Connect with us

Gulf

കടക്കെണിയില്‍പെട്ട 22 പേര്‍ക്ക് മോചനം; ബാധ്യത യുവ വാണിജ്യ പ്രമുഖന്‍ ഏറ്റെടുക്കും

Published

|

Last Updated

ദുബൈ: കടക്കെണിയില്‍ പെട്ട് ജയിലിലായ ഇന്ത്യക്കാരടക്കമുള്ള 22 പേരുടെ ബാധ്യത ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റ് വാടക തര്‍ക്ക പരിഹാര കേന്ദ്രം ഏറ്റെടുക്കും. ബലി പെരുന്നാളിന് മുമ്പ് ഇവര്‍ക്ക് ജയില്‍ മോചനം സാധ്യമാകും.

ദുബൈയിലെ സ്വദേശി യുവ വാണിജ്യ പ്രമുഖന്‍ അബ്ദുല്ല അഹ്മദ് അല്‍ അന്‍സാരിയാണ് ഡി എല്‍ ഡി ക്കു വേണ്ടി തുകയുടെ വലിയ പങ്ക് ചെലവഴിക്കുക. സഹിഷ്ണുതാ വര്‍ഷത്തിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതര്‍ അറിയിച്ചു. ഇവരുടെ ബാധ്യത തിട്ടപ്പെടുത്താന്‍ ഡി എല്‍ ഡി ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബുതി ബിന്‍ മിജ്‌റാന്‍, ദുബൈ കുറ്റാന്വേഷണ വിഭാഗം മേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി ആര്‍ ഡി സി അധ്യക്ഷന്‍ ജഡ്ജ് അബ്ദുല്‍ ഖാദര്‍ മൂസ എന്നിവര്‍ യോഗം ചേര്‍ന്നിരുന്നു.
ദുബൈയില്‍ ഇത്തരത്തിലൊരു ജീവകാരുണ്യം ആദ്യമാണെന്ന് സുല്‍ത്താന്‍ ബുതി വ്യക്തമാക്കി.

യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സഹിഷ്ണുതാ വര്‍ഷം പ്രഖ്യാപിച്ചതാണ് ഞങ്ങള്‍ക്ക് പ്രചോദനമായത്. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ കൈക്കൊണ്ട സമീപനങ്ങള്‍ക്ക് അനുരൂപമാണിത്. യു എ ഇ തുടര്‍ന്നുവരുന്ന സാമൂഹിക പ്രതിബദ്ധതയുടെയും സഹിഷ്ണുതയുടെയും സാംസ്‌കാരിക കൈമാറ്റത്തിന്റെയും ഉത്തമ ഉദാഹരമാണിത്.

തടവിലായവര്‍ക്ക് വീട്ടില്‍ പെരുന്നാള്‍ എന്ന ആശയത്തോടൊപ്പം കെട്ടിട ഉടമകളുടെ താല്പര്യം കൂടി സംരക്ഷിക്കപ്പെടുകയാണ്. ഇതിനായി വാടക തര്‍ക്ക പരിഹാര സമിതി ജൂഡീഷ്യല്‍ സമിതിയെ നിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലാന്‍ഡ് ഡിപ്പാര്‍ട്‌മെന്റിന്റെ കാരുണ്യത്തിന് തടവുകാര്‍ നന്ദി പറഞ്ഞു. ഒരാള്‍ ഇതേക്കുറിച്ചു പുസ്തകമെഴുതുമെന്ന് അറിയിച്ചിട്ടുണ്ട്.