Connect with us

Articles

യു എസിൽ പുതിയ മുദ്രാവാക്യം: അവളെ തിരിച്ചയക്കുക

Published

|

Last Updated

ഇൽഹാൻ ഉമർ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു

You may shoot me with your words,
You may cut me with your eyes,
You may kill me with your hatefulness,
But still, like air, I’ll rise.
-Maya Angelou

കഴിഞ്ഞ ചൊവ്വാഴ്ച. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ വൈറ്റ്ഹൗസിൽ ക്യാബിനറ്റ് യോഗം നടക്കുന്നു. സാധാരണ പോലെ തുടക്കം പ്രസിഡന്റിന്റെ സുദീർഘമായ ആത്മഭാഷണം. അനാവശ്യ ഉപമകളും വില കുറഞ്ഞ നർമവും കുത്തി നിറച്ച ഒട്ടും ആകർഷകമല്ലാത്ത പ്രസംഗം. തുടർന്ന് സംസാരിച്ചത് ഹൗസിംഗ് ആൻഡ് അർബൻ സെക്രട്ടറി (മന്ത്രി) ബെൻ കാർസണായിരുന്നു. ട്രംപ് ഭരണകൂടത്തിലെ ഏക കറുത്ത വർഗക്കാരനാണ് ഈ കാർസൺ. സുപ്രസിദ്ധ മസ്തിഷ്‌കരോഗ സർജനായിരുന്നു. അദ്ദേഹം പറഞ്ഞു: മിസ്റ്റർ പ്രസിഡന്റ് താങ്ക് യു. ഹൗസിംഗ് ആൻഡ് അർബൻ ഡിപ്പാർട്ട്‌മെന്റിൽ എന്ത് നടക്കുന്നുവെന്ന് വിശദീകരിക്കുന്നതിന് മുമ്പ് ഞാൻ അങ്ങയോട് നന്ദി പറയേണ്ടിയിരിക്കുന്നു, അങ്ങയുടെ അസമാന്യമായ ധൈര്യത്തിന്.

നിലക്കാത്ത വിമർശങ്ങൾക്കിടയിലും ഇത്രമാത്രം സ്ഥൈര്യത്തോടെ സംസാരിക്കാൻ അങ്ങേക്ക് എങ്ങനെയാണ് സാധിക്കുന്നത്? അങ്ങയിൽ ദൈവം പ്രവർത്തിക്കുന്നുവെന്ന് ഞാൻ കരുതുന്നു. (വൈറ്റ് ഹൗസ് പുറത്തുവിട്ട സ്‌ക്രിപ്റ്റിൽ നിന്ന്)
ഇതിലെന്താണിത്ര പുതുമയെന്നാകും നിങ്ങളുടെ ചോദ്യം. ട്രംപ് തന്നെ നിയോഗിച്ച സെക്രട്ടറി അദ്ദേഹത്തെ ഇങ്ങനെ പുകഴ്ത്തുക സ്വാഭാവികമല്ലേ. ട്രംപിനെ പോലെ നിരന്തരം ആത്മ പ്രശംസ നടത്തുന്ന ഒരാൾക്ക് മുന്നിൽ അദ്ദേഹത്തിന്റെ സംഘാംഗം ഇതു തന്നെയല്ലേ ചെയ്യുക. പക്ഷേ, ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധയർഹിക്കുന്നു.

