Connect with us

International

ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലിലും മൂന്ന് മലയാളികള്‍

Published

|

Last Updated

കോഴിക്കോട്: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ മൂന്ന് മലയാളികള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലിലും മൂന്നു മലയാളികള്‍ അകപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഗ്രേസ് 1 എന്ന ഇറാനി കപ്പലിലാണ് മലയാളികള്‍ കുടുങ്ങിക്കിടക്കുന്നത്. വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍, ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍കോട് സ്വദേശി പ്രദീഷ് എന്നിവരാണ് കപ്പലിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അജ്മലാണ് ഈ വിവരം നാട്ടില്‍ അറിയിച്ചത്. എല്ലാവരും സുരക്ഷിതരാണെന്നും അജ്മല്‍ അറിയിച്ചു.

സിറിയയിലേക്ക് എണ്ണയുമായി പോകുകയായിരുന്ന കപ്പല്‍ രണ്ടാഴ്ച മുമ്പാണ് ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം ലംഘിച്ച് എണ്ണ കടത്തിയതാണ് കപ്പല്‍ പിടിച്ചെടുക്കാന്‍ കാരണം. ഈ കപ്പല്‍ ഒരു മാസം തടങ്കലില്‍ വെക്കണമെന്ന ജിബ്രാള്‍ട്ടര്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപറോ ഇറാന്‍ സേന പിടിച്ചെടുത്തത്. ഈ കപ്പലിലും മൂന്ന് മലയാളികള്‍ അടക്കം 18 ഇന്ത്യക്കാരുണ്ട്. കപ്പലിന്റെ ക്യാപ്റ്റന്‍ മലയാളിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.