ഒച്ച നഷ്ടപ്പെട്ടവര്‍ ഇക്കാലത്ത്‌ എം പിമാരായിട്ടെന്ത്?

വര്‍ധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഏത് ദിശയിലാണ് സഞ്ചരിക്കാന്‍ പോകുന്നത് എന്നത് സംബന്ധിച്ച് നേരത്തേ തന്നെയുണ്ടായിരുന്ന ആശങ്കകളെ ശരിവെക്കും വിധത്തിലുള്ളതാണ് എന്‍ ഐ എ നിയമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍. എന്‍ ഐ എ നിയമഭേദഗതി ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിച്ച് പാസ്സാക്കിയപ്പോള്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും അതിന്റെ സഖ്യകക്ഷികളില്‍ ചിലതും പെരുമാറിയ രീതിയും ആശങ്ക ജനിപ്പിക്കുന്നതാണ്. ഇത്തരം നിയമഭേദഗതികളെ എതിര്‍ത്ത് വോട്ടുചെയ്യുക വഴി ഭീകരവാദികളുടെ സംരക്ഷകരായി ചിത്രീകരിക്കപ്പെടാന്‍ തയ്യാറല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുക എന്നത് സംഘ്പരിവാറിന്റെ അജന്‍ഡകളിലൊന്നാണ്. എന്‍ ഐ എ - യു എ പി എ ഭേദഗതികളിലൂടെയും ഇത് സാധിച്ചെടുക്കുന്നുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. മനുഷ്യാവകാശങ്ങള്‍ക്കും രാജ്യത്തെ ഫെഡറല്‍ ഭരണക്രമത്തിനും ഈ ഭേദഗതിയുയര്‍ത്തുന്ന വെല്ലുവിളികളെ, ഭീകരവാദത്തിനെതിരായ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ എതിര്‍ക്കാന്‍ തങ്ങള്‍ക്ക് രാഷ്ട്രീയമായ ഇച്ഛാശക്തിയുണ്ടെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. കാണട്ടെ നിങ്ങളുടെ രാജ്യക്കൂറെന്ന് അമിത് ഷാ വെല്ലുവിളിക്കുമ്പോള്‍ ചൂളിപ്പോകുന്ന സ്ഥിതിയിലേക്ക് ചുരുങ്ങിയിരിക്കുന്നു കോണ്‍ഗ്രസ്.
Posted on: July 22, 2019 8:01 am | Last updated: July 27, 2019 at 2:03 pm

ദേശീയ അന്വേഷണ ഏജന്‍സി (നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി – എന്‍ ഐ എ) രൂപവത്കരിക്കുന്നതിനായി ആവിഷ്‌കരിച്ച നിയമവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമവും (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് – യു എ പി എ) അടക്കം സുപ്രധാന നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്ന ശ്രമം ഇതിനകം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

ഇതില്‍ എന്‍ ഐ എ നിയമ ഭേദഗതി പാര്‍ലിമെന്റിന്റെ ഇരു സഭകളും അംഗീകരിച്ചുകഴിഞ്ഞു. വര്‍ധിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഏത് ദിശയിലാണോ സഞ്ചരിക്കാന്‍ പോകുന്നത് എന്നത് സംബന്ധിച്ച് നേരത്തെ തന്നെയുണ്ടായിരുന്ന ആശങ്കകളെ ശരിവെക്കും വിധത്തിലുള്ളതാണ് നിയമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍. എന്‍ ഐ എ നിയമഭേദഗതി ലോക്‌സഭയിലും രാജ്യസഭയിലും അവതരിപ്പിച്ച് പാസ്സാക്കിയപ്പോള്‍ പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസും അതിന്റെ സഖ്യകക്ഷികളില്‍ ചിലതും പെരുമാറിയ രീതിയും ആശങ്ക ജനിപ്പിക്കുന്നതാണ്.