ട്രംപിന്റെ കുടിയേറ്റ നയത്തിനും മെക്‌സിക്കൻ അതിർത്തിയിൽ മതിൽ പണിയുന്നതടക്കമുള്ള അദ്ദേഹത്തിന്റെ ഭ്രാന്തൻ പദ്ധതികൾക്കുമെതിരെ അതിശക്തമായി പോരാടുന്ന നാല് യുവ കോൺഗ്രസ് അംഗങ്ങൾക്കെതിരെ ട്രംപ് നടത്തിയ വംശീയ പരാമർശം ലോകത്താകെ ചർച്ചയായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വാക് വൈഭവത്തെ കാർസൺ നിർലജ്ജം വാഴ്ത്തുന്നത്. “ദി സ്‌ക്വാഡ്” എന്നറിയപ്പെടുന്ന നാല് വനിതകൾ ട്രംപിന്റെ കടുത്ത വിമർശകരും ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളുമാണ്. മതിൽ പണിയാൻ പണം തേടി കോൺഗ്രസിൽ പ്രമേയം വന്നപ്പോൾ ട്രംപിനെ അവർ കുടഞ്ഞു.

അഭയാർഥികൾ അനുഭവിക്കുന്ന വേദനയും അവരെ സഹായിക്കാനുള്ള യു എസിന്റെ ബാധ്യതയും അവർ അത്യന്തം സഫോടനാത്മകമായ ഭാഷയിൽ അവതരിപ്പിച്ചു. ട്രംപ് ശരിക്കും പ്രകോപിതനായി. അദ്ദേഹം ട്വീറ്റ് ചെയ്തു: “ലോകത്തിലെ വൃത്തികെട്ട, അഴിമതി നിറഞ്ഞ, മഹാദുരന്തങ്ങളായ രാജ്യങ്ങളിൽ നിന്നുവരുന്ന “പുരോഗമന വാദികളായ” ഡെമോക്രാറ്റിക് വനിതാ അംഗങ്ങൾ ലോകത്തെ ഏറ്റവും ശക്തവും മഹോന്നതവുമായ രാജ്യമായ യു എസിലെ ജനങ്ങളോട് നമ്മുടെ രാജ്യം എങ്ങനെ നീങ്ങണമെന്ന് ഉറക്കെ പറയുന്നത് കാണാൻ കൗതുകമുണ്ട്. എന്തുകൊണ്ട് അവർ വന്ന അതേ രാജ്യങ്ങളിലേക്ക് തിരിച്ചു പോയി കുറ്റകൃത്യങ്ങൾ അരങ്ങേറുന്ന സ്ഥലങ്ങൾ ശരിയാക്കുന്നില്ല” ന്യൂയോർക്കിൽനിന്നുള്ള അംഗം അലക്‌സാൻഡ്രിയ ഒകാസിയോ കോർടെസ് എന്ന സ്പാനിഷ് വംശജ, സോമാലിയൻ അറബ് വംശജയും മിഷിഗണിൽ നിന്നുള്ള ജനപ്രതിനിധിയുമായ റാഷിദ തലൈബ്, മിനസോട്ടയിൽ നിന്നുള്ള സോമാലി വംശജ ഇൽഹാൻ ഉമർ, മസാച്ചുസെറ്റ്‌സിൽ നിന്നുള്ള അയാന പ്രസ്‌ലി എന്നിവരെയാണ് ട്രംപ് ക്രൂരമായ ഭാഷയിൽ അധിക്ഷേപിച്ചത്.

