ആരാധനാലയങ്ങള്‍ക്ക് ലൈസന്‍സ്; നിയമനിര്‍മാണം അന്തിമഘട്ടത്തില്‍

Posted on: July 21, 2019 7:05 pm | Last updated: July 21, 2019 at 8:59 pm

ദുബൈ: ആരാധനാലയങ്ങള്‍ക്കു ലൈസന്‍സ് ഏര്‍പെടുത്തുന്നതു സംബന്ധിച്ച നിയമനിര്‍മാണ നടപടികള്‍ യു എ ഇയില്‍ അന്തിമഘട്ടത്തിലെന്ന് പരമോന്നത സമിതി. സഹിഷ്ണതാ വര്‍ഷാചരണത്തോടനുബന്ധിച്ച് കൂടുതല്‍ കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കാനും തീരുമാനിച്ചു. ഏഴ് അടിസ്ഥാന മൂല്യങ്ങളില്‍ അധിഷ്ഠിതമായ 1,400ല്‍ ഏറെ കര്‍മപരിപാടികള്‍ ഈ വര്‍ഷം ആദ്യപകുതിയില്‍ നടപ്പാക്കിയെന്നു പരമോന്നത സമിതി ചെയര്‍മാന്‍ കൂടിയായ യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പറഞ്ഞു.
നയതന്ത്രകാര്യാലയങ്ങള്‍ വഴി 45 പദ്ധതികള്‍ നടപ്പാക്കി.

സഹിഷ്ണുതയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും രാജ്യാന്തര ആസ്ഥാനമാക്കി യുഎഇയെ മാറ്റും. സാംസ്‌കാരിക മന്ത്രി നൂറ ബിന്‍ത് മുഹമ്മദ് അല്‍ കഅബി, സാമൂഹിക വികസന മന്ത്രി ഹിസ്സ ഈസ ബൂഹുമൈദ്, പൊതുവിദ്യാഭ്യാസ സഹമന്ത്രി ജമീല അല്‍ മുഹൈരി, സഹമന്ത്രിയും നാഷനല്‍ മീഡിയ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ.സുല്‍ത്താന്‍ ബിന്‍ അഹമ്മദ് സുല്‍ത്താന്‍ അല്‍ ജാബിര്‍, യുവജനകാര്യ സഹമന്ത്രി ഷമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്‌റൂഇ എന്നിവരും പങ്കെടുത്തു.

അബുദാബിയിലെ ഇസ്ലാമേതര വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ കഴിഞ്ഞമാസം സാമൂഹിക വികസന വകുപ്പിന്റെ കീഴിലാക്കിയിരുന്നു. ഈ ആരാധനാലയങ്ങളുടെ ലൈസന്‍സ് നടപടികള്‍ ഏകോപിപ്പിക്കാനും മറ്റുമാണിത്. ഇവയുടെ ചുമതലക്കാര്‍ക്ക് സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ഏകജാലക സംവിധാനമൊരുക്കി. നിലവില്‍ 18 ആരാധനാലയങ്ങളാണ് ഇസ്ലാമേതര വിഭാഗങ്ങള്‍ക്ക് അബുദാബിയിലുള്ളത്. 17 ക്രിസ്ത്യന്‍ പള്ളികളും ഒരു ഗുരുദ്വാരയുമാണിവ. നിര്‍മാണത്തിലിരിക്കുന്ന ഹിന്ദു ക്ഷേത്രം 2022ല്‍ പൂര്‍ത്തിയാകും.