Connect with us

Articles

തീരെ ശുഭകരമല്ല ക്യാമ്പസ് വര്‍ത്തമാനങ്ങള്‍

Published

|

Last Updated

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ അക്രമത്തിനിരയായി ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി ചികിത്സ തേടിയതോടെ ക്യാമ്പസ് രാഷ്ട്രീയത്തിലെ ശരിയും തെറ്റും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ ക്യാമ്പസില്‍ വെച്ചാണ് വിദ്യാര്‍ഥി സംഘടനാ നേതാക്കളില്‍ നിന്നുള്ള മാനസിക പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. ക്യാമ്പസ് രാഷ്ട്രീയം എന്തിനുള്ളതാണെന്നോ ലക്ഷ്യമെന്താണെന്നോ അറിയാത്ത നാഥനില്ലാ പടയായി വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ പരിണമിച്ചിരിക്കുകയാണെന്ന് ചുരുക്കം. ക്യാമ്പസ് രാഷ്ട്രീയം സാധിപ്പിച്ചെടുത്ത മുന്നേറ്റങ്ങളെക്കുറിച്ചും വിപ്ലവങ്ങളെക്കുറിച്ചും വിദ്യാര്‍ഥികളെ ബോധവാന്മാരാക്കി പരിഹാരക്രിയ തേടേണ്ടത് പൊതുസമൂഹത്തിന്റെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ബാധ്യതയാണ്.
മുന്‍ കാലങ്ങളില്‍ സമൂഹത്തില്‍ മുഖപ്രധാനമായ സ്ഥാനമാണ് ക്യാമ്പസുകള്‍ വഹിച്ചിരുന്നത്. ക്യാമ്പസ് രാഷ്ട്രീയം ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നതെങ്കില്‍ അത് ഏറെ ക്രിയാത്മകമാണ്, അവകള്‍ക്ക് വിപ്ലവങ്ങള്‍ സൃഷ്ടിക്കാനാകും എന്ന് ചരിത്രം പറയുന്നു. യൂറോപ്പിന്റെ ക്രൂരവും പൈശാചികവുമായ കൊളോണിയല്‍ വെട്ടിപ്പിടിത്തങ്ങള്‍ക്കെതിരെ ആദ്യമായി ശബ്ദമുയര്‍ന്നു വന്നത് യൂറോപ്യന്‍ ക്യാമ്പസുകളില്‍ നിന്നായിരുന്നുവെന്ന വസ്തുത അത്രയെളുപ്പം മറക്കാനാകുമോ.? ചൈനീസ് വിപ്ലവത്തിന് ഹേതുവായ മെയ് ഫോര്‍ത്ത് മൂവ്‌മെന്റ് ചൈനീസ് ക്യാമ്പസിന്റെ സംഭാവനയായിരുന്നുവല്ലോ. 1965ല്‍ അമേരിക്കയെ കലുഷിതമാക്കിയ യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന്റെ പ്രജനന കേന്ദ്രവും 1979ല്‍ നടന്ന ഇറാന്‍ വിപ്ലവത്തിന് ആവേശകരമായ പിന്‍ബലം നല്‍കിയതും അതാത് രാജ്യങ്ങളിലെ ക്യാമ്പസുകള്‍ തന്നെയായിരുന്നു. ഇന്ത്യയിലെ ക്യാമ്പസുകള്‍ ഇവകളില്‍ നിന്ന് വിഭിന്നമല്ല. സ്വതന്ത്ര്യാനന്തര ഇന്ത്യയിലും അതിന് മുമ്പും ദേശീയ രാഷ്ട്രീയത്തില്‍ അനിര്‍വചനീയമായ ഇടപെടലുകളാണ് ക്യാമ്പസുകള്‍ നടത്തിയത്. കുപ്രസിദ്ധമായ ഉപ്പ് നിയമം ലംഘിക്കാന്‍ 1930 മാര്‍ച്ച് 12ന് മഹാത്മജി ദണ്ഡിയാത്ര ആരംഭിച്ചപ്പോള്‍ തന്നെ നിയമ ലംഘനത്തിന്റെ അലയൊലികള്‍ ക്യാമ്പസുകളിലും ക്ലാസ് മുറികളിലുമുണ്ടായി. അന്ന് ക്ലാസുകള്‍ വിട്ട് തെരുവിലിറങ്ങിയ വിദ്യാര്‍ഥികളോടൊപ്പം രക്ഷിതാക്കളും ചേര്‍ന്നതോടെ പലയിടങ്ങളിലും പ്രക്ഷോഭത്തിന്റെ പിരിമുറുക്കങ്ങളുണ്ടായി. തുടര്‍ന്ന് മെയ് അഞ്ചിന് മഹാത്മജി തടവിലാക്കപ്പെട്ടപ്പോള്‍ ക്യാമ്പസുകള്‍ തീര്‍ത്തും പ്രക്ഷുബ്ധമായിത്തീര്‍ന്നു. 1931 മാര്‍ച്ച് 23ന് നടന്ന ഭഗത് സിംഗിന്റെ രക്തസാക്ഷിത്വം സമരസജ്ജരായ വിദ്യാര്‍ഥികളെ പ്രക്ഷോഭത്തിന്റെയും പ്രതിഷേധത്തിന്റെയും നെരിപ്പോടിലേക്കെറിഞ്ഞു. രാജ്യത്തെ ക്യാമ്പസുകളെ അക്ഷരാര്‍ഥത്തില്‍ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു ഇത്. ക്വിറ്റ് ഇന്ത്യ സമരവും ക്യാമ്പസുകളില്‍ രൂക്ഷമായ പ്രതിപ്രവര്‍ത്തനങ്ങളുണ്ടാക്കിയിട്ടുണ്ട്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ സാമൂഹിക വിഷയങ്ങളേറ്റു പിടിച്ച് ക്യാമ്പസുകള്‍ നടത്തിയ പ്രക്ഷോഭങ്ങളായിരുന്നു ഗുജറാത്ത് മൂവ്‌മെന്റും ബീഹാര്‍ മൂവ്‌മെന്റും. ദേശീയ രാഷ്ട്രീയത്തില്‍ ക്യാമ്പസ് ഇടപെടലുകളില്‍ ഏറ്റവും ക്രിയാത്മകമെന്ന നിലയില്‍ എടുത്ത് പറയേണ്ടത് അടിയന്തരാവസ്ഥക്കെതിരെ നടന്ന ചെറുത്ത് നില്‍പാണ്. രാജ്യം കണ്ട ഏറ്റവും ഭീകരമായ ജനാധിപത്യ ധ്വംസനമായിരുന്നുവല്ലോ 1975 ജൂണ്‍ 25ന് പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ. ഇക്കാലയളവില്‍ ക്യാമ്പസിനകത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഭരണകൂടം വിലക്കിയിരുന്നു. ഈ സാഹചര്യത്തിനെതിരെ പരസ്യമായല്ലെങ്കിലും ശക്തമായ പ്രചാരണം സംഘടിപ്പിക്കാന്‍ രാജ്യത്തെ നിരവധി ക്യാമ്പസുകളിലെ വിദ്യാര്‍ഥികള്‍ മുന്നോട്ട് വന്നു. ജെ എന്‍ യു, അലീഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, അലഹാബാദ് യൂനിവേഴ്‌സിറ്റി തുടങ്ങി അനേകം സര്‍വകലാശാലകളും കോളജുകളും അടിയന്തരാവസ്ഥ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രജനന കേന്ദ്രങ്ങളായിരുന്നു. കേരളത്തില്‍ അധികാര മേധാവിത്വത്തിന്റെ അത്യാചാരങ്ങള്‍ക്കെതിരെ ശക്തമായൊരു തിരുത്തല്‍ ശക്തിയായി വര്‍ത്തിച്ചത് ക്യാമ്പസുകള്‍ തന്നെയായിരുന്നു.

എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ക്യാമ്പസുകള്‍ ക്രിയാത്മകമായ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട ഭീതിതമായ ദശാസന്ധിയിലൂടെ രാജ്യം കടന്ന് പോകുമ്പോള്‍ കേരളത്തിലെ ക്യാമ്പസുകളില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. ആശയധാരയില്ലാത്ത ആള്‍ക്കൂട്ടമായി വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ മാറിക്കഴിഞ്ഞു എന്ന് വേണം അനുമാനിക്കാന്‍. വിശാലമായ മാനവിക കാഴ്ചപ്പാടുകളും ചിന്താശേഷിയും സര്‍ഗാത്മകതയുടെ വിലങ്ങുകളില്ലാത്ത ആകാശവും സമ്മാനിച്ചിരുന്ന വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ആരൊക്കെയോ ചേര്‍ന്ന് രൂപപ്പെടുത്തിയ തിരക്കഥയനുസരിച്ച് അഴിഞ്ഞാടിക്കൊണ്ടിരിക്കുകയാണ് ഇന്ന് ക്യാമ്പസുകളില്‍. സമൂഹം കേള്‍ക്കാന്‍ കൊതിക്കുന്ന ധൈഷണിക വിസ്‌ഫോടനങ്ങളുടെയും സര്‍ഗാത്മക വളര്‍ച്ചയുടെയും വാര്‍ത്തകള്‍ക്ക് പകരമായി ഇന്ന് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത് കൊലപാതകങ്ങളുടെയും സംഘട്ടനങ്ങളുടെയും വാര്‍ത്തകളാണ്. സംസ്ഥാനത്തെ സുപ്രധാനമായ ഒരു ക്യാമ്പസില്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് വന്‍ ആയുധ ശേഖരങ്ങളുണ്ട് എന്ന വിദ്യാര്‍ഥികളുടെ വെളിപ്പെടുത്തലുകള്‍ സമൂഹത്തില്‍ വലിയ ഞെട്ടലുളവാക്കിയിട്ടുണ്ട്. മാര്‍ക്കറ്റില്‍ ലഭിക്കാവുന്ന ഏറ്റവും മുന്തിയ ആയുധങ്ങള്‍ തങ്ങളുടെ ഇരുട്ട് മുറികളിലേക്ക് എത്തിക്കാന്‍ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മത്സരിക്കുകയാണ് പല ക്യാമ്പസുകളിലും. തങ്ങള്‍ക്ക് നേരിയ നിലക്ക് ആധിപത്യമുള്ള ക്യാമ്പസുകളില്‍ പോലും മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ചും കായികമായി നേരിട്ടും തങ്ങളുടെ ആധിപത്യം ഊട്ടിയുറപ്പിക്കാനുമാണ് വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇന്ന് നിതാന്ത ജാഗ്രത പുലര്‍ത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഇരകളായി ജീവഹാനി സംഭവിക്കുന്നവരും പഠനം അവസാനിപ്പിച്ച് പെരുവഴിയിലാകുന്നവരും വിരളമല്ല.