അമിത് ഷാ, ഇ ടി മുഹമ്മദ് ബശീര്‍

അധികാരം മുന്നോട്ടു വെക്കുന്ന അജന്‍ഡകളിലെ ജനവിരുദ്ധവും മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതുമായ വശങ്ങളെ ഉയര്‍ത്തിക്കാട്ടി എതിര്‍പ്പ് രേഖപ്പെടുത്തുന്നതിന് പകരം, നിയമഭേദഗതിയുടെ ലക്ഷ്യമായി ഭരണകൂടം മുന്നോട്ടു വെക്കുന്ന ന്യായങ്ങളെ അംഗീകരിച്ച് മുന്നോട്ടു പോകാന്‍ തയ്യാറാകുകയാണ് അവര്‍. ഇത്തരം നിയമഭേദഗതികളെ എതിര്‍ത്ത് വോട്ടുചെയ്യുക വഴി ഭീകരവാദികളുടെ സംരക്ഷകരായി ചിത്രീകരിക്കപ്പെടാന്‍ തയ്യാറല്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍. രാജ്യ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചും ഭീകരവാദത്തെ തള്ളിപ്പറഞ്ഞുകൊണ്ടും മനുഷ്യാവകാശങ്ങളുടെ സംരക്ഷണമെന്ന നിലപാടില്‍ നിന്ന് പിന്നാക്കമില്ലെന്ന് അറിയിക്കാനുള്ള ധൈര്യം ഈ പാര്‍ട്ടികള്‍ക്ക് ഇല്ലാതായിരിക്കുന്നു. ഇത്തരം നിയമഭേദഗതികള്‍ ലക്ഷ്യമിടുക ന്യൂനപക്ഷങ്ങളെ പ്രത്യേകിച്ച് മുസ്‌ലിംകളെയാണെന്ന തെറ്റുദ്ധാരണയില്‍ അഭിരമിക്കുകയും അതുകൊണ്ടുതന്നെ ഭേദഗതികളെ എതിര്‍ത്താല്‍ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെന്ന പ്രതീതി സൃഷ്ടിക്കപ്പെടുമെന്നുമാണ് ഈ പാര്‍ട്ടികളുടെ ചിന്ത. ഭൂരിപക്ഷ വര്‍ഗീയതയെ കൂടുതല്‍ വളര്‍ത്തിയെടുത്ത്, തീവ്ര ഹിന്ദുത്വ അജന്‍ഡകളുടെ നടപ്പാക്കലിന് ശ്രമിക്കുന്ന സംഘ്പരിവാരത്തിന് കൂടുതല്‍ പ്രയോജനം ചെയ്യുന്നതാകും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ നിലപാടുകള്‍.
1962ലെ ആണവോര്‍ജ നിയമം, 1967ലെ യു എ പി എ എന്നിവ നിര്‍വചിക്കുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാനുള്ള അധികാരമാണ് എന്‍ ഐ എക്ക് ഉണ്ടായിരുന്നത്. ഇതില്‍ മാറ്റം വരുത്തുകയാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം.

മനുഷ്യക്കടത്ത്, കള്ള നോട്ട്, ആയുധങ്ങളുടെ നിയമവിരുദ്ധമായ നിര്‍മാണവും വിതരണവും, സൈബര്‍ മേഖലയിലെ ഭീകരവാദ പ്രവര്‍ത്തനം എന്നിവ ഇനി മുതല്‍ എന്‍ ഐ എക്ക് നേരിട്ട് അന്വേഷിക്കാനാകും. 1908ലെ സ്‌ഫോടക വസ്തു നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന കുറ്റകൃത്യങ്ങളും എന്‍ ഐ എയുടെ പരിധിയില്‍ വരും. എന്‍ ഐ എ ഏറ്റെടുക്കുന്ന കേസുകളുടെ അന്വേഷണച്ചുമതല ഡി വൈ എസ് പി റാങ്കിലെ ഉദ്യോഗസ്ഥനായിരുന്നു. ഇത് മാറ്റി ഇന്‍സ്‌പെക്ടര്‍ റാങ്കിലെ ഉദ്യോഗസ്ഥന് അന്വേഷണച്ചുമതല നല്‍കാനും നിയമഭേദഗതി ലക്ഷ്യമിടുന്നു. അന്വേഷണച്ചുമതലയുള്ള എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക്, സംസ്ഥാന പോലീസിലെ ഉദ്യോഗസ്ഥര്‍ക്കുള്ള എല്ലാ അധികാരവും പ്രദാനം ചെയ്യുകയാണ് നിയമ ഭേദഗതി. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് രാജ്യത്തിന് പുറത്ത് നടക്കുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള അധികാരവും എന്‍ ഐ എക്ക് ഉണ്ടാകും. (മറ്റ് രാജ്യങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ആ രാജ്യത്തിന്റെ അനുവാദമില്ലാതെ എന്‍ ഐ എ എങ്ങനെ അന്വേഷിക്കുമെന്ന് യുക്തിസഹമായി വിശദീകരിക്കപ്പെട്ടിട്ടില്ല)
ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ് യു എ പി എയില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ഭേദഗതി. ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളെ നിരോധിക്കാനാണ് നിലവില്‍ ഈ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാറിന് അധികാരമുള്ളത്. പുതിയ ഭേദഗതി പ്രാബല്യത്തിലാകുന്നതോടെ വ്യക്തികള്‍ക്കു മേല്‍ നിരോധനം ഏര്‍പ്പെടുത്താനും അവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ഭരണകൂടത്തിന് സാധിക്കും. ഇത്തരം നടപടികള്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ അംഗീകാരം വേണമെന്ന വ്യവസ്ഥയും ഒഴിവാക്കുന്നുണ്ട്.

