Connect with us

Gulf

കിളിമഞ്ചാരോ കീഴടക്കാന്‍ ഷാര്‍ജയില്‍ നിന്നും പെണ്‍പട

Published

|

Last Updated

ഷാര്‍ജ: കിളിമഞ്ചാരോ പര്‍വതാരോഹണത്തിന് ഷാര്‍ജയില്‍ നിന്നുള്ള ഒമ്പത് പെണ്‍കുട്ടികള്‍ ഒരുങ്ങുന്നു. 18 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ പര്‍വതാരോഹണത്തിന് ഷാര്‍ജ സജയ യങ് ലേഡീസ് (എസ് വൈ എല്‍) ആണ് നേതൃത്വം നല്‍കുന്നത്. ഇത് രണ്ടാം വട്ടമാണ് എസ് വൈ എല്‍ ലോകത്തെ ഉയരം കൂടിയ പര്‍വതാരോഹണത്തിന് അവസരമൊരുക്കുന്നത്.

യുവ സമൂഹത്തില്‍ മാനസിക വെല്ലുവിളികള്‍ അതിജീവിക്കുന്നതിനും അവരുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള പദ്ധതികളുടെ ഭാഗമാണ് പര്‍വതാരോഹണമെന്ന് സംഘാടകര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മൊറോക്കോയിലെ തൗബ്കള്‍ കൊടുമുടി കയറുന്നതിന് അവസരമൊരുക്കിയിരുന്നു.

10 നാള്‍ നീണ്ടുനില്‍ക്കുന്ന ആരോഹണ പരിപാടിക്ക് കഠിനമായ പരിശീലന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പരിശീലനത്തിന് അന്താരാഷ്ട്ര വിദഗ്ധരുടെ സഹായം ഇവര്‍ക്കായി ലഭ്യമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനും ജീവിത യാത്രയിലെ വെല്ലുവിളികളെ നേരിടുന്നതിനും അവരെ ഒരുക്കിയെടുക്കുക എന്നതാണ് ആരോഹണ പദ്ധതി കൊണ്ട് പ്രധാനമായി ലക്ഷ്യമിടുന്നത്. പര്‍വതാരോഹണ ഘട്ടത്തില്‍ സംഘം നേടിയെടുക്കുന്ന നേതൃ പാടവത്തിലൂടെ എമിറേറ്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍കൂട്ടാക്കാന്‍ കഴിയുമെന്നും എസ് വൈ എല്‍ ഡയറക്ടര്‍ ശൈഖ ഐശ ഖാലിദ് അല്‍ ഖാസിമി പറഞ്ഞു.

ആഗസ്റ്റ് 21 മുതല്‍ 31 വരെ നീളുന്ന ആരോഹണ പരിപാടികള്‍ ഷാര്‍ജ പോലീസ് അക്കാദമി, തിലാല്‍ പ്രോപ്പര്‍ടീസ്, ഷാര്‍ജ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഷാര്‍ജ ബ്രോഡ് കാസ്റ്റിംഗ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഒരുക്കുന്നത്.