ട്രംപ് പറഞ്ഞതിന്റെ അർഥമെന്താണ്? ഈ വനിതകൾക്ക് യു എസിൽ കഴിയാൻ അർഹതയില്ല. അവരുടെ പിതാക്കൾ അല്ലെങ്കിൽ പിതാമഹൻമാർ എവിടെ നിന്നാണോ വന്നത് അവിടേക്ക് അവർ തിരിച്ചു പോകണം. അവർക്ക് അമേരിക്ക എന്താണെന്ന് അറിയില്ല. അമേരിക്ക എന്താകണമെന്ന് അവർ പഠിപ്പിക്കേണ്ടതില്ല. സ്വന്തം പൗരൻമാരെ കുറിച്ചാണ് ഇത് പറയുന്നതെന്നോർക്കണം. അവർ ഓടു പൊളിച്ച് യു എസ് കോൺഗ്രസിൽ എത്തിയവരല്ല. ജനവിധി നേരിട്ട് വന്നവരാണ്. അവരെയാണ് ഇത്തരത്തിൽ ആട്ടിയോടിക്കുന്നത്. ട്രംപിസത്തിന്റെ മുഴുവൻ അധമവികാരങ്ങളും ഈ ട്വീറ്റിൽ അടങ്ങിയിട്ടുണ്ട്. വെള്ളക്കാരന്റെ മേധാവിത്വമുണ്ട്. വംശാഭിമാനമുണ്ട്. സ്ത്രീവിരുദ്ധതയുണ്ട്. അമേരിക്കയെ കുറിച്ചുള്ള മിഥ്യാഭിമാനവും. കുടിയേറ്റം കൊണ്ട് മാത്രം രൂപപ്പെട്ട ഒരു രാജ്യത്തിന്റെ തലപ്പത്തിരുന്നാണ് ഇദ്ദേഹം ആട്ടിയോടിക്കൽ നടത്തുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളും അവരവരുടെ പൗരൻമാരുടെ വേരുകൾ ചികഞ്ഞ് ആട്ടിയോടിക്കാൻ തുടങ്ങിയാൽ എന്താകും സ്ഥിതി. ഏത് രാജ്യത്തിനാണ് വംശശുദ്ധിയുള്ളത്? അത്തരമൊരു ശുദ്ധിക്കായി മനുഷ്യരെ കൊന്നു തള്ളിയ ഹിറ്റ്‌ലർ ചരിത്രത്തിൽ എവിടെയാണുള്ളത്? ലോകത്തെ ഏറ്റവും സങ്കലിതമായ സമൂഹമുള്ളത് ഇന്ന് ജർമനിയിലല്ലേ?
ഈ ട്രംപിനെ നോക്കിയാണ് ആഫ്രോ- അമേരിക്കനായ ബെൻ കാർസൺ പറയുന്നത്, അങ്ങ് ദൈവമാണെന്ന്. ടെലിവിഷൻ ചർച്ചകളിൽ പ്രസിഡന്റിന്റെ ഭാഗം ന്യായീകരിക്കാൻ നിയോഗിക്കപ്പെട്ട കാർസൺ അൽപ്പം കൂടി കടന്നു പറഞ്ഞു: “എനിക്ക് അടുത്തറിയാവുന്ന വ്യക്തിയാണ് പ്രസിഡന്റ്. അദ്ദേഹം വംശീയവാദിയല്ല. അദ്ദേഹത്തിന്റെ വാക്കുകളിൽ വംശീയതയില്ല. അമേരിക്കയെ കുറിച്ചുള്ള ഉത്കണ്ഠ മാത്രമേയുള്ളൂ”.

അൽപ്പം മയത്തിൽ സംസാരിക്കാമായിരുന്നുവെന്ന് ട്രംപിനോട് ചില റിപ്പബ്ലിക്കൻ നേതാക്കൾ പിന്നീട് പറഞ്ഞിരുന്നു. അദ്ദേഹം ചെവി കൊണ്ടില്ലെന്ന് മാത്രമല്ല, കൂടുതൽ അപകടകരമായും ആഭാസകരമായും ഇതേ ആശയം ആവർത്തിച്ചു. നോർത്ത് കരോലിനയിൽ ബുധനാഴ്ച നടന്ന റാലിയായിരുന്നു വേദി. ദി സ്‌ക്വാഡിലെ വനിതകളോട് ഞാൻ എന്ത് പറയണമെന്ന് അദ്ദേഹം ഇളകി മറിയുന്ന സദസ്സിനോട് ചോദിച്ചു. എന്നിട്ട് പേരുകൾ ഓരോന്നായി വായിച്ചു. ഇൽഹാൻ ഉമറിന്റെ പേരെത്തിയപ്പോൾ ഒന്നു നിർത്തി, സദസ്സിനെ നോക്കി. അപ്പോൾ ആയിരങ്ങൾ അലറി: സെൻഡ് ഹെർ ബാക്ക്, സെൻഡ് ഹെർ ബാക്ക്. ട്രംപിന്റെ മുഖത്ത് നിഗൂഢമായ വിഡ്ഢിച്ചിരി വിടർന്നു.

