Connect with us

Sports

ഓവര്‍ത്രോയില്‍ തെറ്റുപറ്റിയെന്ന് അമ്പയര്‍ !

Published

|

Last Updated

ലണ്ടന്‍: ന്യൂസിലാന്‍ഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ച അമ്പയര്‍ കുമാര്‍ ധര്‍മസേന തെറ്റുപറ്റിയതായി സമ്മതിച്ചതായി റിപ്പോര്‍ട്ട്. മത്സരത്തിന്റെ അവസാന ഓവറില്‍ ഇംഗ്ലണ്ടിന് അനുകൂലമായി ഓവര്‍ത്രോ റണ്‍സ് അനുവദിച്ചതില്‍ അമ്പയര്‍ക്ക് പിഴവ് സംഭവിച്ചതായി ആരോപണമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ധര്‍മസേന കുറ്റസമ്മതം നടത്തിയതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
അത്യന്തം നാടകീയത നിറഞ്ഞ ഫൈനലാണ് ലോര്‍ഡ്‌സില്‍ അരങ്ങേറിയത്. മത്സരത്തിന്റെ അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ദാനമായി ലഭിച്ച ഓവര്‍ത്രോ റണ്‍സ് നിര്‍ണായകമായി.

അവസാന ഓവറിലെ പതിനഞ്ച് റണ്‍സെന്ന ലക്ഷ്യത്തിലെത്താന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത് ഓവര്‍ത്രോയിലൂടെ ലഭിച്ച ആറു റണ്‍സാണ്. അമ്പയര്‍ ഒരു റണ്‍സ് ഇംഗ്ലണ്ടിന് അധികമായി നല്‍കിയെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ബൗണ്ടറിയില്‍നിന്നും മാര്‍ട്ടിന്‍ ഗുപ്റ്റില്‍ എറിഞ്ഞ പന്ത് ബെന്‍ സ്‌റ്റോക്‌സിന്റെ ബാറ്റില്‍കൊണ്ട് ബൗണ്ടറിയിലെത്തിയപ്പോള്‍ അഞ്ച് റണ്‍സിന് പകരം ആറ് റണ്‍സ് നല്‍കുകയായിരുന്നു. തെറ്റ് സമ്മതിച്ച് ധര്‍മസേന ടിവി റീപ്ലേ പിന്നീട് പരിശോധിച്ചപ്പോള്‍ തനിക്ക് പിഴവ് വന്നതായി മനസിലായെന്ന് ധര്‍മസേന പറഞ്ഞു.

എന്നാല്‍, മൈതാനത്ത് തങ്ങള്‍ക്ക് വലിയ രീതിയിലുള്ള ടിവി റീപ്ലേകള്‍ ലഭ്യമല്ല.
അതുകൊണ്ടുതന്നെ തെറ്റില്‍ ഖേദം പ്രകടിപ്പിക്കില്ലെന്നും ധര്‍മസേന വ്യക്തമാക്കി. ഒപ്പമുണ്ടായിരുന്ന അമ്പയറുമായി സംസാരിച്ചശേഷമാണ് ആറ് റണ്‍സ് നല്‍കിയത്. മറ്റ് ഒഫീഷ്യലുകളും അത് സമ്മതിച്ചതാണ്. റീപ്ലേ വിശദമായി കാണാത്തതിനാല്‍ അന്ന് അതായിരുന്നു ശരിയെന്നും ധര്‍മസേന പറഞ്ഞു.

തെറ്റാണെന്ന് സൈമണ്‍ ടൗഫലും

നേരത്തെ അമ്പയര്‍ക്ക് തെറ്റുപറ്റിയെന്ന് മുന്‍ അമ്പയര്‍ സൈമണ്‍ ടൗഫല്‍ പറഞ്ഞിരുന്നു. ഇംഗ്ലണ്ടിന് നല്‍കിയ 6 റണ്‍സ് നിയമവിരുദ്ധമാണെന്നും ആകെ 5 റണ്‍സ് മാത്രമേ ഐസിസി നിയമപ്രകാരം ഇംഗ്ലണ്ടിന് നല്‍കാന്‍ പാടുള്ളൂ എന്നാണ് ടൗഫലിന്റെ വാദം. ഓവര്‍ ത്രോ യില്‍ ഫീല്‍ഡര്‍ പന്തെടുക്കുന്നതും റിലീസ് ചെയ്യുന്നതും ശരിയായി നിരീക്ഷിക്കണമായിരുന്നു. ആ സമയത്ത് ബാറ്റ്‌സ്മാന്‍ എവിടെയാണെന്നതും പരിശോധിക്കേണ്ടതാണ്. ഈ രീതിയിലാണ് ഓവര്‍ ത്രോ റണ്‍സ് നല്‍കേണ്ടത്. ഇപ്പോഴത്തെ രീതിയില്‍ നല്‍കിയത് തികച്ചും തെറ്റായ കാര്യമാണെന്ന് ടൗഫല്‍ ഉറപ്പിക്കുന്നു.

ഓവര്‍ത്രോ റണ്‍ വേണ്ടെന്ന് സ്‌റ്റോക്‌സ് ഓവര്‍ത്രോയിലൂടെ അന്ന് ലഭിച്ച റണ്‍സാണ് ഒടുവില്‍ ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ചതും.
അതേസമയം, അന്ന് ഓവര്‍ത്രോയിലൂടെ ലഭിച്ച നാലു റണ്‍സ് വേണ്ടെന്ന് ഇംഗ്ലീഷ് താരം ബെന്‍ സ്‌റ്റോക്‌സ് അമ്പയറോട് പറഞ്ഞിരുന്നു. ബൗണ്ടറി റണ്‍സ് വേണ്ടെന്ന് സ്‌റ്റോക്‌സ് അമ്പയറോട് പറഞ്ഞിരുന്നെങ്കിലും നിയമം അനുവദിച്ചില്ല. ഓടിയെത്തിയ റണ്‍സ് കൂടാതെ അമ്പയര്‍ നിയമപ്രകാരം നാലു റണ്‍സ് അധികമായി നല്‍കുകയായിരുന്നു.
ഓവര്‍ത്രോ നിയമം പുനപ്പരിശോധിക്കാന്‍ ക്രിക്കറ്റ് നിയമ പരിഷ്‌കരണ സമിതിയായ എം സി സി ആലോചിക്കുന്നുണ്ട്.