Connect with us

Gulf

ജനറല്‍ ശൈഖ് മുഹമ്മദ് ചൈനയില്‍; ഉഭയകക്ഷി ബന്ധം ശക്തമാക്കും

Published

|

Last Updated

ദുബൈ:ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ചൈനയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി.

ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട് മേധാവി ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബുദാബി വിമാനത്താവളങ്ങളുടെ ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്‌നൂന്‍ അല്‍ നഹ്‌യാന്‍, സാമ്പത്തിക മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി, ഊര്‍ജ വ്യവസായ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറജ് ഫാരിസ് അല്‍ മസ്‌റൂഇ, വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദി, സാംസ്‌കാരിക, വിജ്ഞാന വികസന മന്ത്രി നൂറ ബിന്‍ത് മുഹമ്മദ് അല്‍ കഅബി, സഹമന്ത്രി സുല്‍ത്താന്‍ അല്‍ ജാബിര്‍, ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹമദ് അല്‍ ശംസി, എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയര്‍മാന്‍ ഖല്‍ദൂണ്‍ ഖലീഫ അല്‍ മുബാറക്, അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറക് അല്‍ മസ്റൂഇ, ചൈനയിലെ യു എ ഇ സ്ഥാനപതി ഡോ. അലി ഉബൈദ് അല്‍ ളാഹിരി തുടങ്ങിയ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജനറല്‍ ശൈഖ് മുഹമ്മദിനെ അനുഗമിക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഷി ജിന്‍പിങ് യു എ ഇ സന്ദര്‍ശിച്ചിരുന്നു. വൈജ്ഞാനിക രംഗത്തെ അറിവുകള്‍ ഇരുരാജ്യങ്ങളും പങ്കുവക്കുന്നത് ഉള്‍പെടെയുള്ള കാര്യങ്ങളില്‍ അന്ന് ധാരണയിലെത്തിയിരുന്നു. ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഉള്‍പെടെയുള്ള പദ്ധതികളില്‍ യു എ ഇ പങ്കാളിയാണ്. പദ്ധതിയെക്കുറിച്ചുള്ള സുപ്രധാന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഏപ്രിലില്‍ ചൈന സന്ദര്‍ശിച്ചിരുന്നു.

ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ 70 രാജ്യങ്ങളിലൂടെ കടന്നുപോകുന്ന നിര്‍ദിഷ്ട പാതയാണിത്. പാതയിലെ പ്രധാന സ്റ്റേഷനുകളിലൊന്ന് ദുബൈയിലായിരിക്കും.
ആറ് കോടി ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റേഷന് ചൈന 240 കോടി ഡോളറിന്റെ നിക്ഷേപം നടത്തും. ചൈനീസ് ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാനും കയറ്റുമതി ചെയ്യാനുമുള്ള മുഖ്യകേന്ദ്രമായി സ്റ്റേഷനെ മാറ്റും. ചൈനീസ് സഹകരണത്തോടെ ദുബൈയില്‍ 100 കോടി ഡോളറിന്റെ “വെജിറ്റബിള്‍ ബാസ്‌കറ്റ്” പദ്ധതിക്ക് തുടക്കം കുറിക്കാനും ധാരണയായിട്ടുണ്ട്. കാര്‍ഷികോല്‍പന്നങ്ങള്‍ സംസ്‌കരിച്ചും അല്ലാതെയും ബെല്‍റ്റ് റോഡിലൂടെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന പദ്ധതിയാണിത്.