Connect with us

Travelogue

തടിയണ്ടമോളിൽ മഞ്ഞ് പെയ്യുന്നത് കണ്ടിട്ടുണ്ടോ?

Published

|

Last Updated

പെരുന്നാളിന് കൊടകിലുള്ള സുഹൃത്തിന്റെ ക്ഷണപ്രകാരം എത്തിയതാണ് ഞങ്ങൾ അഞ്ചംഗ സംഘം. കൊടകൊന്നു ചുറ്റിക്കാണണം, രണ്ട് ദിവസത്തിനകം നാട്ടിലെത്തുകയും വേണം. ചുരുങ്ങിയ സമയത്തിനുള്ളിൽ എവിടെ പോകുമെന്നായി ഞങ്ങളുടെ ആലോചന. ഗൂഗിളിൽ തിരക്കിട്ട സെർച്ചിംഗിനൊടുവിൽ തലക്കാവേരി, തടിയണ്ടമോൾ മല എന്നിവ യാത്ര ഉറപ്പിച്ചു. കൊടകുകാരനായ അശ്‌റഫ് ആയിരുന്നു ഞങ്ങളുടെ ഗൈഡും ഡ്രൈവറും. അദ്ദേഹം പരിചയസമ്പന്നനായതിനാൽ ഞങ്ങൾക്ക് ലക്ഷ്യസ്ഥാനത്തെത്താൻ ഗൂഗിൾ മാപ്പിൽ കിടന്ന് അധികം വിയർക്കേണ്ടി വന്നില്ല. മാത്രമല്ല, കൊടകിൽ ബി എസ് എൻ എൽ പോലുള്ള ചുരുക്കം ചില നെറ്റുവർക്കുകൾക്കേ സിഗ്നലുള്ളൂ. ഇന്റർനെറ്റിന്റെ അഭാവം ആധുനിക മനുഷ്യന്റെ ദൈനംദിന ജീവിതത്തിൽ വരുത്തിത്തീർക്കുന്ന ക്രമരാഹിത്യങ്ങളെ ഈ യാത്രയിലാണ് ആദ്യമായി മനസ്സിലാക്കിയത്.

പൈൻമരങ്ങൾ തണൽ വിരിക്കുന്ന റോഡുകളിലൂടെ ഞങ്ങളുടെ വാഹനം തലക്കാവേരി ലക്ഷ്യമാക്കി നീങ്ങുകയാണ്. യാത്രക്കിടയിലാണ് ശ്രദ്ധിച്ചത്, കൊടകിലെ വീടുകളെല്ലാം ഒറ്റപ്പെട്ട വാസസ്ഥലങ്ങളായാണ് കാണപ്പെടുന്നത്. കേരളത്തിലേതുപോലെ വീടുകൾ അടുത്തടുത്തല്ല. ചില കാപ്പിത്തോട്ടങ്ങൾക്കിടയിൽ വലിയ ബംഗ്ലാവുകളും മറ്റും തലയുയർത്തി നിൽക്കുന്നത് കാണാം. അവയൊക്കെ സുഖവാസ കേന്ദ്രങ്ങളായാണ് പ്രവർത്തിക്കുന്നത്. റോഡുകളിൽ വാഹനങ്ങളുടെ ഒഴുക്കില്ല.

കൊടകിന്റെ പ്രകൃതി സൗന്ദര്യത്തെ കാത്തുസൂക്ഷിക്കുന്നതിൽ അന്നാട്ടുകാർ ബദ്ധശ്രദ്ധരാണ്.

