തിരശ്ശീല വീഴാതെ ‘കര്‍’നാടകം; വോട്ടെടുപ്പില്‍ ഇടപെടാനാകില്ലെന്ന് കോടതി, കുമാരസ്വാമിയുടെ ആവശ്യം സ്പീക്കര്‍ തള്ളി

Posted on: July 22, 2019 12:30 pm | Last updated: July 22, 2019 at 4:34 pm

ബെംഗളൂരു: ബെംഗളൂരു: കര്‍ണാടക സര്‍ക്കാറിന്റെ നിലനില്‍പ്പില്‍ അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ, വിശ്വാസ വോട്ടെടുപ്പുമായി തര്‍ക്കത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. സ്പീക്കര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശമൊന്നും നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് വോട്ടെടുപ്പ് നടത്തുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിമത പക്ഷത്തെ സ്വതന്ത്ര എം എല്‍ എമാരായ ആര്‍ ശങ്കറും എച്ച് നാഗേഷുമാണ് കോടതിയെ സമീപിച്ചത്. നിയമസഭാ നടപടികളില്‍ ഗവര്‍ണര്‍ ഇടപെടുന്നതിനെതിരെ മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

അതിനിടെ, ചൊവ്വാഴ്ച തന്നെ കാണണമെന്ന് കോണ്‍ഗ്രസിന്റെ 12 വിമത എം എല്‍ എമാരോട് സ്പീക്കര്‍ കെ ആര്‍ രമേഷ് ആവശ്യപ്പെട്ടു. വിമത എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന ഭരണത്തിലുള്ള കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യത്തിന്റെ അപേക്ഷ പരിഗണിച്ചാണിത്. എന്നാല്‍, വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് മാറ്റണമെന്ന കുമാരസ്വാമിയുടെ ആവശ്യം സ്പീക്കര്‍ തള്ളി. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താമെന്ന് വെള്ളിയാഴ്ച കുമാരസ്വാമി സ്പീക്കര്‍ക്ക് ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍, വിമത എം എല്‍ എമാരെ കൂടെ നിര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് മുഖ്യമന്ത്രി വീണ്ടും വോട്ടെടുപ്പ് നീട്ടണമെന്ന ആവശ്യവുമായി സ്പീക്കറെ സമീപിച്ചത്.