ആലപ്പുഴ സിപിഐ ജില്ലാ കമ്മറ്റി ഓഫീസ് ചുമരില്‍ കാനത്തിനെതിരെ പോസ്റ്റര്‍

Posted on: July 26, 2019 10:09 am | Last updated: July 26, 2019 at 11:45 am

ആലപ്പുഴ: എല്‍ദോ എബ്രഹാം എംഎല്‍എക്ക് പോലീസ് മര്‍ദനമേറ്റ സംഭവത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. സിപിഐ ജില്ലാ കമ്മറ്റി ഓഫീസിന്റെ ചുവരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

‘കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റര്‍. എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി രാജുവിനും അഭിവാദ്യമര്‍പ്പിച്ചുള്ളതാണ് പോസ്റ്റര്‍. അമ്പലപ്പുഴ സിപിഐയിലെ തിരുത്തല്‍വാദികള്‍ പതിച്ചത് എന്ന നിലയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എംഎല്‍എക്കും നേതാക്കള്‍ക്കും പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കാനം രാജേന്ദ്രന്‍ സ്വീകരിച്ച നിലപാട് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിറകെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.