25 വരെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകൾ പ്രഖ്യാപിച്ചു

Posted on: July 21, 2019 6:02 pm | Last updated: July 21, 2019 at 6:02 pm

തിരുവനന്തപുരം: ജൂലൈ 21ന് ഇടുക്കി, കാസര്‍ഗോഡ് ജില്ലകളിലും, 22ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും 23ന് കണ്ണൂര്‍, കാസര്‍ഗോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതിതീവ്ര (24 മണിക്കൂറില്‍ 204 മില്ലീമീറ്ററില്‍ കൂടുതല്‍) മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനും ക്യാമ്പുകള്‍ തയാറാക്കുന്നതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്താനുമാണ് റെഡ് അലര്‍ട്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും.

21 ന് കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും 22ന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലും, 23ന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 24 ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായോ (115 മില്ലീമീറ്റര്‍ വരെ) അതിശക്തമായോ (115 മില്ലീമീറ്റര്‍ മുതല്‍ 204.5 മില്ലീമീറ്റര്‍ വരെ) ഉള്ള മഴയ്ക്ക് സാധ്യതയുണ്ട്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍: 21പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം, വയനാട് 22 പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, 23 പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, 24 മലപ്പുറം, 25 കണ്ണൂര്‍, കാസര്‍ഗോഡ്.

ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തല കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കി.

കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല.

22ന് രാത്രി പതിനൊന്നര വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.7 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.