സൂഫിയുടെ കഥ

കഥ
Posted on: July 22, 2019 6:10 pm | Last updated: July 22, 2019 at 6:11 pm

നൂലുപൊട്ടിയ പട്ടം കണക്കെയുള്ള അലച്ചിലിനിടയിൽ വടക്കൻ ഡൽഹിയിലെ പഴയൊരു ഖരാനയിൽ തങ്ങിനിൽക്കുകയായിരുന്നു. നിലാവ് പെയ്യുന്ന രാവിൽ തണുപ്പിന്റെ കമ്പളത്തിനുള്ളിൽ നേർത്ത വെള്ളിമുത്തുകളെന്നോണം മഞ്ഞ് വീഴ്ചയുമുണ്ടായിരുന്നു. ബസാറിലെ ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കുമ്പോൾ അടർന്ന് വീഴാറായ പരുക്കൻ ചുമരുകളിൽ ആരോ കരിക്കട്ട കൊണ്ട് വരച്ചിട്ട സൂഫി നൃത്താവിഷ്‌കാരങ്ങളുടെ ചിത്രങ്ങളിലേക്ക് കുറേനേരം നോക്കി നിന്നു.

ഉടമകളില്ലാത്ത ചിത്രങ്ങളാണ് പലപ്പോഴും വിധിയെന്ന് പറഞ്ഞ് നമ്മൾ കൈയൊഴിയുന്ന പ്രതിസന്ധികൾ…
ഇരുവശത്തും ഇരിപ്പിടങ്ങളുള്ള ഖരാനയിൽ പകുതിയോളമേ കാഴ്ചക്കാരുള്ളൂ. സദസ്സിൽ നിന്ന് അൽപ്പം ഉയർന്ന് നിൽക്കുന്ന വേദിയിലെ മഞ്ഞ കലർന്ന വെട്ടത്തിൽ നീളൻ കുപ്പായമിട്ട ഒരാൾ ഹാർമോണിയത്തിൽ വിരലുകൾ കൊണ്ട് ആത്മാവ് നൽകി സൂഫിസഗീതത്താൽ ആകാശത്തേക്ക് വാതിലുകൾ തുറന്നിട്ടു. ശലഭച്ചിറകുകൾ പോലുള്ള വെള്ള വസ്ത്രധാരികളായ നാല് പേർ സംഗീതത്തിന് അനുസരിച്ച് നൃത്തം വെക്കുന്നുമുണ്ട്. മുൻനിരയിലെ ഒഴിഞ്ഞ ഇരിപ്പിടത്തിലേക്ക് കാറ്റെന്നോണം ഞാനെത്തിപ്പെടുകയായിരുന്നു.

സാമ്പ്രാണിയുടെ സുഗന്ധം പരത്തുന്ന കാറ്റായിരുന്നവിടെ. പുകച്ചുരുളുകൾ ഉയരുന്നതിന് അനുസരിച്ച് വേദിക്ക് താഴെ നൃത്തക്കാരുടെ നിഴലുകൾ മറിഞ്ഞ് വീഴുന്നുണ്ടായിരുന്നു, എന്റെ ഉടലിലേക്കും! അന്ന് പുലരുവോളം ഞാനവിടെ തന്നെയിരുന്നു.

ആരോ വന്ന് വിളിച്ചപ്പോഴാണ് തലേ ദിവസത്തെ ഓർമകളിലേക്ക് ഖരാനക്ക് പുറത്തുള്ള മണലിൽ നിന്നുമുണർന്നത്; ചരസിന്റെ മയക്കത്തിൽ നിന്നും! അജ്മീറിലേക്കുള്ള യാത്രക്കുള്ള കാരണങ്ങളിലേക്കെന്റെ ചിന്തകൾ ചേക്കേറി, കുറച്ച് നാൾ മുമ്പ് സുഹൃത്ത് നിധിനുണ്ടായ അനുഭവത്തിലേക്ക്. തലശ്ശേരിയിൽ കുറച്ചുള്ളിലേക്കുള്ള അമ്മ വീട്ടിൽ നിന്ന് ടൗണിലേക്കുള്ള ബൈക്ക് യാത്രക്കിടെ സംഭവിച്ചത്.

