കാനത്തെ ആരെങ്കിലും ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടോയെന്ന് അറിയല്ല: സി എന്‍ ജയദേവന്‍

Posted on: July 26, 2019 9:53 pm | Last updated: July 26, 2019 at 9:53 pm

തൃശൂര്‍: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ആരെങ്കിലും ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടോയെന്ന് അറിയില്ലെന്ന് പാര്‍ട്ടി നേതാവും മുന്‍ എം പിയുമായ സി എന്‍ ജയദേവന്‍. എന്തായാലും ഭരണത്തിലിരുന്ന് തല്ലുകൊള്ളേണ്ടവരല്ല സി പി ഐക്കാര്‍. കാനത്തിന്റെ നിലപാട് സംബന്ധിച്ച പ്രതികരണം അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നും ജയദേവന്‍ പറഞ്ഞു. നിലവിലെ രാഷ്ട്രീയ ബന്ധങ്ങളില്‍ പ്രശ്‌നമുണ്ടാക്കേണ്ട എന്നു കാനം കരുതിയിട്ടുണ്ടാകുമെന്നും എന്നാല്‍, ഇത്രയും മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടോ എന്ന കാര്യം അദ്ദേഹം ആലോചിക്കണമെന്നും ജയദേവന്‍ വ്യക്തമാക്കി.

കാനത്തിനെതിരെ എന്തെങ്കിലും പ്രതികരിക്കണമെന്നു തോന്നിയാല്‍ പാര്‍ട്ടി ഘടകത്തില്‍ പ്രതികരിക്കും. എം എല്‍ എ ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കളെ തിരഞ്ഞുപിടിച്ച് മര്‍ദിച്ച പോലീസിനെതിരെ മുഖ്യമന്ത്രി കര്‍ശന നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ ജനം പോലീസിനെ കൈകാര്യം ചെയ്യും. ജയദേവന്‍ കൂട്ടിച്ചേര്‍ത്തു.