കണ്ണൂരിലെ എസ് എഫ് ഐയില്‍ നിന്ന് ഭീഷണി നേരിടുന്നെന്ന് എ ഐ എസ് എഫ്

Posted on: July 27, 2019 6:37 pm | Last updated: July 27, 2019 at 9:33 pm

കണ്ണൂര്‍: എ ഐ എസ് എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ എസ് എഫ് ഐക്കെതിരെ രൂക്ഷവിമര്‍ശം. കണ്ണൂരില്‍ എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ക്ക് എസ് എഫ് ഐ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നില്ല. പ്രവര്‍ത്തകരെയും നേതാക്കളെയും ഭീഷണിപ്പെടുത്തുന്നു. രക്തരക്ഷസിന്റെ സ്വഭാവമുള്ള സംഘടനയാണ് എസ് എഫ് ഐ. സര്‍ സയ്യിദ് കോളജിലും പയ്യന്നൂര്‍ കോളജിലും എ ഐ എസ് എഫ് പ്രവര്‍ത്തനത്തിന് എസ് എഫ് ഐ ഭീഷണി നേരിടുകയാണ്. ഇത് സംബന്ധിച്ച് സി പി ഐ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നും എ ഐ എസ് എഫ് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു.

കലാലയങ്ങളില്‍ എസ് എഫ് ഐ പറയുന്ന ജനാധിപത്യം വാക്കുകളില്‍ മാത്രമാണ്. പല കോളജുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നത് എസ് എഫ് ഐയുടെ സൗകര്യത്തിനനുസരിച്ചാണ്.

എ ഐ എസ് എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം അഗേഷിനെ എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഷിബിന്‍ ഭീഷണിപ്പെടുത്തി. തലശ്ശേരി ബ്രണ്ണന്‍ കോളജിലും വനിതാ കോളേജിലും എസ് എഫ് ഐ ഗുണ്ടാവിളയാട്ടമാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് പറയുന്നു.

ഐ ഐ ടി, പോളി എന്നിവ എസ് എഫ് ഐയുടെ ആയുധ സംഭരണ ശാലയാണെന്നുമുള്ള ആരോപണങ്ങളും റിപ്പോര്‍ട്ടിലുണ്ട്. വര്‍ഗ്ഗീയവാദം പുലര്‍ത്തുന്ന മറ്റ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങളോട് എസ് എഫ് ഐ കണ്ണൂര്‍ ജില്ലയില്‍ മൃദു സമീപനമാണുള്ളതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.