വീടിന് സമീപത്ത് നിന്ന് കുറച്ച് ദൂരം മാറി ബൈക്കിൽ സഞ്ചരിക്കുന്പോൾ അപ്രതീക്ഷിതമായി കൈ കാണിച്ച വൃദ്ധനെ കയറ്റി. കവലയിലെ ഖബർസ്ഥാനുള്ള പള്ളിക്കരികെ ഇറക്കണമെന്ന് പതിഞ്ഞ ശബ്ദത്തിൽ ആവശ്യപ്പെട്ട അദ്ദേഹത്തിന്റെ മുഖം കണ്ണാടിയിൽ വ്യക്തമായി കാണുന്നുണ്ടായിരുന്നു. തിരക്കൊഴിഞ്ഞ പാതയിൽ കുറച്ച് ദൂരം സഞ്ചരിച്ച നിധിൻ പെട്ടെന്ന് ബൈക്കിൽ അത്ര നേരവും കൂടെയുണ്ടായിരുന്ന ആളെ കാണാതെ പരിഭ്രാന്തനായി. വന്ന വഴിയേ പോയിനോക്കിയെങ്കിലും വിജനമായിരുന്നവിടം!
ഉള്ളിൽ ഭയത്തിന്റെ വേരുകൾ ആഴ്ന്നിറങ്ങിയെങ്കിലും ആ വൃദ്ധന്റെ മുഖം അവ്യക്തമായൊരു നിഴൽച്ചിത്രം കണക്കെ അവനെ വേട്ടയാടിത്തുടങ്ങി! എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് അറിയാതെ മനസ്സ് പലവഴി തേടി അലയുകയായിരുന്നു, പിന്നീടുള്ള രണ്ട് മാസങ്ങൾ..
ജീവിതത്തിന്റെ ചുഴികളിലേക്ക് ആണ്ടുപോവുമെന്ന് തോന്നുമ്പോഴെല്ലാം അവ്യക്തമായൊരു രൂപം അവന്റെ സ്വപ്‌നങ്ങളിൽ കടന്ന് വരികയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നത്രെ! പലപ്പോഴും ഞങ്ങളിരുവരും ഒരേ ദിശയിൽ തൂവലുകളില്ലാതെ പറക്കുന്നവരായിരുന്നു. അജ്മീർ കാലങ്ങളായി ഞങ്ങളെ കൊതിപ്പിക്കുന്ന ഒരിടവും. അതാണ് ഈ യാത്രക്ക് ഞങ്ങളെ പ്രേരിപ്പിച്ചതും. ഒരേ മനസ്സുള്ള രണ്ട് പേരുടെ യാത്രകൾ എപ്പോഴും മനോഹരമായിരിക്കും. ബന്ധനങ്ങളില്ലാതെ അന്തരീക്ഷത്തിൽ ഒഴുകി നടക്കുന്ന അപ്പൂപ്പൻ താടികളെന്നോണം.

ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ചോരി ബസാറിലേക്ക് രണ്ട് പേരും ഒരുമിച്ചായിരുന്നു ചെന്നതെങ്കിലും അവിടെ അലഞ്ഞ് നടക്കുന്നതിനിടെ പരിചയപ്പെട്ട സൗഫർ ഇസ്മാഈൽ എന്ന നാടോടി ഗായകനൊപ്പം ചേർന്നു. തോളിൽ മാറാപ്പ് പോലെ തൂക്കിയിട്ട മുഷിഞ്ഞ നിറമുള്ള ഹാർമോണിയത്തിൽ വിരലോടിച്ച് അയാൾ മനോഹരമായി പഞ്ചാബി ഗസലുകൾ പാടുന്നുണ്ടായിരുന്നു. പാടാത്ത സമയത്തെല്ലാം അയാളുടെ ചുണ്ടിൽ എരിയുന്ന ചരസ് നിറച്ച സിഗാറുണ്ടാവും. ചെറുതെങ്കിലും തിളങ്ങുന്ന ചാരക്കണ്ണുകൾ അയാളുടെ പ്രത്യേകതയായിരുന്നു. ആരെയും വലിച്ചാഴങ്ങളിലേക്ക് കൊണ്ടുപോകുന്ന കണ്ണുകൾ. അയാൾ തന്ന ചരസ് നിറച്ച സിഗാറിന്റെ ലഹരിയിലാണ് ഇന്നലെ രാത്രി ഞാൻ സഞ്ചരിച്ചത്. നിധിൻ കൂടെയുണ്ടായിരുന്നു. സിഗാറിന്റെ കനത്ത പുക ആകാശത്തേക്ക് ചെറു പറവകൾ കൂട്ടത്തോടെ പറന്നകലുന്ന പോലെ ഊതി വിടുമ്പോൾ പക്ഷേ ഖരാനയിലേക്കുള്ള യാത്രയിൽ പാതിയിലവനെ ഞാനെവിടെയോ ഉപേക്ഷിച്ചിരിക്കുന്നു.

നെറുകയിൽ നിന്നും ചെന്നികളിലേക്ക് മിന്നലുപോലൊരു വേദന പായുന്നുണ്ട്. നിധിനെ കാണാതായതിന്റെ ഭയവും ചരസിന്റെ ലഹരിയുടെ അവശേഷിപ്പുമായ്..
സൗഫർ ഇസ്മാഈലിനെയും കാണുന്നില്ല!
എഴുന്നേറ്റ് തെരുവിന്റെ അറ്റത്തുള്ള പൈപ്പിൻ ചുവട്ടിൽ ചെന്ന് ഇരുമ്പ് രുചിയുള്ള വെള്ളം കുടിക്കുകയും കുറേ തലയിലേക്ക് ഒഴിക്കുകയും ചെയ്തു. അന്ന് രാത്രി വരെ ചോരിബസാർ മുഴുവൻ തിരഞ്ഞ് നടന്നെങ്കിലും രണ്ട് പേരേയും കണ്ടെത്താനാകാതെ തളർന്നിരിക്കുമ്പോഴാണ് അജ്മീറിലേക്ക് ചരക്കുമായി പോകുന്ന ലോറിയിൽ കയറിപ്പറ്റിയത്. ഇരുട്ടിനെ കീറി മുറിച്ച് ലോറി കുതിച്ചോടുമ്പോൾ പിൻവശത്ത് ചരക്കുകൾക്ക് മുകളിൽ ചത്ത് വീണൊരു കഴുകനെപ്പോലെ ഞാൻ ചുരുണ്ടുകൂടിക്കിടന്നു. ഇടക്കെഴുന്നേറ്റ് സിഗാറിന്റെ അറ്റം ചുണ്ടോട് ചേർത്ത് കത്തിക്കാനുള്ള ശ്രമങ്ങൾ തണുത്ത കാറ്റിന്റെ തട്ടിത്തെറിപ്പിക്കലുകളിൽ അകന്ന് പോയെങ്കിലും പലവട്ടം ശ്രമിച്ച് കത്തിച്ചെടുത്തു. പുലരുവോളം സിഗാർ തിന്ന് തീർക്കുകയായിരുന്നു. ഒന്നിൽ നിന്നും മറ്റൊന്നിന് തീ കൊടുത്ത് ഉന്മാദങ്ങളുടെ മായക്കാഴ്ചകൾ കണ്ടുകൊണ്ട്.
പുലർച്ചെ രാജസ്ഥാൻ മരുഭൂവിൽ ഇറങ്ങുമ്പോൾ തണുപ്പിന്റെ കാഠിന്യത്താൽ ഞാൻ വിറച്ചുവിറച്ച് നടന്നു. സൂര്യന്റെ വെട്ടം പുഷ്‌കർ തടാകത്തെ സ്വർണ വർണത്തിൽ സുന്ദരിയാക്കിയിരുന്നു. അനേകർ കാൽനടയായും ഒട്ടകപ്പുറത്തും വാഹനങ്ങളിലുമായി ഖാജയുടെ അരികിലേക്ക് പ്രാർഥനാ മന്ത്രങ്ങളുരുവിട്ട് യാത്ര ചെയ്യുന്നുണ്ട്. കാൽനടക്കാരിൽ ഒരുവനായി ഞാനും ചേർന്നു. ആയിരങ്ങൾ ഒറ്റ ലക്ഷ്യത്തിലേക്ക്!
വിവരണാതീത കാഴ്ചയാണത്.

