ഫ്‌ളാറ്റ്‌ ഉപഭോക്താക്കളെ വഞ്ചിച്ച കേസ്; അമ്രപാലി ഗ്രൂപ്പിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സുപ്രീം കോടതി ഉത്തരവ്

Posted on: July 23, 2019 12:16 pm | Last updated: July 23, 2019 at 3:07 pm

ന്യൂഡല്‍ഹി: ഫ്‌ളാറ്റ്‌ വാങ്ങാനായി ഉപഭോക്താക്കള്‍ മുടക്കിയ പണം വകമാറി ചെലവഴിച്ചെന്ന കേസില്‍ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ അമ്രപാലി ഗ്രൂപ്പിനു കീഴിലുള്ള എല്ലാ കമ്പനികളുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സുപ്രീം കോടതി ഉത്തരവ്. കേസില്‍ വിശദമായ അന്വേഷണം നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് കോടതി നിര്‍ദേശിച്ചു.

നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്ന നോയിഡയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും ഹൗസിംഗ് പദ്ധതികള്‍ പൂര്‍ത്തിയാക്കി ഫ്‌ളാറ്റ് ആവശ്യപ്പെട്ട് പണം മുടക്കിയവര്‍ക്ക് നല്‍കണമെന്ന് ദേശീയ കെട്ടിട നിര്‍മാണ കോര്‍പ്പറേഷനോടും (എന്‍ ബി സി സി) നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ അരുണ്‍ മിശ്രയുടെയും യു യു ലളിതിന്റെയും നേതൃത്വത്തിലുള്ള ബഞ്ചിന്റെതാണ് നിര്‍ദേശം. വാഗ്ദാനം ചെയ്ത തീയതിക്ക് ഫ്‌ളാറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് പണം മുടക്കിയവര്‍ നല്‍കിയ ഒരുകൂട്ടം ഹരജി പരിഗണിച്ചാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

ഫ്‌ളാറ്റ് വാങ്ങാന്‍ ഉപഭോക്താക്കള്‍ നല്‍കിയ 3,500 കോടി രൂപ കമ്പനി മറ്റ് പദ്ധതികള്‍ക്കായി വകമാറി ചെലവഴിച്ചതായി കോടതി നിയമിച്ച രണ്ട് ഓഡിറ്റര്‍മാര്‍ കണ്ടെത്തിയിരുന്നു. മെയ് രണ്ടിനാണ് ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
വലിയ കുറ്റകൃത്യമാണ് ഗ്രൂപ്പ് ചെയ്തിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തിനു പിന്നിലുള്ളവരെ എത്ര ശക്തരും സ്വാധീനവുമുള്ളവരായാലും നടപടി സ്വീകരിക്കണമെന്നും ബഞ്ച് വ്യക്തമാക്കി.

ഫോറന്‍സിക് ഓഡിറ്റര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിനെതിരെ ഗ്രൂപ്പിന്റെയും അതിന്റെ ഡയറക്ടര്‍മാരുടെയും പക്ഷം കേള്‍ക്കാന്‍ ബഞ്ച് വിസമ്മതിച്ചു. കമ്പനിയുടെ സ്വത്തുക്കള്‍ ലേലത്തില്‍ വെക്കുന്നതില്‍ നിന്ന് കടം വസൂലാക്കല്‍ ട്രൈബ്യൂണലിനെ (ഡി ആര്‍ ടി) കമ്പനി തടഞ്ഞതായാണ് ഫോറന്‍സിക് ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്.