Connect with us

National

ജനങ്ങളുടെ ജനാധിപത്യ മൂല്ല്യങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കണം; രാജ്യസഭയില്‍ ഡി രാജയുടെ അവസാന പ്രസംഗം

Published

|

Last Updated

ന്യൂഡല്‍ഹി: ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാപനമായ പാര്‍ലമെന്റിന്റെ മഹത്വവും രാജ്യത്തെ ജനങ്ങളുടെ പൗരവാകാശങ്ങള്‍ക്ക് നല്‍കേണ്ട പ്രാധാന്യവും വിവരിച്ച് സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ രാജ്യസഭയിലെ അവസാന പ്രസംഗം. ജനാധിപത്യത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥാപനമായാണ് പാര്‍ലമെന്റിനെ ഞങ്ങള്‍ കാണുന്നത്. അംബേദ്കറും മറ്റ് സാമൂഹികപരിഷ്‌കര്‍ത്താക്കളും വിഭാവനം ചെയ്തത് പോലെ പാര്‍ലിമെന്റ് നിലനില്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും തമിഴ്‌നാടില്‍ നിന്നും സഭാംഗമായിരുന്ന രാജ പറഞ്ഞു.

പാര്‍ലിമെന്റില്‍ നിന്ന് പോയാലും ജനങ്ങള്‍ക്കൊപ്പമുള്ള തന്റെ പ്രവര്‍ത്തനം തുടരും. എം പി സ്ഥാനത്ത് നിന്ന് മാത്രമാണ് പടിയിറങ്ങുന്നത്. വൈവിധ്യം നിറഞ്ഞ നമ്മുടേത് പോലൊരു രാജ്യത്ത് ജനങ്ങള്‍ സുരക്ഷിതരായിരിക്കണം. രാഷ്ട്രീയമായി പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും മനുഷ്യരായി കാണാന്‍ കഴിയണം. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടത് സഹതാപമോ സഹാനുഭൂതിയോ അല്ല. അവരുടെ ജനാധിപത്യമൂല്യങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടുകയാണ് വേണ്ടത്.

ഓരോ വ്യക്തിക്കും അവരുടേതായ മൂല്യം ലഭിക്കണമെന്ന് അംബേദ്കര്‍ പറഞ്ഞിട്ടുണ്ട്. അതിലേക്ക് എത്താന്‍ നമുക്ക് കഴിയണം. എന്തുകൊണ്ടാണ് നമുക്ക് നമ്മുടെ ജനങ്ങളെ ശക്തരാക്കാന്‍ കഴിയാത്തത്.

വനിതാ സംവരണ ബില്ലിനെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും രാജ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശ്രീലങ്കന്‍ തമിഴരെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.