കാർസണെപ്പോലുള്ള അടിമകൾ എത്ര ന്യായീകരിച്ചാലും ട്രംപിന്റെ വംശീയ അജൻഡ മറച്ചു വെക്കാനാകില്ല. മറച്ചു വെക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുമില്ല. 2020ലേക്കുള്ള അദ്ദേഹത്തിന്റെ ആയുധം 2015ലേത് തന്നെയാണ്. അവരെ തിരിച്ചയക്കൂ എന്നതായിരിക്കും അദ്ദേഹത്തിന്റെ മുദ്രാവാക്യം. വെള്ളക്കാർ മാത്രമുള്ള ഒരു അമേരിക്കക്കായി അദ്ദേഹം അശ്വമേധം തുടങ്ങുമ്പോൾ എല്ലാ വിമർശങ്ങളും അദ്ദേഹത്തിന് വിജയത്തിലേക്കുള്ള ചവിട്ടു പടിയാകും.
2015ൽ അതാണ് കണ്ടത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള പ്രൈമറികൾ നടക്കുന്ന സമയം. റിപ്പബ്ലിക്കൻ സ്ഥാനാർഥി പട്ടികയിലെ പലരിൽ ഒളായിരുന്നു അന്ന് ഡൊണാൾഡ് ജെ ട്രംപ് എന്ന കോടീശ്വരൻ. അന്ന് അമേരിക്കൻ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞ ഒരു ഹാഷ് ടാഗ് ലോകത്തിന്റെയാകെ ശ്രദ്ധ പിടിച്ചു പറ്റി.

സാമ്പത്തികമായും സൈനികമായും സാംസ്‌കാരികമായി പോലും ലോകത്തിന്റെ നേതൃസ്ഥാനം കൈയടക്കി വെച്ച അമേരിക്കൻ ഐക്യ നാടുകളിൽ നിന്ന് കേൾക്കാവുന്ന ഏറ്റവും മനോഹരമായ വാചകമായിരുന്നു അത്. യു എയിന്റ് നോ അമേരിക്കൻ, ബ്രോ (ബ്രോ, താങ്കൾ അമേരിക്കക്കാരനല്ല) എന്നായിരുന്നു അത്. ട്രംപിനെ നോക്കിയാണ് അമേരിക്കയിലെ ബൗദ്ധിക സമൂഹവും ആക്ടിവിസ്റ്റുകളും ജനാധിപത്യവാദികളും ഈ ഹാഷ് ടാഗ് പങ്കുവെച്ചത്. മുസ്‌ലിം വിരുദ്ധതയുടെ വിഷം വമിക്കുന്ന വാക്കുകൾ ഒരു മറയുമില്ലാതെ പുറത്തേക്കൊഴുക്കിയപ്പോൾ ട്രംപിനെ തുറന്ന് കാണിക്കാൻ ഈ ഒരൊറ്റ വാചകം പര്യാപ്തമായിരുന്നു.