വ്യക്തികളെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കുന്നതിന് അവര്‍ ഏതെങ്കിലും സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധമില്ല. ഭീകരവാദ സംഘടനകളെ പിന്തുണക്കുന്നവരെന്ന് ഭരണകൂടത്തിന് തോന്നിയാല്‍ മാത്രം മതിയാകും. ഭീകരവാദ സംഘടനകളെ പിന്തുണക്കുന്നുവെന്ന പ്രതീതി ഭരണകൂടത്തിന് ജനിപ്പിക്കും വിധത്തിലുള്ള എഴുത്ത്, അത്തരം സംഘടനകളില്‍ ഏതെങ്കിലുമൊന്നിനെക്കുറിച്ചുള്ള പുസ്തകമോ ലഘുലേഖയോ കൈവശം വെക്കല്‍ ഒക്കെ ഈ നിയമഭേദഗതി പ്രാബല്യത്തിലാകുന്നതോടെ കുറ്റകരമാകും. ഭരണകൂടത്തെ, അവരുടെ തീവ്ര വര്‍ഗീയ അജന്‍ഡകളെ എതിര്‍ക്കുന്നവരെ ലക്ഷ്യമിടാന്‍ വരും കാലത്ത് നിഷ്പ്രയാസം സാധിക്കുമെന്ന് ഉറപ്പ്. എന്‍ ഐ എ നിയമ ഭേദഗതിയിലൂടെ നല്‍കപ്പെടുന്ന അമിതാധികാരങ്ങള്‍ യു എ പി എ ഭേദഗതിയോടെ സൃഷ്ടിക്കപ്പെടുന്ന അന്തരീക്ഷത്തില്‍ കൂടുതല്‍ മാരകമാകുകയും ചെയ്യും.

പൗരന്മാരെ ഭീതിയുടെ നിഴലില്‍ നിര്‍ത്തുക എന്നത് ഫാസിസവും ഏകാധിപത്യവും ഫലപ്രദമായി ഉപയോഗിക്കുന്ന തന്ത്രമാണ്. വംശഹത്യാ ശ്രമത്തിലൂടെയും വ്യാജ ഏറ്റുമുട്ടല്‍ പരമ്പരകളിലൂടെയും സൃഷ്ടിച്ചെടുത്ത ഭീതിയുടെ അന്തരീക്ഷം ഗുജറാത്തിലെ ഭരണത്തുടര്‍ച്ചക്ക് നരേന്ദ്ര മോദിയും സംഘവും ഫലപ്രദമായി ഉപയോഗിച്ചിരുന്നു. ഈ മാതൃക രാജ്യത്താകെ വ്യാപിപ്പിക്കാനുള്ള ശ്രമം 2014ല്‍ കേന്ദ്രാധികാരം കൈയാളിയ കാലം മുതല്‍ തുടങ്ങുകയും ചെയ്തു. സംഘ്പരിവാര്‍ ബന്ധമുള്ള ചെറു സംഘങ്ങള്‍ രാജ്യത്ത് പലയിടങ്ങളിലും അഴിച്ചുവിട്ട ആക്രമണങ്ങള്‍ ആ ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയുള്ളതായിരുന്നു. അത്തരം ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തിയവര്‍ പലവിധത്തില്‍ ലക്ഷ്യമിടപ്പെട്ടതിന്റെ പിറകിലും ഭയപ്പെടുത്തുക എന്നതു തന്നെയായിരുന്നു ലക്ഷ്യം. നിയമനിര്‍മാണങ്ങളിലൂടെ കൂടുതല്‍ ഭയപ്പെടുത്തുകയാണ് ഇപ്പോള്‍.

സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുക എന്നത് സംഘ്പരിവാറിന്റെ അജന്‍ഡകളിലൊന്നാണ്. അത് പല മാര്‍ഗങ്ങളിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്‍ ഐ എ – യു എ പി എ ഭേദഗതികളിലൂടെയും ഇത് സാധിച്ചെടുക്കുന്നുണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാറുകളുടെ അറിവോ സമ്മതമോ കൂടാതെ ഏത് കേസും എന്‍ ഐ എക്ക് ഏറ്റെടുക്കാവുന്ന സ്ഥിതിയാണ് പുതിയ ഭേദഗതി പ്രാബല്യത്തിലാകുന്നതോടെ ഉണ്ടാകുക. മനുഷ്യക്കടത്തുമായോ കള്ളനോട്ട് വ്യാപനവുമായോ സ്‌ഫോടക വസ്തു നിയമത്തിന്റെ ലംഘനവുമായോ ഏത് സംസ്ഥാനത്തെയും ഏത് കേസിനെയും ബന്ധിപ്പിക്കുക പ്രയാസമുള്ള കാര്യമല്ല. അന്വേഷണം നടത്തുന്ന എന്‍ ഐ എ ഉദ്യോഗസ്ഥന് സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെ എല്ലാ അധികാരവുമുണ്ടാകുമെന്ന് വ്യവസ്ഥ ചെയ്തതോടെ സംസ്ഥാന പോലീസ് മേധാവിയുടെയോ സംസ്ഥാന സര്‍ക്കാറിന്റെയോ നിര്‍ദേശമില്ലാതെ തന്നെ എന്‍ ഐ എയുടെ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാനുള്ള ബാധ്യത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വന്നുചേരും. ഫലത്തില്‍ സംസ്ഥാനങ്ങളിലെ പോലീസ് അന്വേഷണ സംവിധാനം എന്‍ ഐ എക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന അവസ്ഥ വൈകാതെ നിലവില്‍ വരുമെന്ന് ചുരുക്കം.

മനുഷ്യാവകാശങ്ങളുടെ മാത്രമല്ല, ഫെഡറല്‍ ഭരണ സമ്പ്രദായത്തിന്റെ കൂടി കടക്കല്‍ കത്തിവെക്കുന്ന നിയമഭേദഗതികളാണ് എന്‍ ഐ എയുടെയും യു എ പി എയുടെയും കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത്ര ഗുരുതരമായ, വരും കാലത്ത് വലിയ ആഘാതങ്ങളുണ്ടാക്കാന്‍ പ്രാപ്തിയുള്ള നിയമഭേദഗതികളെന്ന തിരിച്ചറിവ് ഏറ്റവുമാദ്യം ഉണ്ടാകേണ്ടിയിരുന്നത് എന്‍ ഐ എ രൂപവത്കരിക്കുന്നതിനായി നിയമം കൊണ്ടുവന്ന കോണ്‍ഗ്രസിനായിരുന്നു. അത് തിരിച്ചറിയുന്നുവെന്ന മട്ടിലാണ് പാര്‍ലിമെന്റില്‍ നടന്ന ചര്‍ച്ചയില്‍ അവരുടെ പ്രതിനിധികള്‍ സംസാരിച്ചതും. എന്നാല്‍ എന്‍ ഐ എ ഭേദഗതി ബില്ല് വോട്ടിനിട്ടപ്പോള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത് എന്നത് അവരുടെ വാക്കുകളിലെ ആത്മാര്‍ഥതയെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ബില്ല് വോട്ടിനിടാന്‍ തീരുമാനിക്കുമ്പോള്‍ “ഭീകരവാദത്തിനെതിരായ നീക്കങ്ങളെ ആരാണ് അനുകൂലിക്കുന്നത് എന്നും ആരാണ് എതിര്‍ക്കുന്നത് എന്നും രാജ്യം അറിയട്ടെ’ എന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു.

