Connect with us

Gulf

737 മാക്‌സ് വിമാന പ്രശ്‌നം: ദുബൈയില്‍ നിന്നുള്ള 588 സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദ് ചെയ്തു

Published

|

Last Updated

ദുബൈ: ഒമാന്റെ ദേശീയ വിമാനക്കമ്പനിയായ ഒമാന്‍ എയര്‍ ജൂലൈ 14 മുതല്‍ ആഗസ്റ്റ് 31 വരെയുള്ള കാലയളവിലെ 588 വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്തതായി റിപ്പോര്‍ട്ട്. നിരവധി അപകടങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് ഉപയോഗപ്രദമല്ലെന്ന് അന്താരാഷ്ട്ര വ്യോമയാന സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഈ ശ്രേണിയില്‍ പെട്ട വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വീസുകള്‍ വിമാന കമ്പനികള്‍ പിന്‍വലിച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് ഒമാന്‍ എയറിന്റെ ദുബൈയില്‍ നിന്ന് മസ്‌കത്ത് വഴിയുള്ള ഹൈദരാബാദ്, ഗോവ, കോഴിക്കോട്, കാഠ്മണ്ഡു, മോസ്‌കോ തുടങ്ങിയ സര്‍വീസുകള്‍ ആഗസ്റ്റ് 31 വരെ റദ്ദാക്കിയിട്ടുള്ളത്.

ബോയിങ് 737 മാക്‌സ് വിമാനത്തിന്റെ സര്‍വീസ് നിര്‍ത്തിവെക്കണമെന്ന പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്റ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വീസുകള്‍ റദ്ദ് ചെയ്തിട്ടുള്ളത്. ജൂലൈ ഏഴ് മുതല്‍ ആഗസ്റ്റ് 31 വരെയുള്ള ദിവസങ്ങളിലാണ് സര്‍വീസുകള്‍ പിന്‍വലിച്ചിട്ടുള്ളത്. യാത്രക്കാര്‍ക്ക് അസൗകര്യം നേരിട്ടതില്‍ ഖേദിക്കുന്നു. അവരുടെ ഉദ്ധിഷ്ട കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് മറ്റ് സര്‍വീസുകളിലോ ലഭ്യമായ കേന്ദ്രങ്ങളിലേക്കോ ടിക്കറ്റ് റീബുക്കിംഗ് ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നുണ്ട്. യാത്ര ഉദ്ദേശിക്കുന്ന ദിവസത്തെ സര്‍വീസിനെ കുറിച്ച് കസ്റ്റമര്‍ കോണ്‍ടാക്ട് സെന്ററിലോ ഓണ്‍ലൈന്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസോ പരിശോധിക്കണമെന്ന് ഒമാന്‍ എയര്‍ വക്താവ് യാത്രക്കാരോട് ആവശ്യപ്പെട്ടു.