ലക്ഷക്കണക്കിനാളുകൾ ഈ ഹാഷ്ടാഗിന് ചുവട്ടിൽ അണിനിരന്നു. വംശീയതയും സ്ത്രീവിരുദ്ധതയും കുടിയേറ്റവിരുദ്ധതയും തീവ്രദേശീയതയും വാരി വിതറി അമേരിക്കൻ ചരിത്രത്തിലെന്നല്ല ആഗോളതലത്തിൽ തന്നെ ഏറ്റവും മലിനമായ ഒരു പ്രചാരണ കാലത്തിനാണ് ട്രംപും കൂട്ടരും അന്ന് തുടക്കം കുറിച്ചത്. അക്കൂട്ടത്തിൽ ട്രംപ് നടത്തിയ ഒരു പ്രസംഗമാണ് “യു എയിന്റ് നോ അമേരിക്കൻ” ഹാഷ് ടാഗിന് കാരണമായത്. ട്രംപ് പറഞ്ഞതിതാണ്: മുസ്‌ലിംകൾ അമേരിക്കൻ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. മുസ്‌ലിംകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുത്. സന്ദർശനത്തിനെത്തുന്നവരെ വരെ വിലക്കണം. രാജ്യത്ത് മുസ്‌ലിംകളുടെ എണ്ണം കൂടുന്നത് അപകടകരമാണ്. ആളുകളെ മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരാണ് മുസ്‌ലിംകൾ”. യോർക്ക് ടൗണിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു ഈ ആക്രോശം.
അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ മുതൽ റിപ്പബ്ലിക്കൻ നേതാവ് ജെബ് ബുഷ് വരെയുള്ള സർവരും ട്രംപിനെ ബുദ്ധിശൂന്യനെന്നും കിറുക്കനെന്നും പരദൂഷണക്കാരനെന്നും വിളിച്ചു. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ട്രംപിന് എതിരാളിയായി വന്ന ഹിലാരി ക്ലിന്റൺ തന്റെ പ്രസംഗങ്ങളിലുടനീളം ട്രംപിന്റെ മുസ്‌ലിം വിരുദ്ധ പരാമർശം ആവർത്തിച്ചു. അതിവേഗം രാഷ്ട്രീയ അജൻഡ സെറ്റാകുകയായിരുന്നു. ട്രംപിന്റെത് കിറുക്കല്ല, കൃത്യതയാർന്ന രാഷ്ട്രീയ നീക്കമായിരുന്നുവെന്ന് വഴിയേ വ്യക്തമായി. വിവാദ പ്രസ്താവനക്ക് മുമ്പ് 32 ശതമാനമായിരുന്ന ട്രംപിന്റെ ജനപ്രീതി 40 ശതമാനമായി ഉയർന്നു. അദ്ദേഹം റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി. ദേശീയ സുരക്ഷിതത്വം എന്ന വിഷയത്തിലേക്ക് വരാൻ ഹിലാരി ക്ലിന്റൺ നിർബന്ധിതയായി. തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഉയരേണ്ട എല്ലാ ജനകീയ ചോദ്യങ്ങളും അസ്തമിക്കുകയും വംശീയതയും അതി ദേശീയതയും മാത്രം ഉദിച്ചു നിൽക്കുകയും ചെയ്തു. കൊളംബസിലും അമരിഗോ വെസ്പൂച്ചിയിലും തുടങ്ങുന്ന വൈറ്റ് ഇൻവേഷന്റെ വേരുകൾ എക്കാലത്തും ഉണ്ടായിരുന്നു. ഇത്തിരി നനവ് മതിയായിരുന്നു അവ തഴച്ച് വളരാൻ. എല്ലാതരം കുടിയേറ്റത്തെയും അതിക്രൂരമായി തള്ളിപ്പറയുന്ന പുതിയ കാലത്തിന് പറ്റിയ സ്ഥാനാർഥി തന്നെയായിരുന്നു ടൊണാൾഡ് ട്രംപ്.