ആൾക്കൂട്ടത്തിൽ എന്റെ കണ്ണുകൾ നിധിനേയും ഇസ്മാഈലിനേയും തിരയുന്നുണ്ടായിരുന്നു. എവിടെ നിന്നെങ്കിലും ഇസ്മാഈലിന്റെ ഹാർമോണിയത്തിന്റെ ശബ്ദം കേൾക്കുന്നുണ്ടോ എന്ന് കാതോർത്ത്.
വിശപ്പും ദാഹവും സഹിക്കാനാകാതെ ഒരിടത്ത് കുഴഞ്ഞ് വീഴുമെന്ന് തോന്നിയപ്പോൾ ചേർന്ന് നടക്കുന്ന ആളുടെ ചുമലിലേക്ക് ചാഞ്ഞു. അദ്ദേഹമെന്നെ തണലത്തേക്ക് ചുമന്ന് കൊണ്ടുപോയി വെള്ളവും റൊട്ടിയും തന്നു, അദ്ദേഹം കരുതി വെച്ചതിൽ നിന്നും. മെലിഞ്ഞൊട്ടിയ കവിളുകളും ശോഷിച്ച കൈകാലുകളുമുള്ള അദ്ദേഹം എന്നെ അത്ര ദൂരം താങ്ങിയെടുത്ത് കൊണ്ടുപോയത് അവിശ്വസനീയമായിരുന്നു. അത് അദ്ദേഹത്തോട് തുറന്ന് പറയുകയും ചെയ്തു.
മിഷ്ഫാക് ജിഫ്രി. അതായിരുന്നു ആ യോഗിയുടെ പേര്. പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ ഇന്ത്യൻ സൂഫികളുടെ ആത്മീയ ഗുരുവായ ഖാജ മുഈനുദ്ദീൻ ചിശ്തിയെയും സൂഫിസത്തിന്റെ ആവിർഭാവത്തെയും ഒരാൾ എങ്ങനെയാണ് സൂഫിയാകുന്നത് എന്നതിനെയും സംബന്ധിച്ച വിശദീകരണങ്ങൾ നൽകി.
എന്നെ ഏറ്റവും ആകർഷിച്ചത് അദ്ദേഹത്തിന്റെ പതിഞ്ഞ ശബ്ദത്തിലുള്ള സംസാരവും പുഞ്ചിരിച്ച് കൊണ്ടുള്ള ഇടപെടലും പ്രവാചകനാമം കേൾക്കുമ്പോൾ നെഞ്ചിൽ കൈചേർത്ത് വെച്ചുള്ള സംസാരവുമാണ്. തീർത്തും സാത്വികനായൊരാൾ.

സംസാരത്തിനിടെ ഞങ്ങൾ ഖാജയുടെ അരികെ എത്തിയിരുന്നു.
ദർഗയുടെ കൂറ്റൻ വാതിലിനരികെയുള്ള നീളൻ വരാന്തയിൽ എന്നെയിരുത്തി അദ്ദേഹം തിരക്കുകളിലേക്ക് മറഞ്ഞു, ദൈവത്തിലേക്കുള്ള യാത്ര സ്‌നേഹവും കാരുണ്യവുമുള്ള പ്രവർത്തികളിലൂടെയേ സഫലമാവൂ എന്നോർമിപ്പിച്ച് കൊണ്ട്.