പുകമലിനീകരണമുണ്ടാകാതിരിക്കാൻ അവരെല്ലാം സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നു. കേരളത്തിലേതുപോലെ സ്വകാര്യ ബസുകൾ ഇവിടെ കാണാനാകില്ല. സർക്കാർ ബസുകളാണ് പ്രധാന ഗതാഗത മാർഗം. പ്രകൃതിസംരക്ഷണത്തിന് കൊടകുകാർ കാണിച്ചുതരുന്ന ഈ മാതൃക അനുകരണീയമാണ്. വല്ലപ്പോഴും വഴി ചോദിക്കേണ്ടി വന്നാൽ ആശയവിനിമയത്തിന് ഭാഷാപരമായ തടസ്സങ്ങളുണ്ടായിരുന്നില്ല. കാരണം, കൊടകിന്റെ ജനസംഖ്യയിൽ ഭൂരിഭാഗവും കുടിയേറ്റക്കാരാണ്. കുടിയേറ്റക്കാരിലെ നല്ലൊരു പങ്ക് മലയാളികളാണുതാനും. അതിനാൽ കൊടകിൽ മലയാളം അന്യനല്ല.

നട്ടുച്ചക്കും തണുത്ത് വിറച്ച്…

ഉച്ചക്ക് പന്ത്രണ്ടോടെ ഞങ്ങൾ തലക്കാവേരിയിലെത്തി. വർഷങ്ങളായി കർണാടകയും തമിഴ്‌നാടും നദീജലതർക്കം തുടരുന്ന കാവേരി നദിയുടെ ഉത്ഭവ കേന്ദ്രമാണ് തലക്കാവേരി അഥവാ കാവേരിയുടെ തല. ഹരിതാഭമായ കുന്നിൻ മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രമുഖ ഹിന്ദു തീർഥാടന കേന്ദ്രമായ തലക്കാവേരിയിൽ കൂടുതൽ വിനോദ സഞ്ചാരികളാണ് വിരുന്നുകാർ. വിനോദ സഞ്ചാരികളിൽ വിദേശികളും പാശ്ചാത്യരെപ്പോലെ വസ്ത്രധാരണം ചെയ്ത ഇന്ത്യക്കാരുമെല്ലാമുണ്ടാകും. അവരാണ് ശരിക്കും കുടുങ്ങിയത്. തലക്കാവേരി തീർഥാടന സ്ഥമായതിനാൽ വസ്ത്രധാരണ ചട്ടമുണ്ട്. എല്ലാവരെയും മുണ്ടുടുപ്പിച്ച ശേഷമാണ് അകത്തേക്ക് കടത്തിവിട്ടത്. ജീവിതത്തിലാദ്യമായി മുണ്ടുടുത്തുള്ള അവരുടെ നടത്തം കണ്ട് ഞങ്ങൾ ചിരിച്ചു മണ്ണുകപ്പി.

ഉച്ച സമയത്തും തലക്കാവേരിയിൽ കനത്ത തണുപ്പാണ്. കോടയുണ്ട്. കാറ്റടിക്കുമ്പോൾ വായുവിലൂടെ മഞ്ഞുകണങ്ങൾ നീങ്ങിപ്പോകുന്ന കാഴ്ച കാണേണ്ടതാണ്. മുഖത്തും മറ്റും മഞ്ഞുകണങ്ങൾ പറ്റിപ്പിടിച്ചിരുന്നു. മുകളിലേക്കിനിയും കയറിയാൽ കാഴ്ചകളൊത്തിരിയുണ്ട്. പക്ഷേ അങ്ങോട്ടുള്ള വഴിയിൽ “നോ എൻട്രി ബോർഡ്” തൂങ്ങിക്കിടന്നതിനാൽ സാഹസത്തിന് മുതിർന്നില്ല. തലക്കാവേരിയിൽ നിന്ന് മലയാളികളുടെ സദ്യയും കഴിച്ച് ഞങ്ങൾ തടിയണ്ടമോളിലേക്ക്…

