ആഭ്യന്തര മന്ത്രിയുടെ മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്ലിനെതിരെ ഇടത് എം പിമാര്‍

Posted on: July 23, 2019 11:41 am | Last updated: July 23, 2019 at 3:07 pm

ന്യൂഡല്‍ഹി: അഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയത് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സി പി എം എം പി എളമരം കരീം കൊണ്ടുവന്ന പ്രമേയം തള്ളി. രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ ഭേദഗതികളല്ല ബില്ലിലുള്ളതെന്ന് പ്രമേയം അവതരിപ്പിച്ച് എളമരം കീരം പറഞ്ഞു. ബില്ലിന്മേലുള്ള സര്‍ക്കാറിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംശയാസ്പദമാണെന്നും രാജ്യത്ത് നിലവിലുള്ള സാഹചര്യത്തെ അഭിമുഖീകരിക്കാത്ത ബില്‍ ആണിതെന്നും കരീം കുറ്റപ്പെടുത്തി.

ഇപ്പോള്‍ ഭേദഗതി വരുത്തപ്പെടുന്ന നിയമം 26 വര്‍ഷം പഴക്കം ചെന്നതാണ്. അതുകൊണ്ടാണ് വിശദമായ പഠനം ആവശ്യമാണെന്ന നിര്‍ദേശം ഉയരുന്നതും സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നതും. മനുഷ്യാവകാശ വിഷയങ്ങളില്‍ ഇടപെടുന്നവരുമായും എന്‍ ജി ഒ കളുമായും ആവശ്യമായ കൂടിയാലോചനകള്‍ നടത്താതെയാണ് ബില്ലുകൊണ്ടുവന്നതെന്നും എളമരം കരീം പറഞ്ഞു.

രാജ്യത്തെ മനുഷ്യാവകാശ കമ്മീഷനില്‍ നിരവധി പ്രശ്‌നങ്ങള്‍ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. കോടതി ഇടപ്പെട്ടാണ് അടിസ്ഥാനപരമായ ചില നിയമനങ്ങള്‍ പോലും ഉണ്ടായത്. ഇപ്പോഴത്തെ ഭേദഗതികളിലും നിയമനങ്ങള്‍ കൃത്യമാക്കുന്നതിന് വ്യവസ്ഥയില്ല. ആളുകള്‍ സംഘം ചേര്‍ന്നും അല്ലാതെയും ഒരു വിഭാഗം ജനങ്ങളുടെ മനുഷ്യാവകാശങ്ങളെ വലിയതോതില്‍ ഹനിക്കുന്നു. ജനാധിപത്യത്തിനു പകരം ആള്‍ക്കൂട്ടാധിപത്യമാണ്. കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വലിയതോതില്‍ മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടുന്നു. ഈ വിഷയങ്ങളെല്ലാം പരിശോധിക്കേണ്ടതിനാല്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും എളമരം കരീം ആവശ്യപ്പെട്ടു.

നേരത്തെ ഉപാധ്യക്ഷനുമായി ഏറെ വാദപ്രതിവാദം നടത്തിയതിന് ശേഷമാണ് എളമരം കരീമിനും കെ കെ രാഗേഷിനും ഭേദഗതികള്‍ ഉന്നയിക്കാനായത്. ചീഫ് ജസ്റ്റിസിനെ കിട്ടിയില്ലെങ്കില്‍ മാത്രം ജഡ്ജിമാരെ കമ്മിറ്റിയിലേക്ക് പരിഗണിക്കണമെന്ന കെ കെ രാഗേഷിന്റെ ആവശ്യവും അമിത് ഷാ തള്ളി.