കപ്പൽ പോരിനിടെ പശ്ചിമേഷ്യയിൽ സംഘർഷ ഭീതി രൂക്ഷമാകുന്നു

Posted on: July 22, 2019 2:18 am | Last updated: July 22, 2019 at 2:18 am

ടെഹ്‌റാൻ/ ന്യൂഡൽഹി: ജിബ്രാൾട്ടറിൽ തടഞ്ഞുവെച്ച എണ്ണക്കപ്പൽ വിട്ടുകിട്ടാതെ ബ്രിട്ടീഷ് കപ്പൽ കൈമാറില്ലെന്ന് ഇറാൻ വ്യക്തമാക്കിയതോടെ പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ രൂക്ഷമാകുകയാണ്. ഉപരോധത്തിന്റെ പേരിൽ ജിബ്രാൾട്ടർ കടലിടുക്കിൽ ഇറാനിയൻ ടാങ്കർ പിടിച്ചെടുത്തതിന് പ്രതികാരമെന്ന നിലയിലാണ് ഇറാന്റെ നടപടി.

ഈ കപ്പൽ മുപ്പത് ദിവസംകൂടി തടങ്കലിൽ വെക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാൻ ബ്രിട്ടിഷ് എണ്ണക്കപ്പലായ സ്‌റ്റെന ഇംപറോ പിടിച്ചെടുക്കുന്നത്. മീൻപിടിത്ത ബോട്ടുമായി കപ്പൽ കൂട്ടിയിടിച്ചെന്നും ക്യാപ്റ്റനുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ പിടിച്ചെടുക്കുകയായിരുന്നുവെന്നും ഇറാൻ പറയുന്നു. എന്നാൽ, സഊദിയിലേക്ക് പോകുമ്പോൾ മുന്നറിയിപ്പില്ലാതെ നാല് ചെറുകപ്പലുകളും ഹെലികോപ്റ്ററുകളും ചേർന്ന് വളയുകയായിരുന്നെന്ന് കപ്പൽ കമ്പനിയുടമകൾ ആരോപിച്ചു.

തങ്ങളുടെ കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തതിനു തിരിച്ചടിയായി ഇതു കരുതാമെന്ന് കൂടി ഇറാൻ പ്രതികരിച്ചതായി റിപ്പോർട്ടുകളുണ്ട്. പുതിയ സംഭവവികാസങ്ങളോടെ മധ്യപൂർവദേശം കൂടുതൽ സംഘർഷഭരിതമായിട്ടുണ്ട്. സഊദി അറേബ്യയിൽ യു എസ് സൈന്യത്തെ വിന്യസിക്കാൻ 16 വർഷത്തെ ഇടവേളക്ക് ശേഷം ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകിയിരുന്നു. മറ്റു ഗൾഫ് രാജ്യങ്ങളിലും സേനാ സന്നാഹങ്ങളുള്ള യു എസ്, ഇറാനെതിരായ നീക്കങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന സൂചനയാണ് നൽകുന്നത്.
അന്തർദേശീയ സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് ഹോർമുസ് കടലിടുക്കിൽ വെച്ചാണ് ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുത്തത്. പതിനെട്ട് ഇന്ത്യക്കാരടക്കം 23 പേർ കപ്പലിലുണ്ടെന്നാണ് വിവരം.