മുസ്ലിം നാമധാരിയായതിന്റെ പേരില്‍ ജെ എന്‍ യുവില്‍ പീഡനവും വിവേചനവും: പരാതിയുമായി അസി.പ്രൊഫസര്‍

Posted on: July 22, 2019 4:00 pm | Last updated: July 22, 2019 at 7:27 pm

ന്യൂഡല്‍ഹി: മുസ്ലിം നാമധാരിയായതിന്റെ പേരില്‍
വൈസ് ചാന്‍സിലറടക്കമുള്ള ജെ എന്‍ യുവിലെ ചിലര്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി വനിതാ അസിസ്റ്റന്റ്പ്രൊഫസറുടെ പരാതി. ജെ എന്‍ യുവിലെ അസിസ്റ്റന്റ് പ്രൊഫസര്‍ റോസിനി നസീറാണ് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന് കത്തിലൂടെ പരാതി നല്‍കിയത്.

ജെ എന്‍ യുവിലെ സെന്റര്‍ഫോര്‍ ദ സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്റ് ഇന്‍ക്ലൂസീവ് പോളിസിയിലെ (സി എസ് എസ് ഇ ഐ പി) അസിസ്റ്റന്റ് പ്രൊഫസറാണ് റോസിന. ഭര്‍ത്താവിനും മകനുമൊപ്പം ജെ എന്‍ യു ക്യാമ്പസില്‍ തന്നെയാണ് ഇവര്‍ താമസിക്കുന്നത്.

വൈസ് ചാന്‍സലര്‍ മാമിഡല ജഗദീഷ് കുമാറും, സി എസ് ഇ ഐ പി ചെയര്‍പേഴ്‌സണല്‍ യഗതി ചിന്ന റാവുവും തന്നെ വേട്ടയാടുകയാണെന്ന് റോസിന പറയുന്നു. തന്റെ മത ഐഡന്റിറ്റിയാണ് പ്രശ്‌നമെന്നാണ് തോന്നുന്നത്. സി എസ് എസ് ഇ ഐ പിയിലെ ഫാക്വല്‍ട്ടി സ്ഥാനത്തുനിന്നും രാജിവെക്കാന്‍ ഇവര്‍ നിര്‍ബന്ധിക്കുന്നു. പല വിഷയത്തിലും തന്നോട് വിവേചനത്തോടെയാണ് പെരുമാറുന്നത്. തന്റെയും കുടുംബത്തിന്റെയും സുരക്ഷിതത്വം ഓര്‍ത്ത് പേടിയുണ്ടെന്നും ന്യൂനപക്ഷ കമ്മീഷന് അയച്ച കത്തില്‍ റോസിന പറയുന്നു.

ആറ് വര്‍ഷത്തിലേറെയായി താന്‍ ജെ എന്‍ യുവില്‍ ജോലി ചെയ്യുന്നു. എന്നാല്‍ 2017 മാര്‍ച്ച് മുതലാണ് തനിക്കുനേരെ മാനസിക പീഡനം തുടങ്ങിയത്. ജെ എന്‍ യുവില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ വിദ്യാര്‍ഥി നജീബിനെപ്പോലെ താനും അപ്രത്യക്ഷമാകൂമോയെന്ന് ഭയമുണ്ടെന്നും റോസിന കത്തില്‍ പറയുന്നു.
റോസിനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി രജിസ്ട്രാറിന് ന്യൂനപക്ഷ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.