മഞ്ഞും കാഴ്ചയും
പെയ്യുന്ന തടിയണ്ടമോൾ…

സമയം വൈകുന്നേരം മൂന്നര. ഞങ്ങൾ തടിയണ്ടമോളിന്റെ അടിവാരത്തിലെത്തി. കൊടകിന്റെ ആ സ്ഥാനമായ മടിക്കേരിക്കടുത്ത് കക്കബെ എന്ന സ്ഥലത്താണ് തടിയണ്ടമോൾ മല സ്ഥിതി ചെയ്യുന്നത്. കർണാടകയിലെ മൂന്നാമത്തെയും കൊടകിലെ ഒന്നാമത്തെയും വലിയ മലയാണിത്. നാലര കിലോമീറ്ററോളം ഉയരം കാണും. മലയടിവാരത്തിൽ നിന്നും മുകളിലേക്ക് കൃത്യമായ വഴിയുണ്ട്. ഞങ്ങൾ കാറിൽ കുറച്ചൊക്കെ കയറിയെങ്കിലും പിന്നീടങ്ങോട്ട് ശ്രമകരമായിരുന്നു. പിന്നെ നടത്തം തന്നെ. നടത്തത്തിനിടയിൽ സഞ്ചാരികളെയും വഹിച്ച് പോകുന്ന ജീപ്പുകൾ കണ്ടെങ്കിലും തിരക്കായതിനാൽ ഒന്നിലും കയാറാനായില്ല. നടത്തം ഹരമായിരുന്നു. വഴിയിലെല്ലാം കോടയുണ്ടായിരുന്നു. തുടക്കത്തിൽ മലമ്പാതകൾക്കിരുവശവും കാപ്പിത്തോട്ടങ്ങളാണ്. കാപ്പിത്തോട്ടങ്ങളുടെ നാടായ കൊടകിൽ വിദേശ വിപണിയിൽ ഏറെ ആവശ്യക്കാരുള്ള അറബിക്ക എന്ന കാപ്പിക്കുരുവാണ് വ്യാപകമായി കൃഷി ചെയ്യുന്നത്. കാപ്പിത്തോട്ടങ്ങൾക്കിടയിൽ ഒറ്റപ്പെട്ട നിലയിൽ ഓറഞ്ച് മരങ്ങൾ നിൽക്കുന്നത് കണ്ടു. തോട്ടത്തിൽ കയറിയ മിക്കവരുടെ കാലുകളിലും അട്ട. തോട്ടത്തിൽ നിന്നും കയറിക്കൂടിയതാണ് കക്ഷികൾ. ഏറെ പണിപ്പെട്ടാണ് അവയെ എടുത്തു മാറ്റിയത്. ജീവിതത്തിലാദ്യമായി അട്ട കടി കൊണ്ടതിന്റെ വെപ്രാളവും ഉത്കണ്ഠയും എല്ലാവരിലുമുണ്ടായിരുന്നു. അട്ടകടിച്ചാൽ രക്തം കട്ടപിടിക്കാത്തതിനാൽ ചോരയൊലിച്ചുകൊണ്ടേയിരുന്നു.

അടുത്തുകണ്ട ചോലയിൽ നിന്ന് അംഗശുദ്ധി വരുത്തി. വെള്ളത്തിനാണെങ്കിൽ മരം കോച്ചുന്ന തണുപ്പും. ഞങ്ങൾ പിന്നെയും നടത്തം തുടർന്നു. വികൃതികളായ വാനര സംഘങ്ങൾ പല തവണ വഴി തടയാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ അവയെ വിരട്ടിയോടിച്ചു. അൽപ്പം ചെങ്കുത്തായ മലമ്പാതയിൽ ഒരു വളവ് കഴിഞ്ഞപ്പോൾ ആ കാഴ്ച കണ്ട് ഞങ്ങൾ കൂകി വിളിച്ചു. അതൊരു വ്യൂ പോയിന്റായിരുന്നു. മേഘങ്ങൾ പോലെ അവിടമാകെ മഞ്ഞുമൂടിക്കിടക്കുന്നു. ഞങ്ങൾക്ക് പിറകെ വന്നവരും ആ കാഴ്ച കണ്ട് കൂവി. കുറേ നേരം ഞങ്ങൾ നിർന്നിമേഷരായി ആ കാഴ്ച തന്നെ നോക്കി നിന്നു. അതിന് സമീപത്തായി അഞ്ചാറ് ടെന്റുകളുണ്ടായിരുന്നു. അവർ മഹാരാഷ്ട്രക്കാരാണ്. രാത്രി ക്യാമ്പ് ഫയർ സംഘടിപ്പിക്കുന്നുവെന്നും കൂടെ കൂടുന്നോയെന്നും അവർ ചോദിച്ചു. സ്‌നേഹത്തോടെ ആ ക്ഷണം നിരസിച്ചു. പിന്നെയും നടന്നു. കയറുന്നതിനിടയിൽ നിരവധി സഞ്ചാരികൾ മലയിറങ്ങുന്നു. ചില സഞ്ചാരികളെയും കൊണ്ട് ജീപ്പുകൾ മല കയറുന്നു.