വീണ്ടും ആൾക്കൂട്ടത്തിൽ ഞാനൊറ്റപ്പെട്ടു.
നിധിനെയും സൗഫർ ഇസ്മാഈലിനെയും കണ്ടെത്തേണ്ടിയിരിക്കുന്നു. മനസ്സ് വീണ്ടും അസ്വസ്ഥമായി. കാറ്റും കോളും നിറഞ്ഞ കടലിൽ ഒറ്റപ്പെട്ട വള്ളക്കാരനെന്നോണം.

ഖാജയുടെ മഖ്ബറക്കരികെ ചെന്ന് പ്രാർഥനകളിൽ മുഴുകി. കൂറ്റൻ മഖ്ബറക്കുള്ളിൽ അനേകം സുഗന്ധങ്ങളുടെ കാറ്റിന്റെ തലോടലേറ്റ് മനസ്സും ശരീരവും കുളിർമയുടെ തണലിൽ വിശ്രമിച്ചു. തൊട്ടരികെ എവിടെയോ നിധിനും ഇസ്മാഈലുമുണ്ടെന്ന് ആരോ മന്ത്രിക്കുന്നുണ്ടായിരുന്നു. പുറത്തേക്കിറങ്ങി ഭക്ഷണം വിളമ്പുന്നതിനിടെ അവരെ കണ്ടെത്തുമ്പോൾ അവർ എന്നേയും തിരഞ്ഞ് തളർന്നിരിക്കുകയായിരുന്നു.

എന്നിരുന്നാലും മറ്റൊരു സന്തോഷത്തിലായിരുന്നു നിധിൻ.
ഇസ്മാഈലിനോട് യാത്ര പറഞ്ഞ് ഞങ്ങൾ രണ്ട് പേരും മഖ്ബറക്കരികിലേക്ക് നടക്കുമ്പോൾ അവനാ സ്വപ്‌നത്തിൽ വന്ന രൂപത്തെ കുറിച്ച് പറഞ്ഞ് തുടങ്ങി. അന്നത്തെ സംഭവത്തിന് ശേഷം അവന്റെ സ്വപ്‌നങ്ങളിലും ഏകാന്തതകളിലും അവനുമായി സംവദിക്കുകയും ചിന്തകളുടെ ഇരുളുകളെ അകറ്റുകയും ചെയ്ത വൃദ്ധനായ രൂപത്തെ കണ്ടെത്തിയിരിക്കുന്നു. നക്ഷത്രങ്ങൾ പോലെ തിളങ്ങുന്ന കണ്ണുകളും പ്രകാശം സ്ഫുരിക്കുന്ന പുഞ്ചിരിയുമുള്ള മുഖത്തെ കുറിച്ചവൻ പറയുമ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞത് മിഷ്ഫാക് ജിഫ്രിയുടെ രൂപമായിരുന്നു. മഖ്ബറക്ക് മുകളിലേക്ക് തലയമർത്തി ഇരുന്നു. രോമകൂപങ്ങളെല്ലാം എഴുന്നേറ്റ് നിന്ന് ഞാനുമപ്പോൾ ഏതോ മായിക ലോകത്തേക്ക് ഉയർത്തപ്പെട്ടു.

ഇസ്മാഈലും മിഷ്ഫാക് ജിഫ്രിയും ആരായിരുന്നു? ചിശ്തിയുടെ വഴിയിലേക്ക് ഞങ്ങളെ നടത്തിയവരായിരുന്നോ? ഉത്തരമില്ലാത്ത അനേകം പ്രപഞ്ച സത്യങ്ങളിലേക്ക് ഒന്നു കൂടെ ചേർത്തുവെച്ച് നമുക്കിടയിലും അനേകം അവധൂതരുണ്ടാകും. പ്രതീക്ഷിക്കാത്ത രൂപത്തിലും ഭാവത്തിലും നമുക്കരികെ ചേർന്ന് നിൽപ്പുണ്ടാകും, അതീന്ദ്രീയ പ്രപഞ്ച സത്യങ്ങളായി..

റിഹാൻ റാശിദ്
[email protected]