മനുഷ്യാവകാശങ്ങള്‍ക്കും രാജ്യത്തെ ഫെഡറല്‍ ഭരണക്രമത്തിനും ഈ ഭേദഗതിയുയര്‍ത്തുന്ന വെല്ലുവിളികളെ, ഭീകരവാദത്തിനെതിരായ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ എതിര്‍ക്കാന്‍ തങ്ങള്‍ക്ക് രാഷ്ട്രീയമായ ഇച്ഛാശക്തിയുണ്ടെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. മറിച്ച്, ഭേദഗതിയെ എതിര്‍ത്ത് വോട്ട് ചെയ്താല്‍ ഭീകരവാദികള്‍ക്ക് വേണ്ടി നിലകൊള്ളുന്നവരായി ചിത്രീകരിക്കപ്പെടുമെന്ന തെറ്റുദ്ധാരണക്ക് വഴിപ്പെടാനാണ് അവര്‍ തീരുമാനിച്ചത്. കേരളത്തില്‍ നിന്നുള്ള ചില എം പിമാരെങ്കിലും ഈ നിലപാടിനോട് വിയോജിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ വിജയം സമ്മാനിക്കുന്നതില്‍ പങ്കുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ (മുസ്‌ലിംകളുടെ) അതൃപ്തിക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭേദഗതിയെ പിന്തുണച്ച് വോട്ടുചെയ്യാനുള്ള തീരുമാനത്തെ അവര്‍ എതിര്‍ത്തത്. അപ്പോഴും ഭീകരവാദവും അതിനെതിരായ നീക്കങ്ങളും മുസ്‌ലിം വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന ഒന്നായി കാണാനേ അവര്‍ക്ക് സാധിക്കുന്നുള്ളൂ. അതങ്ങനെ കാണണമെന്ന തീവ്ര ഹിന്ദുത്വ വക്താക്കളുടെ ആഗ്രഹം അറിഞ്ഞോ അറിയാതെയോ സാധിച്ചുകൊടുക്കുകയാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധികള്‍ ചെയ്യുന്നത്. അതുകൊണ്ടാണ് എന്‍ എ ഐ നിയമ ഭേദഗതിയെ എതിര്‍ക്കേണ്ടത് മുസ്‌ലിം ലീഗിന്റെ മാത്രം ബാധ്യതയല്ലെന്ന് ഇ ടി മുഹമ്മദ് ബഷീറിന് പരസ്യമായി പറയേണ്ടിവന്നതും.

കാണട്ടെ നിങ്ങളുടെ രാജ്യക്കൂറെന്ന് അമിത് ഷാ വെല്ലുവിളിക്കുമ്പോള്‍ ചൂളിപ്പോകുന്ന സ്ഥിതിയിലേക്ക് ചുരുങ്ങിയിരിക്കുന്നു കോണ്‍ഗ്രസ്. സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം പേരിനെങ്കിലും ഇപ്പോഴും കോണ്‍ഗ്രസിനാണെന്നും അതിനെ ഒറ്റുകൊടുത്തവരുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പറയാനുള്ള ചങ്കൂറ്റം ശേഷിക്കുന്നില്ല അവരില്‍. ആയകാലത്ത് അധികാരം മാത്രം ലക്ഷ്യമിട്ട് മൃദുഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുകയും അതുവഴി തീവ്ര ഹിന്ദുത്വത്തിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്തവര്‍ തകര്‍ച്ചയുടെ കാലത്തും അതേ പാത പിന്തുടരുമെന്ന് പ്രഖ്യാപിക്കുന്നതാണ് എന്‍ ഐ എ ഭേദഗതി ബില്ലിന്റെ വോട്ടെടുപ്പില്‍ പാര്‍ലിമെന്റില്‍ കണ്ടത്.