ഗോ എയര്‍ ദുബൈ-കണ്ണൂര്‍ സര്‍വീസ് അടിസ്ഥാന നിരക്ക് 335 ദിര്‍ഹം

Posted on: July 25, 2019 8:24 pm | Last updated: July 25, 2019 at 8:24 pm

ദുബൈ: ഗോ എയര്‍ ദുബൈയില്‍ നിന്നും കണ്ണൂരിലേക്ക് ഈ മാസം 26ന് പ്രതിദിന സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അല്‍ നബൂദ ഗ്രൂപ്പ് എന്റര്‍പ്രൈസസിന്റെ് ട്രാവല്‍ ആന്‍ഡ് ടൂറിസം ബിസിനസ് സ്ഥാപനമായ അല്‍ നബൂദ ട്രാവല്‍ ആന്‍ഡ് ടൂറിസവുമായി ചേര്‍ന്നാണ് ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നത്. വടക്കന്‍ കേരളത്തിലെ വിനോദ സഞ്ചാര വാണിജ്യ കേന്ദ്രമായ കണ്ണൂരിനെ ദുബൈയുമായി ബന്ധപ്പെടുത്തി എല്ലാ ദിവസവും നേരിട്ടുളള സര്‍വീസുകളാണ് ഇതോടെ യാഥാര്‍ഥ്യമാവുക. 335 ദിര്‍ഹം മുതല്‍ക്കുളള ആകര്‍ഷകമായ നിരക്കിലാണ് സര്‍വീസ്. രണ്ട് ഭാഗങ്ങളിലേക്കും സൗകര്യപ്രദമായ സമയങ്ങളിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ഗോ എയറിന്റെ ഈ മേഖലയിലെ ലക്ഷ്യ സാക്ഷാത്കാരമായാണ് ദുബൈ-കണ്ണൂര്‍ സര്‍വീസിനെ കാണുന്നതെന്ന് ഗോ എയര്‍ ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡന്റ് അര്‍ജുന്‍ ദാസ് ഗുപ്ത പറഞ്ഞു. യു എ ഇയില്‍ ഗോ എയര്‍ സര്‍വീസുകളുളള ഹൈദരബാദ്, ബാംഗളൂരു, ചെന്നൈ, മുംബൈ എന്നീ നഗരങ്ങളെയും ബന്ധപ്പെട്ടുകൊണ്ട് യാത്രകള്‍ ക്രമീകരിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ അതിവേഗം വളരുന്ന എയര്‍ലൈനായ ഗോ എയര്‍ അതിന്റെ ഏറ്റവും സുപ്രധാന കേന്ദ്രമായാണ് ദുബൈയെയും കണ്ണൂരിനെയും കാണുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളവുമായും അതിന്റെ മാനേജ്‌മെന്റുമായും യോജിച്ച് പ്രവര്‍ത്തിക്കാനാവുന്നതില്‍ അതിയായ സന്തോഷമുണ്ട്. കണ്ണൂരില്‍ നിന്നും ദുബൈയിലേക്ക് യാത്രചെയ്യുന്നവരെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യു എ ഇ സമയം പുലര്‍ച്ചെ 12.20ന് ടെര്‍മിനല്‍ ഒന്നില്‍ നിന്ന് പുറപ്പെടുന്ന ജി857 വിമാനം ഇന്ത്യന്‍ സമയം രാവിലെ 5.35ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തും. ജി858 ആദ്യ വിമാനം വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 7.05ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് യു എ ഇ സമയം രാത്രി 10.30ന് ദുബൈയിലെത്തിച്ചേരും. ഇതിനകം ടിക്കറ്റ് ബുക്കിങ് ആരംഭിച്ച വിമാനത്തിന് യാത്രക്കാരുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

ഈയിടെയാണ് ഗോ എയര്‍ 51ാമത് എയര്‍ക്രാഫ്റ്റ് സ്വന്തമാക്കിയത്. അതിവേഗം വളര്‍ച്ചയിലേക്ക് കുതിക്കുന്ന എയര്‍ലൈന്‍ ഓരോ മാസവും ഒരു എയര്‍ക്രാഫ്റ്റ് വീതം ഈ നിരയിലേക്ക് കൂട്ടിച്ചേര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ കൂടുതല്‍ വിമാനങ്ങളും കൂടുതല്‍ സെക്ടറുകളിലേക്ക് സര്‍വീസുകളും യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ചത് തെരഞ്ഞെടുക്കാനുളള അവസരവും യാഥാര്‍ഥ്യമാകും.

ഗോ എയറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അല്‍ നബൂദ ട്രാവല്‍ ആന്റ് ടൂറിസം ഏജന്‍സി സി ഇ ഒ നാസിര്‍ ജമാല്‍ ഖാന്‍ പറഞ്ഞു. ഈ പുതിയ നീക്കത്തിലൂടെ ഇന്ത്യയിലെ സുപ്രധാന സെക്ടറിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പ്രദാനം ചെയ്യാന്‍ സാധിക്കുന്നതിനൊപ്പം യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ നല്‍കാനും ഞങ്ങള്‍ക്ക് ഇതിലൂടെ സാധിക്കും. മിതമായ നിരക്കില്‍ മികച്ച സേവനം നല്‍കി യാത്രക്കാര്‍ ആഗ്രഹിക്കുന്ന ഏറ്റവും നല്ല അനുഭവം തുടര്‍ച്ചയായി സമ്മാനിക്കുവാനും ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ കേന്ദ്രമാക്കി കേരളത്തിലേക്ക് ടൂര്‍ പാക്കേജ് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗോ എയര്‍ പി ആര്‍ ബാകുല്‍ ഗാല, ജനറല്‍ മാനേജര്‍ ജലീല്‍ ഖാലിദ് പങ്കെടുത്തു.