ഹജ്ജ് ക്യാമ്പിനു പരിസമാപ്തി

Posted on: July 20, 2019 1:04 pm | Last updated: July 20, 2019 at 1:04 pm
കരിപ്പൂർ ഹജ്ജ് ക്യാമ്പിന്റെ സമാപനം മന്ത്രി കെ ടി ജലീൽ ഉദ്ഘാടനം ചെയ്യുന്നു. പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, ജിഫ്രി മുത്തു കോയ തങ്ങൾ,
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സി മുഹമ്മദ് ഫൈസി സമീപം

കൊണ്ടോട്ടി: സംസ്ഥാന ചരിത്രത്തിലാധ്യമായി ഏറ്റവും കൂടുതൽ പേർ ഹജ്ജിനു പുറപ്പെട്ട ഈ വർഷത്തെ ഹജ്ജ് ക്യാമ്പിനു ഇന്നലെ ഔദ്യോഗിക പരിസമാപ്തി. രണ്ട് വിമാനങ്ങളിലായി ഇന്നലെ 599 പേർ യാത്ര പുറപ്പെട്ടു. സമാപന സംഗമത്തിൽ സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. സംസ്ഥാന ഹജ്ജ് കാര്യ മന്ത്രി കെ ടി ജലീൽ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

പൊന്മള അബ്്ദുല്‍ ഖാദര്‍ മുസ്്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു.

ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു. പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര ഹജ്ജ് കമ്മിറ്റി ആക്ടിംഗ് ചെയർമാൻ ജിന നബി ശൈഖ്, കുഞ്ഞ് മുഹമ്മദ് പറപ്പൂർ, പി വി അബ്ദുൽ വഹാബ് എം പി, എംഎൽ എ മാരായ ടി വി ഇബ്‌റാഹീം, പി അബ്ദുൽ ഹമീദ്, പി കെ ബശീർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം പി കെ അഹ്മദ്, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുസമ്മിൽ ഹാജി, മുഹമ്മദ് ഖാസിം കോയ, ബഹാഉദ്ദീൻ നദ്‌വി, എൽ സുലൈഖ, എം എസ് അനസ്, മുസ്‌ലിയാർ സജീർ, അസി. സെക്രട്ടറി ടി കെ അബ്ദു റഹ്മാൻ, ഹജ്ജ് സെൽ ഓഫീസർ എസ് നജീബ് തുടങ്ങിയവർ സംബന്ധിച്ചു. ഹജ്ജ് കമ്മിറ്റി അംഗം പി അബ്ദുർറഹ്‌മാൻ നന്ദി പറഞ്ഞു.

ജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പ്രസംഗിക്കുന്നു

ഇന്നലെ 599 പേർ യാത്ര തിരിച്ചതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന രണ്ടു എംബാർക്കേഷൻ പോയിന്റുകളിൽ നിന്നായി ഹജ്ജിനു പുറപ്പെട്ടവരുടെ എണ്ണം 12624 ആയി. ഇതിൽ 5093 പുരുഷന്മാരും 7531 സ്ത്രീകളുമാണ്. ഇവർക്കൊപ്പം16 കുട്ടികളും പുണ്യ ഭൂമിയിൽ എത്തി. 2750 ഹാജിമാർ നെടുമ്പാശ്ശേരി വഴിയാണ് പുറപ്പെട്ടത്.
കരിപ്പൂരിൽ നിന്നു സഊദി എയർലൈൻസിന്റെ 37 സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഇതിൽ 33 സർവീസുകൾ പൂർത്തിയായി. നെടുമ്പാശ്ശേരിയൽ നിന്ന് എയർ ഇന്ത്യയുടെ 8 ചാർട്ടേഡ് സർവീസുകളുമാണ് നടത്തിയത്. ഹാജിമാർക്കുള്ള അഞ്ച് ലിറ്റർ സംസം വെള്ളം മടക്ക യാത്രയിൽ അതത് എംബാർക്കേഷൻ പോയിന്റുകളിൽ വെച്ച് നൽകുന്നതായിരിക്കും. ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 3 വരെയാണ് മടക്ക യാത്ര.

കേന്ദ്ര ഹജ്ജ് കമ്മിറ്റി ആക്ടിങ്ങ് ചെയര്‍മാന്‍ ജിന നബി ശൈഖ് ആശംസകള്‍ അറിയിക്കുന്നു.

രണ്ട് എംബാർക്കേഷൻ പോയിന്റ് എന്നതും കേരളത്തിന് ആദ്യമാണ്. 15 ദിവസം നീണ്ടു നിന്ന ഹജ്ജ് ക്യാമ്പിൽ ഹാജിമാർക്ക് മികച്ച രീതിയിലുള്ള സൗകര്യമാണ് ഒരുക്കിയത്. ഹാജിമാർ ക്യാമ്പിൽ എത്തിയത് മുതൽ കൃത്യവും കാര്യക്ഷമവുമായിട്ടായിരുന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനം. പരാതിരഹിത ക്യാമ്പ് എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്. ലഗേജ്, രജിസ്‌ട്രേഷൻ, ഹജ്ജ് സെൽ, മെഡിക്കൽ, ഫുഡ് ആൻഡ് അക്കമഡേഷൻ, തസ്‌കിയത്ത്, ട്രാഫിക്ക്, ഹൗസ് കീപ്പിംഗ്, പോലീസ്, ഫയർ, എയർലൈൻസ്, തുടങ്ങി വിവിധ സമിതികളിലായിട്ടാണ് ക്യാമ്പിൽ പ്രവർത്തനങ്ങൾ നടന്നത്. ഒരേ ദിവസം 1200 ഓളം ഹാജിമാരെ വരെ ക്യാമ്പിൽ സ്വീകരിച്ച് യാതൊരു പ്രയാസവും കൂടാതെ യാത്രയാക്കാനായത് എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രയത്‌നത്തിന്റെ ഫലമാണ്. നിരവധി മതപണ്ഡിതന്മാരുടെ ഉദ്‌ബോധനവും പ്രാർഥനയും കക്ഷി രാഷ്രട്രീയ ഭേദമന്യേ പ്രമുഖരുടെ സാന്നിധ്യവും ക്യാമ്പിനെ പ്രൗഢമാക്കി.