ഞങ്ങളും കുറച്ചു യുവാക്കളും നടന്നാണ് യാത്ര. കുത്തനെയുള്ള മലമ്പാതകൾ കയറിയിട്ടും, മനംകുളിർപ്പിക്കുന്ന കാഴ്ചകളും സുഖദായകമായ തണുപ്പും അതിയായ സഞ്ചാര തൃഷ്ണയും ഞങ്ങളെ കൂടുതൽ ഉൻമാദികളാക്കി. ഇടക്കിടക്ക് കാറ്റടിച്ച് മഞ്ഞ് തുള്ളികൾ മഴ പോലെ ചെയ്യുന്നുണ്ടായിരുന്നു.
സമയമിപ്പോൾ അഞ്ച് മണിയാണ്. അന്തരീക്ഷം കണ്ടാൽ സന്ധ്യയോടടുക്കാറായെന്നു തോന്നും. കയറുംതോറും തണുപ്പിനും കോടമഞ്ഞിനും കാഠിന്യമേറി വരികയാണ്. കാഴ്ച കൂടുതൽ മങ്ങുന്നു. മലയിറങ്ങി വരുന്ന ഒരു നാലംഗ മലയാളി സംഘത്തോട് ഏറ്റവും മുകളിലെത്താൻ എത്ര ദൂരമെടുക്കുമെന്ന് ചോദിച്ചപ്പോൾ അവർ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇപ്പോൾ കയറാൻ ശ്രമിക്കരുതെന്നും ഇനിയും രണ്ട് കിലോമീറ്ററോളം നടന്നാലേ മുകളിലെത്തുകയുള്ളൂവെന്നും ഇരുട്ടിയാൽ അപകടമാണെന്നും പറഞ്ഞു. അവരെല്ലാം രാവിലെ ഒമ്പതിനും പത്തിനുമെല്ലാം കയറി ഇപ്പോഴാണത്രെ തിരിച്ചിറങ്ങുന്നത്. മനസ്സിലെ മോഹക്കൊട്ടാരം തകർന്നടിഞ്ഞു വീണു. പക്ഷെ അവർ പറഞ്ഞതിലും കാര്യമുണ്ട്. ഇനിയും സാഹസത്തിന് മുതിരേണ്ടതില്ലെന്ന് തീരുമാനിച്ച് അവർക്കൊപ്പം ഞങ്ങളും തിരിച്ചിറങ്ങി. മലമുകളിലെ വിശേഷങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അവർക്കെല്ലാം നൂറ് നാവായിരുന്നു. എന്തു ചെയ്യാനാണ്? ഞങ്ങൾക്ക് കേട്ടിരിക്കാനേ യോഗമുള്ളൂ. എങ്കിലും ഇതുവരെ കണ്ട കാഴ്ചകൾ തന്നെ ഖൽബിൽ കുളിര് കോരിയൊഴിക്കുന്നതായിരുന്നു.
ഞങ്ങൾ ഇനിയും വരും, കൊതിപ്പിച്ച് തിരിച്ചിറക്കി വിട്ട തടിയണ്ടമോളിനോട് പകരം വീട്ടാൻ….

കെ സി അമീൻ അശ്റഫ്
• mohammedameenasharaf50@gmail.com