കര്‍ണാടക: സഭ ഇന്നത്തേക്ക് പിരിഞ്ഞു; വിശ്വാസ വോട്ടെടുപ്പ് ചൊവ്വാഴ്ചയെന്ന് സ്പീക്കര്‍

Posted on: July 22, 2019 9:46 pm | Last updated: July 23, 2019 at 10:43 am

ബെംഗളുരു: തിങ്കളാഴ്ച രാത്രി ഏറെ വൈകിയും തുടര്‍ന്ന കര്‍ണാടക നിയമസഭ സമ്മേളനം ഇന്നത്തേക്ക് പിരിഞ്ഞു. ചൊവ്വാഴ്ച രാവിലെ 11ന് സഭ വീണ്ടും ചേരും. വിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നാളെ നടക്കുമെന്ന് സ്പീക്കര്‍ കെ രമേശ് കുമാര്‍ സഭയെ അറിയിച്ചു. അതേ സമയം കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരാണ് ബഹളം വെച്ചത് സഭാ നടപടികള്‍ തടസപ്പെടുത്തിയിരുന്നു. എംഎല്‍എമാര്‍ ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ ഇടപെട്ടു. എംഎല്‍എമാര്‍ ബഹളം തുടരുന്നത് ശരിയല്ലെന്നും ഇങ്ങനെയെങ്കില്‍ അര്‍ധരാത്രിവരെ സഭയില്‍ ഇരിക്കാന്‍ താന്‍ തയ്യാറാണെന്നും സ്പീക്കര്‍ കെ രമേശ് കുമാര്‍ പറഞ്ഞു. ബഹളം വെച്ച് വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിച്ചാല്‍ താന്‍ രാജിവെക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. അതേ സമയം വിശ്വാസ വോട്ടെടുപ്പിനായി അര്‍ധരാത്രിവരേയും കാത്തിരിക്കാന്‍ തയ്യാറാണെന്ന് ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പ സഭയെ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പ് നടത്താമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് നടപ്പാക്കണമെന്നും ചര്‍ച്ചകള്‍ മണിക്കൂറുകളോളം നീട്ടിക്കൊണ്ടു പോകുന്നത് ശരിയല്ലെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. ഭരണഘടന സംരക്ഷിക്കുക, നീതി ലഭ്യമാക്കുക എന്നീ മുദ്രാവാക്യങ്ങളാണ് കോണ്‍ഗ്രസിന്റേയും ജെ ഡി എസിന്റേയും എംഎല്‍എമാര്‍ സഭയില്‍ മുഴക്കിയത്.