മുത്വലാഖ് നിരോധന ബില്‍ ലോക്‌സഭയില്‍; ക്രിമിനല്‍ കുറ്റമാക്കുന്നതിനെതിരെ പ്രതിപക്ഷത്തിന്റെ നിരാകരണ പ്രമേയം

Posted on: July 25, 2019 2:06 pm | Last updated: July 25, 2019 at 8:02 pm

ന്യൂഡല്‍ഹി: മുത്വലാഖ് നിരോധന ബില്‍ വീണ്ടും ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിച്ചത്. സുപ്രീം കോടതി വിധിക്ക് അനുസൃതമായാണ് ലിംഗ നീതി ഉറപ്പാക്കുന്ന ബില്‍ തയാറാക്കിയിട്ടുള്ളതെന്ന്‌ മന്ത്രി വ്യക്തമാക്കി. മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനെതിരെ പ്രതിപക്ഷം നിരാകരണ പ്രമേയം അവതരിപ്പിച്ചു.
ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധമാണുയര്‍ത്തിയത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി എം കെ, മുസ്‌ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളുടെ പ്രതിനിധികളാണ് പ്രതിഷേധിച്ചത്. ബില്‍ പാര്‍ലിമെന്ററി സമിതിക്കു വിടണമെന്ന ആവശ്യം സഭയിലുയര്‍ന്നു.

വിവാഹ മോചനം ചെയ്യുന്ന ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന് ആര്‍ എസ് പി എം പി. എന്‍ കെ പ്രേമചന്ദ്രന്‍ ചോദിച്ചു. ഇ്ത് മുസ്‌ലിം വിഭാഗത്തോടുള്ള അനീതിയും വിവേചനവുമാണ്. മുത്വലാഖ് വിഷയത്തില്‍ നിയമം കൊണ്ടുവരാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഇത്തരം ഓര്‍ഡിനന്‍സുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ലോക്‌സഭയില്‍ പാസാക്കിയ ബില്‍ രാജ്യസഭയില്‍ പരാജയപ്പെട്ടിരുന്നു.