ആദ്യത്തെ കറുത്ത പ്രസിഡന്റായി ബരാക് ഒബാമയെ തിരഞ്ഞെടുത്തത് പ്രതിച്ഛായാ നിർമിതിയുടെ ഭാഗമായിരുന്നുവെന്നും അത് അമേരിക്കൻ വൈറ്റ്‌സിന്റെ സൗമനസ്യം മാത്രമായിരുന്നുവെന്നും വ്യക്തമാകുകയായിരുന്നു. ബരാക് ഒബാമയിൽ സംഭവിച്ച “തെറ്റിന്” അമേരിക്കൻ ജനതക്ക് പ്രായശ്ചിത്തം ചെയ്യണമായിരുന്നു. അതുകൊണ്ട് അമേരിക്കൻ മാധ്യമങ്ങളൊന്നടങ്കം അതിരൂക്ഷമായി വിമർശിച്ചിട്ടും വലിയ സ്വാധീന ശക്തിയുള്ള ഒപീനിയൻ ലീഡേഴ്‌സ് നിരന്തരം എതിർ പ്രചാരണം നടത്തിയിട്ടും ട്രംപ് തന്നെ ജയിച്ചു വന്നു. “ബ്രോ, യു ആർ ദി റിയൽ അമേരിക്കൻ” എന്നാണ് പോളിംഗ് ബൂത്തുകൾ നിശ്ശബ്ദം അലറിയത്. ഇന്ത്യയിൽ നരേന്ദ്ര ദാമോദർദാസ് മോദിയുടെ ഒന്നാമൂഴത്തിലും കൂടുതൽ ആധികാരികമായ രണ്ടാമൂഴത്തിലും ഇതേ രാഷ്ട്രീയ സുനാമിയാണല്ലോ സംഭവിച്ചത്. ഇന്ത്യൻ ബഹുസ്വരതക്കും ഉൾക്കൊള്ളൽ പാരമ്പര്യത്തിനും ചേരാത്തയാളാണ് മോദിയെന്നും ഇന്ത്യയെന്ന ആശയത്തിൽ സംഘ് രാഷ്ട്രീയത്തിന് ഇടമില്ലെന്നും ഓർമപ്പെടുത്തിയത് ഈ രാജ്യത്തെ ഏറ്റവും ഉന്നതരായ കവികളും എഴുത്തുകാരും ചിന്തകരും ജനാധിപത്യവാദികളുമായിരുന്നുവല്ലോ.
2019ൽ എത്തുമ്പോൾ അമേരിക്കയും ഇന്ത്യയും മാത്രമല്ല, ലോകത്താകെ വിദ്വേഷ രാഷ്ട്രീയം വലിയ വിജയങ്ങൾക്ക് തയ്യാറെടുക്കുകയാണ്. അടുത്ത വർഷം വീണ്ടും പ്രസിഡന്റ് തിരwഞ്ഞെടുപ്പ് നടക്കാനിരിക്കെ തന്റെ രണ്ടാമൂഴമുറപ്പിക്കാൻ പുതുതായി ഒരു ആയുധവും പുറത്തെടുക്കേണ്ടതില്ല ട്രംപിന്. (മോദിയും രണ്ടാമൂഴത്തിന് ഒന്നും പുതുതായി ചെയ്തിട്ടില്ല. അതേ പാക്കിസ്ഥാൻ. പൗരത്വ രജിസ്റ്റർ, രാമൻ, മുത്വലാഖ്, ഖബർസ്ഥാൻ/ ശ്മശാനം, പശു) അമേരിക്ക എത്തി നിൽക്കുന്ന കടുത്ത വ്യാപാര, സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടതില്ല. ആരോഗ്യ പരിരക്ഷാ സംവിധാനം തകർത്തതിലും ഉത്തരം വേണ്ട. ഇസ്‌റാഈലിനെ കൂടുതൽ അപകടകാരിയാക്കിയതിനെക്കുറിച്ച് ചോദ്യമേയില്ല. അഭയാർഥികളുടെ കണ്ണീരിനും വിലയില്ല. അവരെ പുറത്താക്കുക എന്ന ആക്രോശത്തിൽ എല്ലാം മുങ്ങിപ്പോകും. ഈ കുറിപ്പിന്റെ തുടക്കത്തിൽ ചേർത്ത കവിതാശകലം “Send her back” ആക്രോശത്തിന് മറുപടിയായി ഇൽഹാൻ ട്വീറ്റ് ചെയ്തതാണ്. എത്ര ശക്തമായ മറുപടി.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്