പോലീസ് അതിക്രമത്തെ ന്യായീകരിച്ചിട്ടില്ല; തനിക്കെതിരായ പോസ്റ്ററിന് പിന്നില്‍ സിപിഐക്കാരല്ല: കാനം

Posted on: July 26, 2019 11:21 am | Last updated: July 26, 2019 at 12:31 pm

കൊച്ചി: എല്‍ദോ എബ്രഹാം എംഎല്‍എ അടക്കം സിപിഐ നേതാക്കള്‍ക്കെതിരായ പോലീസ് അതിക്രമത്തെ ന്യായീകരിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വീട്ടിലിരുന്ന എംഎല്‍എയെ അല്ല സമരത്തിന് പോയ എംഎല്‍എയെ ആണ് പൊലീസ് മര്‍ദ്ദിച്ചതെന്ന കാനത്തിന്റെ വാക്കുകള്‍ വലിയ വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം.

പൊലീസ് നടപടിയെ ന്യായീകരിക്കുകയല്ല ചെയ്തതെന്ന് കാനം രാജേന്ദ്രന്‍ വിശദീകരിച്ചു.പോലീസ് അതിക്രമത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിനാണ് വീട്ടില്‍ കയറിയല്ല പോലീസ് മര്‍ദ്ദിച്ചത് എന്ന പ്രതികരണം നടത്തിയത്. അത് വളച്ചൊടിക്കേണ്ട കാര്യമില്ല. പോലീസ് അതിക്രമത്തെ താന്‍ ന്യായീകരിച്ചിട്ടില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ സിപിഐക്കാര്‍ ഒട്ടിച്ചതല്ലെന്നും സിപിഐക്കാര്‍ ആരും അങ്ങനെ ചെയ്യില്ലെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. അതുകൊണ്ടുതന്നെ പോസ്റ്ററുകള്‍ കാര്യമായി എടുക്കുന്നില്ലെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. വീട്ടിലിരുന്ന എംഎല്‍എയെ അല്ല സമരത്തിന് പോയ എംഎല്‍എയെയാണ് പോലീസ് മര്‍ദിച്ചതെന്ന കാനത്തിന്റെ പ്രതികരണം വലിയ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാനം നിലപാട് വിശദീകരിച്ചത്.