അവസാനിക്കാത്ത ദളിത് വേട്ട; പുതിയ ആക്രമണ വാര്‍ത്ത യോഗിയുടെ യു പിയില്‍ നിന്ന്

Posted on: July 20, 2019 9:01 pm | Last updated: July 21, 2019 at 9:57 am

ബാരബാങ്കി: രാജ്യത്തെ ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരെ ഉത്തരേന്ത്യയിലെ ആസൂത്രിത ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു. പശുക്കടത്ത് ആരോപിച്ച് ബീഹാറില്‍ മൂന്ന് പേരെ അടിച്ച് കൊന്ന് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്ന് ഒരു ദിവസം തികയുന്നതിനിടെ അടുത്ത ആക്രമണം ഉണ്ടായിരിക്കുകയാണ്. യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ നിന്നാണ് പുതിയ വാര്‍ത്ത.

കള്ളനെന്ന് ആരോപിച്ച് ദളിത് യുവാവിനെ നഗ്‌നനാക്കി നിര്‍ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകളൊത്തിയ ദാരുണ സംഭവമാണ് യു പിയിലുണ്ടായത്. യു പിയിലെ ബാരബങ്കി സ്വദേശി സുജിത് കുമാര്‍ (28) ആണ് ദാരുണ പീഡനത്തിന് ഇരയായത്.

വ്യാഴാഴ്ച രാത്രി ഭാര്യ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാലാംഗ സംഘം സുജിതിനെ അക്രമിച്ചത്. രഘുപൂര്‍വ്വ ഗ്രാമത്തിലൂെ സഞ്ചരിക്കുന്നതിനിടെ തെരുവ് നായ്ക്കള്‍ അക്രമിക്കാന്‍ വന്നപ്പോള്‍ സുജിത് സമീപത്തെ ഒരു വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതുവഴി വന്ന നാലംഗ സംഘം സുജിതിനെ കള്ളന്‍ എന്ന് ആരോപിച്ച് പിടികൂടി. സുജിത് സംഭവിച്ചത് പറഞ്ഞെങ്കിലും ഇവര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. സുജിതിനെ നഗ്നനാക്കി നിര്‍ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

സുജിതിന്റെ നിലവിളി കേട്ട് ഓടിയത്തിയവരില്‍ ഒരാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി. 30 ശതമാനം പൊള്ളലേറ്റ സുജിതിനെ പോലീസാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹം ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.

സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത ശ്രാവണ്‍ കുമാര്‍, ഉമേഷ്, റാം ലഖാന്‍ എന്നിവരടക്കം നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.