പഠനാന്തരീക്ഷമില്ലാത്തതിനാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് 187 വിദ്യാര്‍ഥികള്‍ പോയിട്ടുണ്ടെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീല്‍ നിയമസഭയെ രേഖാമൂലം അറിയിച്ചത്. സര്‍വ നിയന്ത്രണങ്ങള്‍ക്കും കീഴടങ്ങാതെയുള്ള വിദ്യാര്‍ഥി യൂനിയനുകളുടെ പ്രവര്‍ത്തനം അക്കാദമിക പ്രവര്‍ത്തനങ്ങളെയും പഠനത്തെയും വലിയ രൂപത്തില്‍ ബാധിക്കുന്നു എന്നുള്ള പരാതികള്‍ ഇന്ന് വ്യാപകമായി ഉയര്‍ന്ന് വരുന്നുണ്ട്. നിര്‍ബന്ധിതമായ ഫണ്ട് പിരിവും സമര മുഖങ്ങളിലേക്ക് അനാവശ്യമായ വലിച്ചിഴക്കലുകളും ഇന്ന് സ്ഥിരം കാഴ്ചയായി മാറിക്കഴിഞ്ഞു. എന്നാല്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്കൊപ്പം നിന്ന് കൊണ്ട് മുന്നേറ്റങ്ങളുണ്ടാക്കാന്‍ വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വിമ്മിഷ്ടം കാണിച്ച് കൊണ്ടിരിക്കുകയാണ്. മലബാറിലെ വിദ്യാര്‍ഥികള്‍ നേരിട്ട വിദ്യാഭ്യാസ അവഗണനയെ വേണ്ട രീതിയില്‍ ചോദ്യം ചെയ്യാന്‍ ഒരു വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനത്തെയും സമരമുഖത്ത് കണ്ടിട്ടില്ല. ജനാധിപത്യ രീതിയിലല്ലാതെ വിദ്യാര്‍ഥികളുടെ വ്യക്തി സ്വാതന്ത്ര്യത്തെ ഹനിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇന്ന് മിക്ക സംഘടനകളും ക്യാമ്പസുകളില്‍ സജീവമായിക്കൊണ്ടിരിക്കുന്നത്.
വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ ഇത്തരത്തിലുള്ള അപഥ സഞ്ചാരങ്ങള്‍ക്ക് പരിഹാരക്രിയ തേടേണ്ടത് പ്രധാനമായും രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. തങ്ങളുടെ പ്രസ്ഥാനങ്ങളിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്‍സിയായി ക്യാമ്പസുകളിലെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ സമീപിക്കുന്നതിന്ന് പകരം അവര്‍ക്ക് മാനവിക കാഴ്ചപ്പാടുകളും മാര്‍ഗരേഖയും പകര്‍ന്ന് നല്‍കി വഴിനടത്തേണ്ടത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. ക്യാമ്പസ് രാഷ്ട്രീയം ഒരിക്കലും നിരുത്തരവാദിത്വപരവും ഉദാസീനവുമായിക്കൂടാ എന്ന സന്ദേശം മുകള്‍ത്തട്ടില്‍ നിന്ന് ഉണ്ടാകുമ്പോഴേ വിദ്യാര്‍ഥികളില്‍ അതിന്റെ അനുരണനങ്ങള്‍ കാണാനാകുകയുള്ളൂ.

