അടൂരിനെതിരായ ബിജെപി ഭീഷണി;അടിയന്തര പ്രമേയത്തിന് അനുമതി തേടി കോണ്‍ഗ്രസ് ലോക്‌സഭയില്‍

Posted on: July 26, 2019 11:43 am | Last updated: July 26, 2019 at 1:33 pm

ന്യൂഡല്‍ഹി: പ്രശസ്ത സിനിമ സംവിധായകന്‍ അടൂര്‍ ഗോപാലൃകൃഷ്ണനെതിരായ ബിജെപി ഭീഷണിയില്‍ നടപടിയാവശ്യപ്പെട്ട് ലോക്‌സഭയില്‍ കോണ്‍ഗ്രസ്. ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്റെ ഭീഷണിയില്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. ആവശ്യം സ്പീക്കര്‍ തള്ളി. ജയ് ശ്രീറാം വിളി പ്രകോപനപരമായ യുദ്ധകാഹളമായി മാറുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടര്‍ന്നായിരുന്നു  അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബിജെപി കടന്നാക്രമണം.

ജയ് ശ്രീറാം വിളി സഹിക്കാനാവുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇത് രാമയണമാസമാണെന്നും ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരുമെന്നും ഇതു കേള്‍ക്കാന്‍ പറ്റില്ലെങ്കില്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും റോക്കറ്റിലേറി ബഹിരാകശത്തേക്ക് പോകാമെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു