമ്മതം നടത്തിക്കഴിഞ്ഞു. അഖിലിനെ ചോദ്യം ചെയ്ത ശേഷം രാഹുലിന്റെ മൊഴിയുമായി എന്തെങ്കിലും വൈരുദ്ധ്യമുണ്ടോയെന്ന് പോലീസ് പരിശോധിക്കും.
രാഖിയെ കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് രാഹുല്‍ നേരത്തെ കുറ്റസമ്മതം നടത്തിയത്.

നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് രാഖിയെ കാറിയല്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുവന്നത്. ആദ്യം വാഹനം ഓടിച്ചിരുന്നത് അഖിലാണ്. വിവാഹത്തെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായതോടെ വാഹനം നിര്‍ത്തി അഖില്‍ പിന്‍സീറ്റിലേക്ക് പോയി. പിന്നെ താന്‍ വാഹനം ഓടിച്ചു. ഇതിനിടെ, മുന്‍സീറ്റിലിരുന്ന രാഖിയുടെ കഴുത്ത് അഖില്‍ ഞെരിച്ചു. അമ്പൂരിയിലെ വീട്ടിലെത്തിയ ശേഷം കയറുകൊണ്ട് കഴുത്ത് ഞെരിച്ച് രാഖിയുടെ മരണം ഉറപ്പാക്കിയത് താനാണ്. രാഖിയുടെ വസ്ത്രങ്ങളും മൊബൈലും പിന്നീട് പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകായിരുന്നെന്നുമാണ് രാഹുല്‍ പോലീസിനോട് പറഞ്ഞത്.

അഖിലിന് മറ്റൊരു വിവാഹം കഴിക്കാന്‍ രാഖി തടസം നിന്നതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഒരുമാസം മുമ്പ് കാണാതായ രാഖിയുടെ മൃതദേഹം കഴിഞ്ഞ 24നാണ് തട്ടാപുരം സ്വദേശി അഖിലിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.