ക്യാമ്പസ് രാഷ്ട്രീയത്തിന് സംഭവിച്ച അപമാനവീകരണത്തിന് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അനിഷേധ്യമായ പങ്കുണ്ട്. അഴിഞ്ഞാട്ടങ്ങള്‍ക്കും അക്രമണങ്ങള്‍ക്കും എല്ലാ വിധ സ്വാതന്ത്ര്യങ്ങളും പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണയും നല്‍കുന്ന അധ്യാപകരും രക്ഷിതാക്കളും വര്‍ധിച്ച് വരുന്നുണ്ട്. രാഷ്ട്രീയ പ്രേരിതമായിട്ടാണെങ്കിലും ഇവര്‍ നല്‍കുന്ന പിന്തുണയുടെ പിന്‍ബലത്തിലാണ് ഒട്ടുമിക്ക ക്യാമ്പസുകളിലും ആക്രമണങ്ങളും സംഘട്ടനങ്ങളും അരങ്ങേറുന്നത്. ക്യാമ്പസിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായിട്ട് പോലും അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ വിസമ്മതിക്കുന്നു. അന്തസ്സാര്‍ന്നതും ഉത്തരവാദിത്വപരവുമായ ഒരു ദൗത്യം ക്യാമ്പസ് രാഷ്ട്രീയത്തിനുണ്ടെന്ന് വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടത് ബന്ധപ്പെട്ടവരുടെ ബാധ്യതയാണ്. സാമൂഹികാവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കി സമരോത്സുകമാകേണ്ട ക്യാമ്പസുകള്‍ ഈ രൂപത്തില്‍ വഴിതിരിച്ച് വിടുന്നവരുടെ നിഗൂഢ ശ്രമങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കേണ്ടതുമുണ്ട്.
ഉപഭോഗാസക്തിക്ക് വഴങ്ങി കൊടുക്കുന്ന ഒരു പുതു തലമുറയെ സൃഷ്ടിക്കാന്‍ വഴികള്‍ തേടുന്ന മുതലാളിത്തത്തിന്റെ കെണിവലകള്‍ക്ക് തലവെച്ച് കൊടുക്കാത്ത, ക്രിയാത്മകമായ ഇടപെടലുകളിലൂടെ മുന്നേറ്റം കൊതിക്കുന്ന, കക്ഷിരാഷ്ട്രീയത്തിന്നതീതമായി ധര്‍മത്തിന്റെ ഓരം ചേര്‍ന്ന് നില്‍ക്കുന്ന പ്രസ്ഥാനങ്ങളുടെ നിലനില്‍പ്പ് ഇന്ന് രാജ്യത്തിന്റെ ആവശ്യമായി മാറിക്കഴിഞ്ഞിട്ടുണ്ട്. രാജ്യം ബ്രിട്ടീഷുകാരുടെ കൈപ്പിടിയില്‍ ഞെരിഞ്ഞമരുമ്പോള്‍, ദേശീയ പ്രസ്ഥാനം സമരവീര്യം പടര്‍ത്തിയ ക്യാമ്പസിലെ വിദ്യാര്‍ഥികളോടായി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകള്‍ ഇങ്ങനെ വായിക്കാം: “സ്വാതന്ത്ര്യത്തോളം വലുതാകരുത് പഠിപ്പും പരീക്ഷയും. രാജ്യം അടിമത്തത്തില്‍ പിടയുകയും ജനകോടികള്‍ പട്ടിണി കിടക്കുകയും ചെയ്യുമ്പോള്‍ പൊള്ളയായ ബിരുദങ്ങള്‍ ചെയ്ത് കൂട്ടുന്നതില്‍ അര്‍ഥമില്ല. രാജ്യം മരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആര്‍ക്കാണ് ജീവിക്കാന്‍ കൊതി..?” ഫാസിസത്തിന്റെ കരാളഹസ്തങ്ങളില്‍ ചക്രശ്വാസം വലിച്ച് കൊണ്ടിരിക്കുന്ന രാജ്യത്ത് വിദ്യാര്‍ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ആവശ്യകതയെക്കുറിച്ചും പ്രവര്‍ത്തന രീതിയെക്കുറിച്ചും ഈ വാക്കുകളില്‍ വ്യക്തമായ സന്ദേശങ്ങളുണ്ട്. ഹിംസയും വര്‍ഗീയതയും മതസ്പര്‍ധയും അരക്ഷിതാവസ്ഥയും ഇല്ലാത്ത ഒരു രാജ്യത്തെ നിര്‍മിച്ചെടുക്കണമെങ്കില്‍ ഇന്നത്തെ ക്യാമ്പസുകള്‍ ഉണര്‍ന്നാലേ മതിയാകൂ. സവിശേഷമായ സാഹചര്യത്തില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ ക്യാമ്പസുകള്‍ക്കും കഴിയും.

ഫസീഹ് ലിസാന്‍

Latest